Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘അന്നു ഞാൻ വരും അഭിമാനത്തോടെ’: ഭാവന സയനോരയോട് പറഞ്ഞത്

ഏതൊക്കെ ഈണങ്ങളാണ് തന്നെ തേടിവരികയെന്ന് ഒരു ഗായകനോ ഗായികയ്‌ക്കോ ഒരു തീര്‍ച്ചയുമുണ്ടാകില്ല. പക്ഷേ അതിനപ്പുറം ചില കാര്യങ്ങള്‍ കൂടി ജീവിതത്തിലേക്കു കടന്നുവരുമ്പോള്‍ ഇനി പാടാനിരിക്കുന്ന ചില പാട്ടുകള്‍ പോലെ നിറമുള്ളതാകും ജീവിതവും, സയനോരയുടേതു പോലെ. കണ്ണൂരു നിന്ന് ഗിത്താറും വായിച്ചെത്തിയ സയനോര പിന്നണി ഗായികയായി, അഭിനേത്രിയായി, പിന്നെ ഡബ്ബിങ് ആര്‍ടിസ്റ്റും ഇപ്പോള്‍ സംഗീത സംവിധായികയുമായി. ‘കുട്ടന്‍പിള്ളയുടെ ശിവരാത്രി’ എന്ന ചിത്രത്തത്തിലൂടെ സംഗീത സംവിധായികയായി അരങ്ങേറ്റം കുറിച്ച സയനോര മനോരമ ഒാൺലൈനിനോട് സംസാരിക്കുന്നു.

Sayanora

സംഗീതസംവിധാനത്തിലെ ഹരിശ്രീ ?

ഈ ചിത്രത്തിന്റെ സംവിധായകന്‍ ജീന്‍ മാര്‍ക്കോസും ഞാനുമായി നല്ല സൗഹൃദത്തിലാണ്. എയ്ഞ്ചല്‍സ് എന്ന ചിത്രം സംവിധാനം ചെയ്തതും ജീനാണ്. റേഡിയോ ജോക്കി കൂടിയാണ് ആൾ. ദുബായിൽ വരുമ്പോള്‍ കാണാം എന്നു പറഞ്ഞിരുന്നു. അങ്ങനെ ഒരിക്കല്‍ അവിടെയെത്തിയപ്പോള്‍ ഒരു കഫെറ്റീരയയില്‍ വച്ച് കണ്ടുമുട്ടി. വന്ന ഉടനെ ജീൻ ഒരു സിനിമയുടെ കഥ പറയാന്‍ തുടങ്ങി. ഇവന്‍ ഇതെന്തിനാ എന്നോടു പറയുന്നതെന്നോര്‍ത്തു കൊണ്ട് ഞാന്‍ കേട്ടിരുന്നു. അവസാനം ഞാന്‍ ചോദിച്ചു, ഇതൊക്കെ എന്തിനാണ് എന്നോടു പറയുന്നതെന്ന്. അപ്പോഴാണ് കക്ഷി വളരെ കൂള്‍ ആയി മറുപടി പറഞ്ഞത്, ഇതിന്‌റെ മ്യൂസിക് നീയാണല്ലോ ചെയ്യുന്നതെന്ന്. വേറെ ആരെയെങ്കിലും ഏല്‍പ്പിച്ചു കൂടേ...വേറെ ആരെയും കിട്ടിയില്ലേ...വേറെ പണിയൊന്നുമില്ലേ എന്നൊക്കെ ഒരു നൂറു വട്ടം ചോദിച്ചിട്ടുണ്ട് അവനോട്. പക്ഷേ ജീൻ അതൊന്നും കാര്യമാക്കിയതേയില്ല, എനിക്കങ്ങനെ തോന്നി, നീ ചെയ്താല്‍ മതി എന്നൊക്കെയുള്ള നിലപാടിലായിരുന്നു കക്ഷി. സംഗീത സംവിധായകന്‍ പറയുന്നതു പോലെ പാടിയുള്ള ശീലമേയുള്ളൂ. ആകെയുള്ള പരിചയം ഉയിരേ എന്ന മ്യൂസിക് വിഡിയോ ചെയ്തതാണ്. ഉയിരേയ്ക്കു ശേഷം ഒരു ഇംഗ്ലീഷ് ഡിവോഷണല്‍ ഗാനം ഞാന്‍ എഴുതി പാടിയിരുന്നു. അതുകണ്ടിട്ടാണ് അവന്‍ എന്നെ തന്നെ മ്യൂസിക് ഡയറക്ടറായി തീരുമാനിച്ചത്. ഞാന്‍ ഓരോ പാട്ടും ആവിഷ്‌കരിക്കുന്ന(Rendering) രീതി വ്യത്യസ്തമാണെന്നാണ് അവന്റെ നിരീക്ഷണം. എന്താകുമെന്ന് കണ്ടറിയാം. അവസരങ്ങളോടു നോ പാടില്ല എന്നതാണ് എന്റെ പോളിസി. അന്നും ഇന്നും ഒരു പാട്ട് പാടാന്‍ കിട്ടുമ്പോള്‍ ആദ്യമായി പാട്ടു പാടുന്നതിന്റെ ആകാംക്ഷയാണ്. പുതിയതായി എന്തെങ്കിലും ചെയ്യുമ്പോൾ എന്തായിരിക്കും എന്നു പറയേണ്ടില്ലല്ലോ. 

സിനിമയിലെ ഗാനങ്ങളെക്കുറിച്ച് ?

ചിത്രത്തില്‍ നാല് പാട്ടുകളാണുള്ളത്. വിവിധ തരത്തിലുള്ള നാലു ഗാനങ്ങള്‍. ഇതില്‍ സുരാജ് വെഞ്ഞാറമൂട് പാടിയ ഒരു പാട്ടുണ്ട്്. ആ പാട്ട് ഞാന്‍ തന്നെയാണ് എഴുതിയതും. അന്‍വര്‍ അലിയാണ് ബാക്കി രണ്ടു പാട്ടുകള്‍ എഴുതിയത്. ഞാന്‍ പാടേണ്ടതില്ലെന്നു തീരുമാനിച്ചതാണ്. പക്ഷേ അവസാനം സുരാജ് വെഞ്ഞാറമൂട് പാടിയ പാട്ടിന്റെ ഫീമെയ്ല്‍ വേര്‍ഷന്‍ പാടാന്‍ സംവിധായകന്‍ പറഞ്ഞു. സുരാജ് ചേട്ടനുമൊത്തുള്ള റെക്കോഡിങ് മറക്കാനാകില്ല. സിനിമയുടെ എന്‍ഡ് ക്രെഡിറ്റില്‍ ആ ഗാനം എത്തും. ബാക്കിയുള്ള പാട്ടുകളും മികച്ചതാണെന്നാണ് വിശ്വാസം.

സയനോര

പശ്ചാത്തല സംഗീതം ഒരുക്കിയതിനെക്കുറിച്ച് ?

ആ ജോലിയില്‍ നിന്ന് പരമാവധി രക്ഷപ്പെടാന്‍ നോക്കിയെങ്കിലും നടന്നില്ല. പാട്ടുകള്‍ ചെയ്യുന്നതു പോലെ എളുപ്പമല്ല പശ്ചാത്തല സംഗീതം. ഞാന്‍ വെള്ളം കുടിക്കും ഉറപ്പാ. പിന്നെ സംഗീത സംവിധാനം ചെയ്തുവെങ്കിലും അതിന്‌റെ ക്രെഡിറ്റ് എനിക്കു മാത്രം അവകാശപ്പെട്ടതല്ല. എല്ലാം ഞാന്‍ ഒറ്റയ്ക്കു ചെയ്ത കാര്യമല്ല. നല്ല വാദ്യോപകരണ വിദഗ്ധര്‍, സൗണ്ട് എഞ്ചിനീയര്‍മാര്‍, സംവിധായകന്‍, അങ്ങനെ വലിയൊരു സംഘത്തിന്‌റെ പ്രവര്‍ത്തനത്തിന്റെ ഫലമാണ് അത്.

സംഗീതം സദസ്സ് കേട്ട ദിവസത്തെക്കുറിച്ച് ?

ഓഡിയോ ലോഞ്ചിന്റെ ദിവസമടുക്കും തോറും ചെറിയ പേടിയും സന്തോഷവും ആകാംക്ഷയും എല്ലാം കൂടിക്കലര്‍ന്നൊരു അനുഭവമായിരുന്നു. ഓഡിയോ ലോഞ്ചിന്റെ തലേനാള്‍ ആയപ്പോള്‍, നാളെ നിന്റെ ദിവസം ആണെന്നൊക്കെ പറഞ്ഞ് എല്ലാവരും കൂടി പേടിപ്പിക്കാന്‍ തുടങ്ങി. സ്വപ്‌നം പോലെയായിരുന്നു ഓഡിയോ ലോഞ്ച്. എന്‌റെ ജീവിതത്തിലെ മറക്കാനാകാത്ത ദിനം. എന്റെ വലിയൊരു ആരാധകനാണ് എന്ന് ഫഹദ് ഫാസില്‍ പറഞ്ഞു. പിന്നെ വിജു(വിജയ് യേശുദാസ്) പാട്ട് ഒത്തിരിയിഷ്ടപ്പെട്ടുവെന്ന പറഞ്ഞു. അങ്ങനെ പ്രതീക്ഷിച്ചിരിക്കാത്ത കുറേ നല്ല നിമിഷങ്ങള്‍ സമ്മാനിച്ചാണ് ഓഡിയോ ലോഞ്ച് കടന്നു പോയത്. 

നടി ആക്രമിക്കപ്പെട്ട സംഭവത്തിനു ശേഷമാണോ ഇത്ര ബോൾഡായി സംസാരിക്കാൻ തുടങ്ങിയത് ?

അങ്ങനെ തന്നെ വേണമല്ലോ. നമുക്ക് ഏറ്റവും പ്രിയപ്പെട്ടൊരാള്‍ക്ക് എന്തെങ്കിലും സംഭവിക്കുമ്പോള്‍ വായ് മൂടിക്കെട്ടിയിരിക്കാനാകുമോ ? അവസരങ്ങള്‍ നഷ്ടപ്പെടുമല്ലോയെന്നോര്‍ത്ത് മിണ്ടാതിരിക്കാനാകുമോ ? നമ്മള്‍ നമ്മളല്ലാതായി പോകില്ലേ അങ്ങനെ ചെയ്താല്‍. അതാണ് എന്നെയും അഭിപ്രായങ്ങള്‍ തുറന്നു പറയാന്‍ പ്രേരിപ്പിച്ചത്. വരുന്നതു വരട്ടേയെന്നു കരുതി. നിലപാടുകള്‍ വ്യക്തമാക്കിയതു കൊണ്ട് എന്തെങ്കിലും നഷ്ടപ്പെട്ടുവെന്ന് ഞാന്‍ കരുതുന്നില്ല. ഞാന്‍ പ്രതീക്ഷിക്കാതെ കുറേ പേര്‍ എന്നെ ചേര്‍ത്തു നിര്‍ത്തി. നമുക്കു കിട്ടേണ്ട അവസരം നമ്മിലേക്കു തന്നെ വരും എന്നാണ് എന്റെ അനുഭവം പഠിപ്പിക്കുന്നത്. സംഘടനയുടെ ഭാഗമായതുകൊണ്ടോ, അഭിപ്രായങ്ങള്‍ തുറന്നു പറഞ്ഞതുകൊണ്ടോ സ്ത്രീകളോടുള്ള സമീപനത്തില്‍ എന്തെങ്കിലും പോസിറ്റീവ് ആയ മാറ്റമുണ്ടായോ എന്നൊന്നും എനിക്കറിയില്ല. അഭിപ്രായം തുറന്നു പറയുന്നവര്‍ വിമര്‍ശിക്കപ്പെടും, കളിയാക്കലുകളുണ്ടാകും പ്രത്യേകിച്ച് സ്ത്രീകളും കൂടിയാകുമ്പോള്‍. അങ്ങനെ ചെയ്യുന്നവരെ തിരുത്താന്‍ നമുക്കാകില്ല. അവരെന്നും അങ്ങനെ പറഞ്ഞുകൊണ്ടേയിരിക്കും. നമ്മുടെ നിലപാടുകള്‍ തുറന്നു പറയുക. അത്രയേയുള്ളൂ. അതേ നമുക്കു ചെയ്യാന്‍ കഴിയൂ..മറ്റുള്ളവരെ തിരുത്തുന്നതിനേക്കാള്‍ സ്വയം തിരുത്തുന്നതാണ് നല്ലതെന്ന് എനിക്കു തോന്നി.

sayanora-bhavana

രാജലക്ഷ്മി, ഭാവന...അങ്ങനെ വലിയൊരു സൗഹൃദവലയമുണ്ടല്ലോ. അവരൊക്കെ എന്തുപറഞ്ഞു ?

രാജി(രാജലക്ഷ്മി)ക്കാണ് ഞാന്‍ ട്യൂണുകളെല്ലാം ആദ്യം അയച്ചു കൊടുക്കുന്നത്. അവളാണ് എന്റെ ആദ്യ കേള്‍വിക്കാരി. മനസ്സില്‍ തോന്നുന്ന ട്യൂണുകളൊക്കെ വെറുതെ ഗിത്താറും വായിച്ച് പാടി റെക്കോഡ് ചെയ്ത് അയയ്ക്കും. രാജി കേട്ടുനോക്കിയിട്ടു അഭിപ്രായം പറയും. ഞാന്‍ ജീവിതത്തിലെന്തു ചെയ്താലും ഏറ്റവുമധികം സന്തോഷിക്കുന്നയാൾ കൂടിയാണു രാജി. സംഗീതസംവിധാനം ചെയ്യാന്‍ പോകുന്നുവെന്നറിഞ്ഞപ്പോള്‍ വലിയ സന്തോഷമായിരുന്നു ആളിന്. എല്ലാ കൂട്ടുകാരും അങ്ങനെ തന്നെ. പാട്ടു കേള്‍ക്കാന്‍ കാത്തിരിക്കുകയാണ് എല്ലാവരും.

ഭാവനയുമായിട്ടുള്ള സൗഹൃദം തുടങ്ങുന്നത് വളരെ വര്‍ഷങ്ങള്‍ക്കു മുന്‍പാണ്. 2004–ലോ 2005–ലോ അബുദാബിയില്‍ വച്ച് നടന്ന ഒരു മാസം നീളുന്ന, ടി.കെ.രാജീവ് കുമാര്‍ സംവിധാനം ചെയ്ത ഡെസേര്‍ട്ട് ഡ്രീംസ് എന്ന ഷോയില്‍ പങ്കെടുത്തിരുന്നു ഞങ്ങള്‍ ഇരുവരും. അന്ന് ഭാവന മലയാള സിനിമയില്‍ വലിയ സ്റ്റാറായി തിളങ്ങി നില്‍ക്കുന്നു. ഞാന്‍ ആണെങ്കില്‍ തുടക്കക്കാരിയും. പക്ഷേ ഭാവനയ്ക്ക് അങ്ങനെയൊരു ഭാവമൊന്നുമില്ലായിരുന്നു. ആ ഷോയോടു കൂടി ഞങ്ങള്‍ നല്ല കൂട്ടുകാരായി. എന്നെ സംബന്ധിച്ചാണെങ്കില്‍ ഞാന്‍ ബന്ധങ്ങള്‍ നിലനിര്‍ത്തുന്നതില്‍ മോശം ആണ്. ഫോണൊക്കെ എവിടെയെങ്കിലുമൊക്കെയിട്ടിട്ട് നടക്കുന്ന ശീലമായിരുന്നു. പക്ഷേ ഭാവന അങ്ങനയേയല്ല. അവള്‍ കാരണമാണ് ഈ സൗഹൃദം ഇത്രമാത്രം വളര്‍ന്നത്. അന്ന് വാട്‌സാപ്പ് ഒന്നുമില്ലാത്ത കാലമല്ലേ. അവള്‍ എല്ലാ ആഴ്ചയും ഫോണ്‍ വിളിക്കുമായിരുന്നു. അങ്ങനെയാണ് സൗഹൃദം വളര്‍ന്നത്. അവളാണ് ഈ സൗഹൃദം ഊട്ടിയുറപ്പിച്ചത്. പതിയെ പതിയെ അവളുടെ കൂട്ടുകാര്‍ എന്റെയും ചങ്ങാതിമാരായി. നല്ലൊരു ചങ്ങാതിക്കൂട്ടത്തിനൊപ്പമായി ഞാനും. അത് ഭാവന എന്ന വ്യക്തിയുടെ ഗുണമാണ്. 

സംഗീത സംവിധാനം ചെയ്യാന്‍ പോകുന്നുവെന്നു പറഞ്ഞപ്പോള്‍ ആള് ഭയങ്കര സന്തോഷത്തിലായി. ഓഡിയോ ലോഞ്ചിന് അവള്‍ക്ക് എത്താനായില്ല. പക്ഷേ എപ്പോഴത്തേയും പോലെ നമ്മളിലൊരുപാട് സന്തോഷവും അതിനേക്കാളുപരി ആത്മവിശ്വാസവും നിറയ്ക്കുന്ന വര്‍ത്തമാനം പറയാന്‍ അവള്‍ ഫോണില്‍ വിളിച്ചിരുന്നു. എടീ..നീ ഒത്തിരി പാട്ടുകള്‍ക്ക് ഈണമിടണം ഇനിയും. അങ്ങനെയൊത്തിരി അവസരങ്ങള്‍ തേടിവരട്ടേ...ആ പാട്ടുകളുടെ കൂട്ടത്തില്‍ ഏറ്റവും കിടിലന്‍ ഗാനത്തിന്റെ ഓഡിയോ ലോഞ്ചിന് ഒരുപാട് സന്തോഷത്തോടെ അഭിമാനത്തോടെ വരും എന്നു പറഞ്ഞു അവള്‍.