ഊര് വന്ത് ചെന്നൈ, മലയാളം റൊമ്പ പുടിക്കും; ആ വൈറൽ ഗായിക പറയുന്നു

ഒരേ ഒരു മിനിട്ട്! അതു തന്നെ ധാരാളമായിരുന്നു. ഒരു പൂ പ്രതീക്ഷിച്ച് ചെന്നവർക്ക്  പൂക്കാലം കിട്ടിയ പ്രതീതി. ജീവാംശമായ് താനേ....നീയെന്നിൽ കാലങ്ങൾ മുന്നേ വന്നു...കാതുകളിൽ നിന്നും ഹൃദയങ്ങളിലേക്ക് ആ മധുര സ്വരം അങ്ങനെ പ്രവഹിക്കുകയാണ്.

ജനലോരം ചേർന്നിരുന്ന് മധുര സ്വരം പങ്കുവച്ച ആ ഗായികയെ സോഷ്യൽ മീഡിയ ലൈക്കിലേറ്റാൻ പിന്നെ അധിക നേരം വേണ്ടി വന്നില്ല. ചുരുക്കിപ്പറഞ്ഞാൽ ആ പാട്ടും പാട്ടുകാരിയും ഫുൾ റിപ്പീറ്റ് മോഡിലായി. സോഷ്യൽ മീഡിയയിൽ എവിടെത്തിരിഞ്ഞൊന്നു നോക്കിയാലും അവിടെല്ലാം ആ പാട്ടു മാത്രം.

കഴിഞ്ഞു പോയ രാപ്പകലുകളിൽ അവൾക്കു വേണ്ടിയുള്ള അന്വേഷണമായിരുന്നു. ആരാണ് ആ പാട്ടുകാരി? പാട്ടു പഠിച്ചിട്ടുണ്ടോ? എന്നിങ്ങനെ ചോദ്യങ്ങൾ നീളുകയാണ്. ഒടുവിലിതാ തിരശ്ശീലയും സോഷ്യൽ മീഡിയ ചാർത്തിക്കൊടുത്ത അജ്ഞാത ഗായികയെന്ന മുഖ പടവും മാറ്റി അവൾ പുറത്തു വന്നിരിക്കുന്നു.

‘എൻ പേര് സൗമ്യ, ഊര് വന്ത് ചെന്നൈ...എനക്ക് മലയാളം റൊമ്പ പുടിക്കും....’

ഉച്ചാരണ ശുദ്ധിയും ഭാവവും ലവലേശം പോലും കൈവിടാതെ പാടി ഫലിപ്പിച്ച അവൾ ജന്മം കൊണ്ട് തമിഴ് പെൺകൊടിയാണെന്ന് വനിത ഓൺലൈനിനോട് പറയുമ്പോൾ മലയാളിക്കുട്ടിയായി മനസിൽ അവളെ പ്രതിഷ്ഠിച്ച ഞങ്ങൾക്കും ആശ്ചര്യം. പിന്നെ വൈറലായ പാട്ടു വന്ന വഴിയെക്കുറിച്ച് ‘തമിഴാളത്തിൽ’ തപ്പിത്തടഞ്ഞ് ചോദിക്കുമ്പോൾ അങ്ങേത്തലയ്ക്കൽ നിന്ന് നല്ല ‘ചെന്തമിഴിൽ’ മറുപടി വരികയാണ്.

‘പാട്ട് കേട്ട് പലരും തെറ്റിദ്ധരിച്ചിരിക്കുന്നത് ഞാൻ നല്ല ഒന്നാന്തരം മലയാളിക്കുട്ടിയാണെന്നാണ്. എന്നാൽ സംഗീതം പോലെ തന്നെയാണ് എന്റെ ജീവിതവും. അതിരുകളില്ലാതെ അതങ്ങനെ പാറിപ്പറക്കുകയാണ്. എന്റെ മാതൃഭാഷ കന്നടയാണ്, ജനിച്ചത് ചെന്നൈയിൽ, ഇപ്പോ ദേ പഠിക്കുന്നത് കേരളത്തിൽ. കേരളത്തിൽ വരുമ്പോൾ മലയാളിയും ചെന്നൈയിൽ പോകുമ്പോൾ നല്ല ഒന്നാന്തരം തമിഴത്തിയും. പിന്നെ സർവ്വോപരി നമ്മളൊക്കെ അയൽക്കാരല്ലേ ചേട്ടാ’–സൗമ്യ ചിരിച്ചു കൊണ്ട് തുടങ്ങുകയാണ്.

അഭിമുഖത്തിന്റെ പൂർണരൂപം വായിക്കാം