തമിഴകത്തെ ‘ബാഹുബലി’ ആകാന്‍ ഇളയദളപതിയുടെ പുലി

ഇളയദളപതിയുടെ ഫാന്‍റസി ചിത്രമെന്ന വിശേഷണവുമായാണ് ‘പുലി’ എത്തുന്നത്. മാസ് ഡയലോഗുകളോ വെട്ടോ കുത്തോ ഒന്നുമില്ലാതെ ഒരു ഫാന്‍റസി ത്രില്ലര്‍ ഗണത്തില്‍പ്പെടുന്ന ചിത്രമാണ് ചിമ്പുദേവന്‍ അണിയിച്ചൊരുക്കിയ പുലി.

രാജമൗലിയുടെ ബ്രഹ്മാണ്ഡചിത്രം പോലെ തമിഴില്‍ മറ്റൊരു ബാഹുബലിയാകുമോ പുലിയെന്നാണ് ഇപ്പോള്‍ തമിഴ് സിനിമാലോകം ഉറ്റുനോക്കുന്നത്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ പുലിയുടെ ട്രെയിലറിന് ലഭിക്കുന്ന പ്രതികരണവും ഇതാണ് സൂചിപ്പിക്കുന്നത്.

2014 നവംബറില്‍ ഷൂട്ടിങ്ങ് ആരംഭിച്ച പുലി വിജയിയുടെ അന്‍പത്തിയെട്ടാമത് ചിത്രം കൂടിയാണ്. എസ്‌കെടി കമ്പയിന്‍സിന്റെ ബാനറില്‍ ഷിബു തമാന്‍സും, പിടി ശെല്‍വകുമാറും ചേര്‍ന്ന് നിര്‍മിച്ച ചിത്രത്തില്‍ ശ്രുതി ഹാസന്‍, ഹന്‍സിക മോട്വാനി എന്നിവരാണ് നായികമാര്‍.തായ്‌ലന്‍ഡില്‍ നിന്നുളള സ്റ്റണ്ട് കൊറിയോഗ്രാഫര്‍ യോങ് ആണ് പുലിയുടെ ആക്ഷന്‍ രംഗങ്ങളുടെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. സതുരംഗ വേട്ടൈ സിനിമയിലൂടെ ശ്രദ്ധേയനായ നടരാജന്‍ സുബ്രഹ്മണ്യന്‍ ആണ് ഛായാഗ്രഹണം. ദേവീ ശ്രീ പ്രസാദ് സംഗീതം നിര്‍വഹിക്കുന്നു.

ശങ്കര്‍ ചിത്രം ഐയുടെ കലാസംവിധാനം നിര്‍വഹിച്ച ടി. മുത്തുരാജ് ആണ് പുലിയുടെ ആര്‍ട് ഡയറക്ടര്‍. ബാഹുബലി, ഈഗ തുടങ്ങിയ ചിത്രങ്ങളുടെ സ്പെഷല്‍ ഇഫക്ടിന് പങ്കാളികളായിരുന്ന മകുതയാണ് വിഎഫ്എക്സ് കൈകാര്യം ചെയ്യുന്നത്.

2011ല്‍ ധനുഷിനെ നായകനാക്കി ചിത്രമൊരുക്കാനായിരുന്നു ചിമ്പുദേവന്‍റെ ആദ്യ പദ്ധതി. അന്ന് മാരീശന്‍ എന്നായിരുന്നു ചിത്രത്തിന് പേരിട്ടിരുന്നത്. യു.ടി.വി നിര്‍മിക്കാനിരുന്ന ചിത്രം പിന്നീട് പലകാരണങ്ങളാല്‍ മുടങ്ങി. അതിന് ശേഷമാണ് പുലി എന്ന പേരില്‍ ഇതേ പ്രോജക്ട് വിജയിയെ നായകനാക്കി ചിമ്പുദേവന്‍ തീരുമാനിക്കുന്നത്.

വിനായക ചതുര്‍ത്ഥിയോട് അനുബന്ധിച്ച് സെപ്റ്റംബര്‍ 17നാണ് പുലിയുടെ റിലീസ്. തൊണ്ണൂറുകോടി മുതല്‍മുടക്കില്‍ നിര്‍മാണം പൂര്‍ത്തിയായ ചിത്രത്തിലെ ഒരു ഗാനരംഗത്തിന് മാത്രം അഞ്ചുകോടി രൂപയാണ് ചെലവാക്കിയിരിക്കുന്നത്. വിജയ് രണ്ട് ഗെറ്റപ്പില്‍ പ്രത്യക്ഷപ്പെടുന്ന ചിത്രം കുട്ടികള്‍ക്ക് മുതിര്‍ന്നവര്‍ക്കും ഒരുപോലെ ആസ്വദിക്കാവുന്ന രീതിയിലാണ് ഒരുക്കിയിരിക്കുന്നതെന്ന് കേള്‍ക്കുന്നു. ഗ്ലാമറിന് ചൂടുകൂട്ടാന്‍ ഹന്‍സികയും ശ്രുതിയുമുണ്ട്. ശ്രീദേവി, പ്രഭു, കിച്ച സുദീപ്, തന്പി രാമയ്യ, നന്ദിത തുടങ്ങിയവരാണ് മറ്റുതാരങ്ങള്‍.