എന്നാലും 'എന്റെ ശിവനേ..', മറ്റെന്തു പറയാൻ സയനോര!

Sayanora
SHARE

ഒരുപാട്ട്...അതും സിനിമയുടെ ക്രഡിറ്റ്സിൽ ഉള്ളത്, ഇത്ര ഹിറ്റായിട്ടുണ്ടോ എന്നു സംശയമാണ്. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ 'കുട്ടൻപിള്ളയുടെ ശിവരാത്രി' എന്ന ചിത്രത്തിലെ 'എന്റെ ശിവനേ' എന്ന ഗാനത്തെ പറ്റിയാണു പറയുന്നത്. സിനിമ ഇറങ്ങിയപ്പോൾ തന്നെ ഗാനവും ഹിറ്റായിരുന്നെങ്കിലും പറ്റിയ ഒരു വിഡിയോ ഇല്ലാത്തതിനാൽ നിരാശയിലായിരുന്നു ആരാധകർ. ഈ നിരാശയ്ക്ക് അറുതി വരുത്തുകയാണ് ഗായികയും സംഗീത സംവിധായികയുമായ സയനോര ഫിലിപ്പ്.

'ശിവനേ എന്റെ ശിവനേ' എന്ന ഗാനത്തിന്റെ വരികൾ എഴുതിയിരിക്കുന്നതും സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നതും സയനോര തന്നെയായിരുന്നു. സുരാജ് വെഞ്ഞാറമൂടാണു ഗാനം ആലപിച്ചിരിക്കുന്നത്. 'കുട്ടൻപിള്ളയുടെ ശിവരാത്രി'യിലെ ഗാനത്തിന് ഇപ്പോൾ വ്യത്യസ്തമായ വിഡിയോ ഒരുക്കിയിരിക്കുകയാണ് സയനോരയും സംഘവും. സയനോരയും നിർമാതാവും ഗാനരചയിതാവുമായ വർക്കിയുമാണു വിഡിയോയിൽ. ഒപ്പം തകർപ്പൻ ‍ഡാൻസേഴ്സ് ആയ അജയ് വർഗീസ്, ദേവകി രാജേന്ദ്രൻ, ഗൗരി, ശാരദ സുരേഷ് എന്നിവരും എത്തുന്നുണ്ട്. 

'കുട്ടൻപിള്ളയുടെ ശിവരാത്രി' കണ്ട് ഇറങ്ങിയവരെല്ലാം ഈ ഗാനം ആവശ്യപ്പെട്ടിരുന്നതായി സയനോര ഫിലിപ്പ് പറഞ്ഞു. "കുട്ടൻ പിള്ളയുടെ ശിവരാത്രി കണ്ടു കഴിഞ്ഞെറങ്ങുമ്പോ ഒരു പാട്ടില്ലേ ചേച്ചി? അതിന്റെ ലിങ്ക് അയക്കുവോ ?? ന്നു "ചോദിച്ചവർക്കായി ദാ പിടിച്ചോ!! കുട്ടൻ പിള്ള പാടിയ "എന്റെ ശിവനെ", THE LOUNGE VERSION !! അതിൽ എന്റെ കൂടെ ഉള്ളത് മ്യൂസിക് പ്രൊഡ്യൂസർ വർക്കിയും 4 കിടിലൻ ഡാൻസർ പിള്ളേർസും. കണ്ടിട്ട് ഓക്കേ ആണെങ്കിൽ ഷെയർ ചെയ്യണം . മറക്കല്ലേ' എന്ന കുറിപ്പോടെയാണ് സയനോര ഗാനം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്.'  

നേരത്തെ തന്നെ ഗാനത്തിന്റെ വിഡിയോ ഇറക്കിയിരുന്നു. അതിൽ കൂടുതൽ മാറ്റങ്ങൾ വരുത്തി ഇറക്കിയതാണു പുതിയ വിഡിയോ എന്ന് മ്യൂസിക്  പ്രൊഡ്യുസറായ വർക്കി പറഞ്ഞു. മോഡേൺ ടച്ചിങ്ങിലുള്ള പാട്ടായതിനാലാണ് ഇത്തരത്തിലുള്ള വിഷ്വൽസ് ഉപയോഗിച്ചത്. സിനിമയിൽ പാട്ടുണ്ടായിരുന്നെങ്കിലും വിഷ്വൽസിൽ അൽപം വ്യത്യസ്തത വരണമെന്ന ചിന്തയിൽ, സംവിധായകനോടു കൂടി അനുവാദം ചോദിച്ചാണ് ഇങ്ങനെ ഒരു ഗാനം തയ്യാറാക്കുന്നതെന്നും വർക്കി പറഞ്ഞു. പിന്നീടും സയനോര പാട്ടുകൾ ചെയ്തെങ്കിലും ഈ പാട്ടിനോട് എന്തോ ഒരു അടുപ്പം തോന്നിയിരുന്നു. എപ്പോഴും മനസിൽ വരികയും ചെയ്തു. അങ്ങനെയാണു വിഡിയോ ചെയ്യാമെന്നു തീരുമാനിക്കുന്നതെന്നും വർക്കി കൂട്ടിച്ചേർത്തു. 

മികച്ച പ്രതികരണമാണു വിഡിയോക്ക് ലഭിക്കുന്നത്. സയനോരയുടെ കമ്പോസിങ്ങിനെയും ആലാപനത്തെയും പ്രശംസിക്കുന്നവാണ് ഏറെയും. ഗാനത്തിന്റെ വരികളും സംഗീതവും പുതിയകാലത്തിന്റെതായതിനാൽ  വൻസ്വീകാര്യതയാണു ലഭിക്കുന്നത്. ഗാനരംഗത്തലെ സയനോരയുടെ ലുക്കിനു മികച്ച അഭിപ്രായമാണ്. ഈ ഗാനം ഇറങ്ങിയപ്പോൾ തന്നെ നിരവധി പേർ വിഡിയോയെ കുറിച്ച് സംസാരിച്ചിരുന്നു. അവർക്കൊരു സമ്മാനമാണ് ഈ വിഡിയോ. വിഡിയോ കണ്ടവരെല്ലാം നല്ല പ്രതികരണമാണു നൽകുന്നത്. ഇതിൽ അതിയായ സന്തോഷമുണ്ടെന്നും സയനോര പറഞ്ഞു. 

സുരാജ് വെഞ്ഞാറമൂട് ആദ്യമായി  സിനിമയിൽ പാടിയ ഗാനമാണ് എന്റെ ശിവനേ. സുരാജിനൊപ്പം ശൃന്ദ, ബിജു സോപാനം എന്നിവരും ചിത്രത്തില്‍ വേഷമിട്ടിരുന്നു. ചിത്രത്തിലെ എല്ലാ ഗാനങ്ങള്‍ക്കും ഈണം പകർന്നത് സയനോര തന്നെയാണ്. ഏതായാലും ഗാനം പോലെ തന്നെ പുതിയ അവതരണവും ശ്രദ്ധേയമാകുകയാണ്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MUSIC NEWS
SHOW MORE
FROM ONMANORAMA