സഹോദരിയുടെ വിയോഗം വിജയിയെ മാറ്റി മറിച്ചു

നടന്മാർ കാരവാനിൽ കിടക്കുന്നതു വാർത്തയല്ല. എന്നാൽ തറയിൽ കിടന്നാലോ. അതു വാർത്തയാകും. നടൻ വിജയ് കത്തി സിനിമയുടെ സെറ്റിൽ തറയിൽ കിടക്കുന്ന പടം വന്നതു വലിയ വാർത്തയായിരുന്നു. എന്നാൽ വിജയ് തറയിൽ കിടക്കുന്നത് ആദ്യമായി അല്ലായിരുന്നു.

പണ്ടു മുതൽ തന്റെ സിനിമകളിലെ ഫൈറ്റ് സീനുകൾ ഷൂട്ട് ചെയ്തു കഴിഞ്ഞാൽ താരം ഹോട്ടലിൽ ആയാലും വീട്ടിൽ ആയാലും രണ്ടു ദിവസം തറയിൽ മാത്രമേ കിടക്കൂ. അതിന്റെ കാരണം സ്വന്തം ഭാര്യയോടു പോലും ഇതുവരെ പറഞ്ഞിട്ടില്ല വിജയ്.

ഭാര്യ സംഗീത തന്നെയാണ് ഇക്കാര്യം ഒരു തമിഴ് ചാനലിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞത്. കൂടാതെ ദേഷ്യം വന്നാൽ ഒന്നും മിണ്ടാതെ ഇറങ്ങിപ്പോകുന്നതാണു വിജയ് യുടെ ശീലമത്രേ. പിന്നീടു കുസൃതിച്ചിരിയുമായിട്ടാവും വീട്ടിലേക്കുള്ള മടങ്ങിവരവ്. വന്നാൽ അടുക്കളയിൽ കയറി പാചകം ഉൾപ്പെടെ നടത്തി ആകെ ജോളി മൂഡിലായിരിക്കും കക്ഷി.

സഹോദരി വിദ്യയുടെ മരണത്തിനു മുൻപു വരെ വളരെ ജോളിയായിരുന്ന വിജയ് അതിനുശേഷമാണ് സൈലന്റ് ആയതെന്നും ഇപ്പോഴും സഹോദരിയുടെ കാര്യം പറഞ്ഞാൽ കണ്ണ് നിറഞ്ഞുപോകാറുണ്ടെന്നും സംഗീത പറയുന്നു.