സൗഹൃദത്തിലുണർന്ന 'ആരാധനാഗാനം'

ഒറ്റപ്പാട്ടു കൊണ്ടു ഒരായിരം ആരാധകരെ സൃഷ്ടിച്ചിരിക്കുകയാണ് ആരാധന എന്ന കൊച്ചുമിടുക്കി; തമിഴ്താരം ശിവകാർത്തികേയന്റെ മകൾ.'വായാടി പെത്ത പുള്ള' എന്ന ഗാനവുമായി ആസ്വാദക മനം കവരുകയാണ് ആരാധന. നാലുവയസ്സാണ് ആരാധനയുടെ പ്രായം. റിലീസ് ചെയ്തു മണിക്കൂറുകൾക്കകം തന്നെ സമൂഹമാധ്യമങ്ങളിൽ തരംഗമായി 'കനാ'യിലെ ആരാധനയുടെ പാട്ട്. രണ്ടാഴ്ചയ്ക്കകം ഇരുപതുമില്യൺ ആളുകളാണു ഗാനം കണ്ടത്. ആരാധനയോടുള്ള ആരാധന കൊണ്ടുമാത്രം യുട്യൂബിൽ ഈ ഗാനം ആവര്‍ത്തിച്ചു കേൾക്കുന്നവരും നിരവധി. ‌

ആരാധനയ്ക്കായി ഈണമിട്ടതിന്റെ അനുഭവം പങ്കുവയ്ക്കുകയാണ് കനാ എന്ന തമിഴ് ചിത്രത്തിന്റെ സംഗീത സംവിധായകൻ ദിബു നൈനാൻ തോമസ്. ജൻമം കൊണ്ടു മലയാളിയാണെങ്കിലും തമിഴകത്തിന്റെ മകനാണ് ദിബു. ആരാധനയുടെ പാട്ടിനെ കുറിച്ചു ദിബു പറയുന്നു, ഒപ്പം കനായുടെ വിശേഷങ്ങളും. 

മൂന്നുപേർ കണ്ട സ്വപ്നം

ഞാനും ശിവകാർത്തികേയനും ഈ സിനിമയുടെ സംവിധായകൻ അരുൺ രാജ കാമരാജും ഒരുമിച്ചാണ് എൻജിനീയറിങ് പഠിച്ചത്. അന്നുമുതലുള്ള പരിചയമാണ്. എൻജിനീയറിങ് പഠിക്കുമ്പോഴും ആർട്സ് പരിപാടികളിൽ ഞങ്ങൾ പങ്കെടുക്കുമായിരുന്നു. ഒരു സിനിമ ചെയ്യണം എന്നത് അന്നു മുതലേ ഞങ്ങളുടെ സ്വപ്നമായിരുന്നു. അതിൽ ശിവ നായകനാകണം, അരുൺ സംവിധാനം ചെയ്യണം ഞാൻ സംഗീതം നിർവഹിക്കണം എന്നെല്ലാം അന്നു മുതലേയുള്ള ആഗ്രഹമായിരുന്നു. ചെറുപ്പത്തിൽ നമ്മൾ ബുക്കില്‍ പടം വരയ്ക്കില്ലേ, അതുപോലെ ഞങ്ങളും മനസ്സിൽ വരച്ചിട്ടിരുന്നു ഒരു സിനിമയെന്ന സ്വപ്നം. എന്നാൽ പഠനശേഷം ഞങ്ങള്‍ മൂന്നു പേരും വ്യത്യസ്ത വഴികളിലേക്കു തിരിഞ്ഞു. 

ശിവകാർത്തികേയനും അരുൺരാജ കാമരാജും ഇപ്പോൾത്തന്നെ സിനിമയിൽ സജീവമാണ്. അരുണിന്റെ ആദ്യ സിനിമയാണ് കനാ. കനായെപ്പറ്റി സംസാരിച്ചപ്പോൾ, എന്നാൽ നമുക്കു മൂന്നുപേർക്കും ചേർന്ന് ഇതു നമ്മൾ സുഹൃത്തുക്കളുടെ സിനിമ ആക്കിയാലെന്താണെന്ന ആശയം ഉദിച്ചു. അങ്ങനെയാണു ഞങ്ങൾ മൂന്നുപേരും ചേർന്ന് ഈ സിനിമ ആരംഭിച്ചത്. സൗഹൃദം മാത്രമാണ് ഈ സിനിമയുടെ പിന്നില്‍. 

കുട്ടിപ്പാട്ടിനു പിന്നിൽ

കുഞ്ഞിനെക്കൊണ്ടു പാടിക്കുക എന്നത് സിനിമയുടെ സംവിധായകനായ അരുൺരാജ കാമരാജിന്റെ തീരുമാനമായിരുന്നു. ആളുകളെ പിടിച്ചിരുത്തുന്ന പാട്ടിന് ഒരു കുട്ടിയുടെ ശബ്ദം വേണമെന്ന് ആദ്യമേ എനിക്ക് ആഗ്രഹമുണ്ടായിരുന്നു. ഒരു ചൈൽഡ് ആർട്ടിസ്റ്റ് വേണം നമുക്കെന്ന് ഞാൻ ആദ്യമേ പറഞ്ഞു. അങ്ങനെ ആലോചിച്ചപ്പോഴാണ് ശിവയുടെ മകൾ ആരാധനയെക്കൊണ്ടു പാടിക്കാമെന്ന ചിന്ത വന്നത്. പക്ഷെ, തീരെ ചെറിയ കുഞ്ഞാണ് അവളെന്നതു ഞങ്ങൾക്കു മുന്നിൽ ഒരു വെല്ലുവിളി തന്നെയായിരുന്നു. 

നാലുവയസ്സാണ്  ആരാധനയുടെ  പ്രായം. അതുകൊണ്ട് ഞങ്ങളുടെ ആശയം എത്രകണ്ടു ഫലപ്രദമാകുമെന്ന് അറിയില്ലായിരുന്നു. എന്നാലും പ്രതീക്ഷ കൈവിട്ടില്ല. കാരണം കുഞ്ഞിനു ശിവയുടെ അതേ എനർജിയുണ്ട്.  മുൻപും നമ്മൾ അവളെ ശ്രദ്ധിക്കാറുണ്ട്. അവൾ വളരെ സ്മാർട്ടാണ്. എപ്പോഴും പാട്ടൊക്കെ പാടി നല്ല ജോളിയായി നടക്കും. കുറച്ചു ദിവസം മുൻപു തന്നെ പാട്ടിന്റെ ട്രാക്ക് കൊടുത്തു. കാരണം, നോക്കി പാടാൻ കുഞ്ഞിനു കഴിയില്ല. അവൾ അക്ഷരങ്ങൾ പഠിച്ചു വരുന്നതേയുള്ളൂ. അങ്ങനെ ഒരു ദിവസം രാത്രി 11 മണിയോടെയായിരുന്നു ഈ പാട്ടിന്റെ റെക്കോർഡിങ്. അവൾ ഉഷാറായി പാടി. സ്റ്റുഡിയോയിൽ വന്നു 20 മിനിറ്റിനകം ഗാനം ആലപിച്ച് അവൾ ശിവയ്ക്കൊപ്പം വീട്ടിൽ പോയി. മൂന്നു തവണപാടി ടേക്ക് എടുത്തുവച്ചു. അതിൽ നിന്നു നല്ലതൊരെണ്ണം തിരഞ്ഞെടുത്തു. ചുരുക്കിപ്പറഞ്ഞാൽ ഞങ്ങളുടെ ഒരു പരീക്ഷണമാണ് ഇപ്പോൾ നമ്മൾ കാണുന്ന ഈ ഗാനം. 

കനായിലെ പാട്ടുകൾ

പ്രണയഗാനവും താരാട്ടുപാട്ടും അടക്കം അഞ്ചു ഗാനങ്ങളാണ് ചിത്രത്തിൽ ഉള്ളത്. അതിൽ അച്ഛനും മകളും തമ്മിലുള്ള വൈകാരിക ബന്ധം പറയുന്ന താരാട്ടുപാട്ടു വളരെ മനോഹരമാണ്. തീർച്ചയായും ഈ ഗാനങ്ങളെല്ലാം ആസ്വാദകര്‍ക്ക് ഇഷ്ടമാകുമെന്നാണു ഞങ്ങളുടെ പ്രതീക്ഷ. 

സിനിമയിലേക്കുള്ള വരവ്

പിയാനോയും ശാസ്ത്രീയ സംഗീതവും ചെറുപ്പം മുതൽ പഠിച്ചിട്ടുണ്ട്. പാടുന്നതിനേക്കാൾ എന്നും പ്രിയം സംഗീതം നൽകുന്നതിനു തന്നെയായിരുന്നു. പക്ഷേ ശാസ്ത്രീയമായി പഠിച്ചതു പലപ്പോഴും സംഗീതത്തിലും ഉപകരിച്ചു എന്നുമാത്രം. 

എൻജിനീയറിങ് കഴിഞ്ഞ് സ്വതന്ത്രമായി ഞാൻ സംഗീതം ചെയ്യുമായിരുന്നു. അതിനുശേഷം സന്തോഷ് നാരായണൻ എന്ന സംഗീത സംവിധായകന്റെ അസിസ്റ്റന്റായി മ്യൂസിക് ചെയ്തു. പിന്നെ 'മരഗത നാണയം' എന്ന ചിത്രത്തിനു സംഗീതം നൽകി. 'കനാ' എന്റെ രണ്ടാമത്തെ ചിത്രമാണ്. ഇപ്പോൾ മൂന്നു ചിത്രത്തിനുകൂടി സംഗീതം നൽകാനുള്ള അവസരം എനിക്ക് ലഭിച്ചിട്ടുണ്ട്. മലയാളത്തിൽനിന്നു നല്ല തിരക്കഥകൾ വരികയാണെങ്കിൽ സംഗീതം നൽകും. 

സിനിമയെക്കുറിച്ച്

വനിതാ ക്രിക്കറ്റിനെ കുറിച്ചാണ് ഈ സിനിമ. സ്പോർട്സ് മൂവീസ് നമ്മൾ നിരവധി കണ്ടിട്ടുണ്ട്. പക്ഷേ ഇത്തരത്തിൽ ഒരു തീം ആദ്യമാണ്. ലോകത്തു തന്നെ ഈ തീം ഇതുവരെ ആരും എടുത്തിട്ടില്ല. ഗ്രാമത്തിലെ സ്ത്രീകൾ ലോകത്തിന്റെ നെറുകയിലേക്ക് എത്തുന്ന കഥയാണ് ഇത്. സ്ത്രീകൾക്ക് വളരെ പ്രാധാന്യം നൽകുന്ന ചിത്രമാണ് കനാ.