ആ രാത്രി ഉറങ്ങാൻ കഴിഞ്ഞില്ല: സയനോര

കേരളം പ്രളയത്തിൽ മുങ്ങിയ ദിവസങ്ങളിൽ ഫോണെടുത്ത് കണ്ണൂരുള്ളവരെ വിളിച്ചു കൂട്ടി കേരളത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് അവശ്യസാധനങ്ങൾ എത്തിക്കുന്ന തിരക്കിലായിരുന്നു ഗായിക സയനോര. മഴപ്പെയ്ത്തു നിലച്ചപ്പോൾ ഗിറ്റാറെടുത്ത് പുനരധിവാസ ക്യാംപുകളിൽ പാട്ടുകൂട്ടത്തിനൊപ്പം സംഗീതം നിറയ്ക്കുകയാണ് ഈ യുവഗായിക. ഒരു പുസ്തകത്തിലോ മൊബൈലിലോ മുങ്ങിപ്പോകുന്ന യാത്രകളുടെ ശീലങ്ങൾ മാറ്റി, മുഖമുയർത്തി സഹയാത്രികരെ നോക്കി പുഞ്ചിരിക്കാനും സംസാരിക്കാനും തുടങ്ങിയതാണ് ഈ ദിവസങ്ങളുടെ അവശേഷിപ്പെന്നു സയനോര പറയുന്നു. ‘അപരിചിതരോടുള്ള നോട്ടങ്ങളിൽ പോലും നിറയുന്ന കരുതലിലുണ്ട് നമ്മുടെ അതിജീവനത്തിന്റെ തെളിമ’- സയനോര പുഞ്ചിരിക്കുന്നു. 

കണ്ണൂരിലെ സുഹൃത്തുക്കൾക്കൊപ്പം സെന്റ് മൈക്കിൾസ് സ്കൂളിൽ കളക്‌ഷൻ സെന്റർ തുടങ്ങിയതിനെപ്പറ്റിയും തുടർന്നുണ്ടായ അസാധാരണ കൂട്ടായ്മയുടെ അനുഭവവും സയനോര മനോരമ ഓൺലൈനുമായി പങ്കു വച്ചു.  

എസി കമ്പാർട്ട്മെന്റിൽനിന്ന് ബസിലേക്ക്

ഓഗസ്റ്റ് 16ന് തിരുവനന്തപുരത്തുനിന്നു കണ്ണൂരിലേക്കു ട്രെയിൻ പിടിച്ചതായിരുന്നു ഞാൻ. നിർത്താതെ പെയ്യുന്ന മഴ ആശങ്ക വർധിപ്പിച്ചു. ഇരിങ്ങാലക്കുട എത്തിയപ്പോൾ വണ്ടി നാലഞ്ചു മണിക്കൂറോളം പിടിച്ചിട്ടു. യാത്ര തുടർന്നെങ്കിലും പട്ടാമ്പി എത്തിയപ്പോൾ ട്രെയിൻ ഇനി മുന്നോട്ടു പോകില്ലെന്നു മനസ്സിലായി. ഒടുവിൽ ട്രെയിനിൽ നിന്നിറങ്ങി ബസ് പിടിച്ചു. പിന്നെ ടാക്സിയൊക്കെ പിടിച്ചാണ് രാത്രി ഏറെ വൈകി വീട്ടിലെത്തിയത്. വീട്ടുകാരൊക്കെ ആകെ ടെൻഷനിലായിരുന്നു. പ്രളയത്തിന്റെ ഭീകരാവസ്ഥയും നമ്മുടെ നിസഹായാവസ്ഥയും നേരിട്ട് അനുഭവിച്ച മണിക്കൂറുകളായിരുന്നു അത്. 

അന്നു രാത്രി ഉറങ്ങാൻ കഴിഞ്ഞില്ല

സുരക്ഷിതയായി വീട്ടിലെത്തിയെങ്കിലും അന്നു രാത്രി എനിക്ക് ഉറങ്ങാൻ കഴിഞ്ഞില്ല. എനിക്കൊപ്പം ട്രെയിനിൽ നിരവധി പെൺകുട്ടികളുണ്ടായിരുന്നു. അവരൊക്കെ വീടുകളിലെത്തിക്കാണുമോ എന്നൊക്കെയായിരുന്നു ആധി. യാത്രകൾക്കിടയിൽ വഴിയിൽപ്പെട്ടവരൊക്കെ എന്തു ചെയ്തു കാണും... വീടുകളിൽ കുടുങ്ങിക്കിടക്കുന്നവരുടെ അവസ്ഥ... ആകെ ടെൻഷൻ പിടിച്ചു. നിരവധി പേരെ പരിചയമുണ്ടായിട്ടോ ബന്ധങ്ങളുണ്ടായിട്ടോ ഒന്നും കാര്യമില്ലെന്നു തിരിച്ചറിയുകയായിരുന്നു. ടിവി കാണാൻ തന്നെ പേടിയായിരുന്നു. 

സെന്റ് മൈക്കിൾസിലേക്ക് ഒഴുകിയെത്തിയ കരുതൽ

തൊട്ടടുത്ത ദിവസം ഇൻസ്റ്റഗ്രാമിൽ ‘നമ്മളെ കണ്ണൂർ’ ഒരു പോസ്റ്റിൽ എന്നെ ടാഗ് ചെയ്തിരുന്നു. സെന്റ് മൈക്കിൾസ് സ്കൂളിൽ കുറച്ചു കുട്ടികൾ ചേർന്ന് അവശ്യവസ്തുക്കൾ ശേഖരിക്കുന്നുണ്ടെന്ന് അതിൽ നിന്നറിഞ്ഞു. ഞാൻ അവരെ വിളിച്ച് അവർക്കൊപ്പം കൂടാൻ താൽപര്യമുണ്ടെന്ന് അറിയിച്ചു. സാധനങ്ങൾ വിവിധ സ്ഥലങ്ങളിലേക്ക് എത്തിക്കാൻ അവർക്ക് ബ്ലൂ വെയിൽ എന്നൊരു ട്രാവൽ സ്പോൺസറും അവർക്കുണ്ടായിരുന്നു. ഇതു കാര്യങ്ങൾ എളുപ്പമാക്കി. ‘കൈകോർത്ത് കണ്ണൂർ’ എന്നൊരു കൂട്ടായ്മ അവിടെ രൂപപ്പെടുകയായിരുന്നു. 

കണ്ണൂരിലെ മനുഷ്യൻമാർ

വയനാട്ടിലേക്ക് ഒരു ട്രക്ക് സാധനങ്ങൾ അയയ്ക്കണമെന്നായിരുന്നു ഞങ്ങൾ ആഗ്രഹിച്ചിരുന്നത്. കാരണം തെക്കുനിന്നു വയനാട്ടിലേക്ക് എത്തുന്നത് അസംഭവ്യമായിരുന്നു ആ ദിവസങ്ങളിൽ. കണ്ണൂരിലെ മനുഷ്യരുടെ സ്നേഹം നേരിട്ട് അനുഭവിച്ച ദിവസങ്ങൾ. ആദ്യ ദിവസം മുപ്പതു വൊളന്റിയർമാർ എന്നത്, രണ്ടാം ദിവസത്തിലെത്തിയപ്പോൾ 150 കവിഞ്ഞു. ഇരുപതിലധികം ട്രക്ക് സാധനങ്ങൾ അയക്കാൻ കഴിഞ്ഞു. പറവൂർ, ചെങ്ങന്നൂർ, പുത്തൻവേലിക്കര, ആലപ്പുഴ, വയനാട് എന്നിവിടങ്ങളിലേക്കൊക്കെ സാധനങ്ങൾ എത്തിച്ചു. 

ആദ്യം സംശയം, പിന്നെ കട്ട സപ്പോർട്ട് 

അവശ്യസാധനങ്ങൾ എത്തിച്ചുകൊടുക്കാനുള്ള പ്രവർത്തനങ്ങളുമായി ഇറങ്ങിയപ്പോൾ ആദ്യം വീട്ടുകാർക്ക് ആശങ്കയായിരുന്നു. എന്റെ സുരക്ഷിതത്വത്തെപ്പറ്റിയായിരുന്നു സംശയങ്ങൾ. വീട്ടിൽ ഇരുന്നാൽ പോരേ, പുറത്തിറങ്ങണോ എന്നൊക്കെയുള്ള ചോദ്യങ്ങൾ. പിന്നീട് അവരുടെ നിലപാടിൽ മാറ്റം വന്നു. അവരെല്ലാവരും എനിക്കൊപ്പം നിന്നു. ആഷ്‌ലിയും അമ്മയും സെന്റ് മൈക്കിൾസ് സ്കൂളിൽ സഹായിക്കാനും എത്തിയിരുന്നു. 

കണ്ണൂരിലെ താരങ്ങൾ

അഭിനേതാക്കളായ സനൂഷയും സനൂപും സുബീഷും സജീവസാന്നിധ്യമായി ഒപ്പമുണ്ടായിരുന്നു. സനൂഷ റിസപ്ഷൻ ഏകോപിപ്പിച്ചു. സാധനങ്ങൾ കയറ്റുന്നതിലും ഇറക്കുന്നതിലുമായിരുന്നു സുബീഷേട്ടന്റെ ശ്രദ്ധ. രാവും പകലുമില്ലാതെ എല്ലാവരും ഒറ്റക്കെട്ടായി നിന്നു. രാവിലെ എട്ടരയ്ക്ക് സ്കൂളിലെത്തിയാൽ പിന്നെ പുലർച്ച വരെ പണികളാണ്.  

പേരറിയാത്ത ചങ്ങാതിമാർ

അഞ്ചാറു ദിവസം ഒരേ കളക്‌ഷൻ സെന്ററിൽ ഒരുമിച്ചു കാര്യങ്ങൾ ചെയ്ത 150 വൊളന്റിയർമാർ. അവരിൽ പലരുടെയും പേരു പോലും അറിയില്ല. ദുരിതത്തിൽ കഴിയുന്നവർക്ക് ഏതെങ്കിലും തരത്തിലുള്ള ആശ്വാസം എത്തിക്കാൻ വേണ്ടിയുള്ള നെട്ടോട്ടത്തിനിടയിൽ പേരുകളൊക്കെ അപ്രസക്തമാകുകയായിരുന്നു. ആ ദിവസങ്ങളിലെത്തിയ നിരവധി ഫോൺ കോളുകൾ... പലരേയും മുൻപരിചയമില്ല. ഫെയ്സ്ബുക്കിൽ ഇപ്പോഴും ലഭിച്ചു കൊണ്ടിരിക്കുന്ന സന്ദേശങ്ങളിലുണ്ട് അവരുടെ സ്നേഹം. കഴിയുന്ന തരത്തിൽ ഇനിയും പുനർനിർമാണത്തിലും പുനരധിവാസത്തിലും സഹകരിക്കും- സയനോര പറഞ്ഞു നിറുത്തി.