ഒരു മോഹം മാത്രം; ഈ സമ്മാനം ദാസേട്ടനു നല്‍കണം

ആസ്വാദക ഹൃദയങ്ങളിലേക്ക് ഒരു സ്വരമഴയങ്ങനെ പെയ്തിറങ്ങുകയാണ്; പല കാലങ്ങളിൽ, പല ഭാവങ്ങളിൽ, പല രാഗങ്ങളിൽ.. ആ മഴയിൽ മലയാളി ലയിച്ചിരിക്കാൻ തുടങ്ങിയിട്ടു വർഷമേറെയായി. യേശുദാസ് എന്ന നാലക്ഷരത്തിന് ഓരോ ഹൃദയത്തിലും ഓരോ ഭാവമാണ്. ഭക്തി, പ്രണയം, വിഷാദം, ആരാധന, ആഹ്ലാദം. സന്തോഷം, ആനന്ദം, അങ്ങനെ  ഓരോ ഭാവം. എത്ര പേർ മോഹിച്ചു ആ സ്വരമാധുരി. ആരാധനയോടെയല്ലാതെ കൂടെ പാടിയവർ പോലും അദ്ദേഹത്തെ നോക്കിക്കാണില്ല. യേശുദാസിന്റെ കഴുത്തിലെ കണ്ഠമണിയാണ് എറ്റവും പുണ്യം ചെയ്തതെന്നു വരെ പറയു‌ന്ന ആരാധകരുണ്ട്. 

തലമുറകൾക്ക് അതീതമാണ് ആ ഗന്ധർവ ശബ്ദത്തോടുള്ള ആരാധന. അങ്ങനെ ഒരു ആരാധകനാണ് തിരുവനന്തപുരം സ്വദേശി ജോൺ ജോസഫ്. യേശുദാസിനോടുള്ള ആരാധനയിൽ പിറന്നതാണ് ‘ആത്മാവിലെ കൈത്തിരിയായ് തെളിയുന്നു നിൻ സംഗീതം’ എന്ന വരികൾ. 

യേശുദാസിനോടുള്ള ജോണിന്റെ ആരാധന ഈ വരികളിൽനിന്നു തന്നെ വ്യക്തം. ഗാനത്തിനു സംഗീതം നൽകിയതും ജോൺ തന്നെ. ഈ ഗാനം ആലപിച്ചതു മലയാളിയുടെ എക്കാലത്തെയും പ്രിയഗായകൻ ജി വേണുഗോപാലാണ്. 

കൊച്ചിയിലെ ഒരു സ്വകാര്യ കമ്പനിയിൽ ഐടി ഉദ്യോഗസ്ഥനാണ് ജോൺ ജോസഫ്. പ്രഫഷൻ  ഐടിയാണെങ്കിലും സംഗീതം പ്രാണവായുവാണ് ജോണിന്. തിരക്കേറിയ ദൈനംദിന ജീവിതത്തിൽ ഒരു നേരമെങ്കിലും സംഗീതത്തിനായി മാറ്റി വയ്ക്കും ജോൺ. എന്തുകൊണ്ടാണ് ഇങ്ങനെയൊരു ആശയമെന്നു ചോദിച്ചാൽ ജോണിനു ഒരു മറുപടിയേയുള്ളു.- ‘ചെറുപ്പം മുതൽ ദാസേട്ടനോടുള്ള കടുത്ത ആരാധന മാത്രം.’ 

‘കുട്ടിക്കാലം മുതൽ യേശുദാസിനോട് ആരാധനയായിരുന്നു. ഞാൻ വളർന്നപ്പോൾ ഒപ്പം ആ ആരാധനയും വളർന്നു. പാട്ടു പഠിക്കണമെന്നു വലിയ മോഹമായിരുന്നു. പക്ഷേ അതിനു കഴിഞ്ഞില്ല. കോളജിലൊക്കെ എത്തിയപ്പോൾ ഒരു ഗാനത്തിനു സംഗീതം നൽകണം എന്ന ആഗ്രഹമുണ്ടായി. അന്നു കോളജിൽ ചെറിയ രീതിയിൽ ചില വരികൾക്കു സംഗീതം നൽകുമായിരുന്നു. അതു കൂട്ടുകാർക്കെല്ലാം ഇഷ്ടമായി. യേശുദാസിനെ കാണണമെന്ന് അതിയായ ആഗ്രഹമുണ്ട്. ഇത്രയും ആരാധനയുള്ള ഒരാളെ കാണാൻ ആദ്യമായി പോകുമ്പോൾ വെറും കയ്യോടെ പോകുന്നതു ശരിയല്ലല്ലോ. ഒരു സമ്മാനവുമായി പോകാനുള്ള ആഗ്രഹം കൊണ്ടു കൂടി ചെയ്തതാണ് ഈ പാട്ട്’ - ജോൺ ജോസഫ് പറയുന്നു. 

പ്രീഡിഗ്രി കഴിഞ്ഞപ്പോൾ മ്യൂസിക് കോളജിൽ ചേരണമെന്നും സംഗീതം പഠിക്കണമെന്നുമായിരുന്നു ആഗ്രഹം. പക്ഷേ ഒരു പ്രഫഷനൽ ഡിഗ്രി എടുക്കണമെന്നു വീട്ടിൽനിന്നു പറ‍ഞ്ഞു. വീട്ടുകാരുടെ ആഗ്രഹ പ്രകാരം ഐടി മേഖലയിലേക്കു തിരിയുകയായിരുന്നു. പക്ഷേ, അപ്പോഴും സംഗീതത്ത പ്രാണവായു പോലെ സൂക്ഷിച്ചു. ആ  ആഗ്രഹം മനസ്സിലുള്ളതുകൊണ്ടു മാത്രമാണ് ഇപ്പോൾ ഈ പ്രോജക്ട് ചെയ്തത്. ‌2006 മുതൽ ഈ ആശയം മനസ്സിലുണ്ടായിരുന്നു. പന്ത്രണ്ടു വര്‍ഷമെടുത്തു ഇതിന്. ഓരോ സമയത്തായി ഓരോന്നു ചെയ്യുകയായിരുന്നു. ആദ്യത്തെ രണ്ടു വരികൾ കോളജ് പഠനകാലത്ത് ഡയറിയിൽ കുറിച്ചിട്ടതാണ്. ഒരു പാട്ടു ചെയ്യണം എന്നു തോന്നിയപ്പോൾ ദാസേട്ടനൊരു സമ്മാനമായി ചെയ്താലോ എന്നു തോന്നി. പിന്നീടു ബാക്കി വരികൾ എഴുതുകയായിരുന്നു.

ചെന്നൈയിൽ ജോലി സംബന്ധമായി എത്തിയപ്പോൾ സംഗീതം പഠിച്ചാലോ എന്നു ആഗ്രഹിച്ചു. കുട്ടിക്കാലം മുതലുള്ള ആഗ്രഹമായിരുന്നു അത്. അതുകൊണ്ട് കുറച്ചു നാള്‍ ക്ലാസിനു പോയി. പിന്നീടു പോകാൻ കഴിഞ്ഞില്ല. ജോലിത്തിരക്കു തന്നെയായിരുന്നു പ്രധാന കാരണം. അങ്ങനെയാണ് ഈ പ്രോജക്ട് വൈകിയത്. 

സത്യത്തിൽ ഒരുപാട്ട് എങ്ങനെ റെക്കോർഡ് ചെയ്യണമെന്നുപോലും എനിക്കറിയില്ലായിരുന്നു. അപ്പോൾ തൈക്കൂടം ബ്രിഡ്ജിലെ ഗോവിന്ദാണ് എന്നെ സഹായിച്ചത്. ഈ ഗാനം വോക്കലായി ചെയ്ത് അയച്ചു തരാൻ ഗോവിന്ദ് എന്നോടു പറഞ്ഞു. എവിടെയെല്ലാം എന്തെല്ലാം സംഗീതോപകരണങ്ങൾ നൽകണമെന്നു വോക്കലായി അയച്ചു നൽകിയപ്പോൾ ഗോവിന്ദ് ഈ ഗാനം പ്രോഗ്രാം ചെയ്തു നൽകി. അതു ലഭിച്ചപ്പോൾ ബാക്കി റെക്കോർഡിങ് ഞാൻ തന്നെ ചെയ്യുകയായിരുന്നു. 

ദാസേട്ടനെപ്പറ്റിയുള്ള പാട്ട് ആരെക്കൊണ്ടു പാടിക്കുമെന്നായിരുന്നു അടുത്ത ചിന്ത. സുഹൃത്തുക്കളോടെല്ലാം ചോദിച്ചപ്പോൾ ഏറ്റവും നന്നാവുക ജി. വേണുഗോപാൽ ആണെന്നായിരുന്നു മറുപടി. വേണുഗോപാലിനേക്കാൾ കൂടുതൽ പാട്ടുകൾ പാടിയവരുണ്ടാകാം. പക്ഷേ ജനങ്ങളുടെ മനസ്സിൽ വേണുച്ചേട്ടന് ഒരു സ്ഥാനമുണ്ട്. അതുകൊണ്ട് അദ്ദേഹത്തെ സമീപിച്ചു. പാടാമോ എന്നു ചോദിച്ചപ്പോൾ സന്തോഷപൂർവം സമ്മതിക്കുകയും ചെയ്തു. ഈ ഒരു സംരംഭത്തിനു വീട്ടുകാരും സുഹൃത്തുക്കളും പൂർണ പിന്തുണ നൽകി. 

ഒരു സിനിമയ്ക്കു സംഗീതം നൽകുക എന്നതാണ് എന്റെ ഏറ്റവും വലിയ സ്വപ്നം. സാധിക്കുമോ എന്നറിയില്ല. ഒരുപാടു പാട്ടുകൾ ചെയ്തു വച്ചിട്ടുണ്ട്. ദൈവാനുഗ്രഹമുണ്ടെങ്കിൽ സ്വപ്നം സഫലമാകുമെന്നാണ് എന്റെ പ്രതീക്ഷ.  - ജോൺ ജോസഫ് പറയുന്നു.