റഹ്മാന്‍ സംഗീതത്തിൽ 'ശ്രുതി' ചേർന്നപ്പോള്‍..!

കോട്ടയം പാലായിലെ സ്വർണ്ണക്കടസ്വാമിയുടെ മകൾക്കൊരു ആഗ്രഹമുണ്ടായിരുന്നു.മകളെ വലിയൊരു പാട്ടുകാരിയാക്കണം.കേരളത്തിൽനിന്നു ചെന്നൈയിലേക്കു പോയപ്പോൾ അതെല്ലാം നടക്കുമെന്നുപ്രതീക്ഷിച്ചതുമാണ്. പക്ഷെ മകൾ പാട്ടുപഠിച്ചെങ്കിലും  ആ വഴിക്കല്ല നടന്നത്.  ആ കുട്ടി പല വഴിക്കും നടന്നു.  വർഷങ്ങൾക്കു ശേഷം എ.ആർ.റഹ്മാൻ ആ മകളോടു പറഞ്ഞു, ‘അമ്മയോടു പോയി പറയണം, മകൾ പാട്ടുകാരിയായില്ലെങ്കിലും  അതുപോലെ എത്രയോ ഉയരത്തിലെത്തിയിട്ടുണ്ടെന്ന്. ’മകൾ വീട്ടിലെത്തി അച്ഛനോടും അമ്മയോടും അതു പറയുകയും ചെയ്തു. എ.ആർ.റഹ്മാനെക്കുറിച്ചു ഈ മകൾ സംവിധാനം ചെയ്ത സംഗീത പരമ്പരയുടെ പ്രീമിയർ ഷോ  കാണുമ്പോൾ അമ്മയുടെ കണ്ണുകൾ നിറഞ്ഞൊഴുകുകയായിരുന്നു. അവർക്കു മനസ്സിലായി റഹ്മാൻ പറഞ്ഞതു വെറുതെയായിരുന്നില്ലെന്ന്. റഹ്മാനെക്കുറിച്ചുള്ള ചിത്രം പുറത്തുവന്നതോടെ ലോകത്തിന്റെ നാനാഭാഗത്തുനിന്നും ആളുകൾ സാമൂഹ്യ മാധ്യമങ്ങളിലൂടെ മകളെ പൊതിയുന്നത് അവർ കാണുന്നു. പാലക്കാരിയായ വനജയ്ക്കും പെരുമ്പാവൂരുകാരനായ ശങ്കരയ്യർ ടെക്സ്റ്റയിൽസ് ഉടമ ഹരിഹര സുബ്രമണ്യയ്യർക്കും ഇതിലും വലിയ എന്തു സന്തോഷം കിട്ടാനാണ്. 

തമിഴിലെ പ്രശസ്ത സംവിധായകൻ കെ.ബാലചന്ദറിന്റെ കവിതാലയ സ്റ്റുഡിയൊ ന്യൂജനറേഷൻ മീഡിയയിലൂടെ തിരിച്ചുവരാനായി എ.ആർ.റഹ്മാനെക്കുറിച്ചൊരു ഹ്രസ്വചിത്രം എടുക്കാൻ തീരുമാനിച്ചു. ആമസോൺ  എന്ന വൻകിട കമ്പനി ഇന്ത്യയിലെ  ഹ്രസ്വചിത്ര പരമ്പര നിർമ്മാണ രംഗത്തേക്ക് ഇറങ്ങാനായി മുഹൂർത്തം നോക്കുന്ന സമയമായിരുന്നു അത്. കേട്ടതും ആമസോൺ ചാടിവീണു.   ഈ പരമ്പര സംവിധാനം ചെയ്യാനായി  ആരെ വേണമെങ്കിലും കിട്ടുമായിരുന്നുവെങ്കിലും കവിതാലയ  കണ്ടെത്തിയതു പാലായിൽ ജനിച്ചുവളർന്ന സ്വർണ്ണക്കട സ്വാമിയുടെ മകൾ ശ്രുതി ഹരിഹര സുബ്രമണ്യത്തെയാണ്. അതീവ രഹസ്യമായി ചിത്രീകരിച്ച ‘ഹാർമണി വിത്ത് എ.ആർ.റഹ്മാൻ’ എന്ന ഹ്രസ്വ ചിത്രം പുറത്തുവന്നപ്പോൾ ശ്രുതി സിനിമാ ലോകത്തേയും ന്യു ജനറനേഷൻ മാധ്യമങ്ങളെയും  ഞെട്ടിച്ചു. അതുവരെ കാണുകയും കേൾക്കുകയും ചെയ്യാത്ത റഹ്മാനെയാണു എല്ലാവരും കണ്ടത്.  നാണം കുണുങ്ങി റഹ്മാനല്ല, സ്വപ്നങ്ങൾ പങ്കുവയ്ക്കുകയും കലാകാരന്മാർക്കു മുന്നിൽ ഭൂമിയോളം താഴുകയും ചെയ്യുന്ന റഹ്മാൻ. ആമസോൺ പ്രൈംമിലെ ബോക്സോഫീസ് ഹിറ്റായി  ഈ പരമ്പര മാറി. ഇരുട്ടി വെളുക്കും മുൻപു ശ്രുതി ഹരിഹര സുബ്രമണ്യം ലോകം മുഴുവൻ താരമായി. കോടിക്കണക്കിനു ആരാധകരായി. ഈ ഹ്രസ്വചിത്രത്തിലെ ആദ്യ ഭാഗത്തിൽ നിറഞ്ഞുനിന്ന കലാമണ്ഡലം ലോക സംഗീത ഭൂപടത്തിലേക്കു കടന്നു. കേരളത്തിന്റെ സംഗീതത്തിന്റെയും താളത്തിന്റെയും തറവാടാണു നിളാ തീരത്തിന്റെ ഭംഗിയിൽ കലാമണ്ഡ്ലത്തെ അവതരിപ്പിച്ചിട്ടുള്ളത്. റഹ്മാന്റെ സംഗീതയാത്രയാണു ചിത്രം. അതു തുടങ്ങുന്നതു കലാമണ്ഡലത്തിന്റെ വളപ്പിലൂടെ റഹ്മാൻ  നടത്തുന്ന സൈക്കിൾ യാത്രയിലൂടെയാണ്. 

ശ്രുതി പലതുമായിരുന്നു. സ്കൂളിൽ പഠിക്കുന്ന കാലത്തു നർത്തകിയായിരുന്നു, കായിക താരമായിരുന്നു, 2002ലെ ചെന്നൈ സൗന്ദര്യമത്സരത്തിലെ മിസ് ചെന്നൈയായിരുന്നു, പിന്നീടു നടിയായി, കെ.ബാലചന്ദറിന്റെ ഷഹാന എന്ന പരമ്പരയിലെ നായികയായി, തമിഴിലും തെലുങ്കിലും തട്ടുപൊളിപ്പൻ സിനിമകളുടെ സഹ സംവിധായകയായി.അതിനിടെ ഹ്രസ്വചിത്ര സംവിധായകയായി. പ്രശസ്ത ചിത്രകാരൻ കിഷൻ ഖന്നയെക്കുറിച്ചു നിർമ്മിച്ച ‘എ ഫാർ ആഫ്റ്റർ നൂൺ’ എന്ന ഹ്രസ്വചിത്രത്തിനു രണ്ടു ദേശീയ അവാർഡും ലഭിച്ചു. 

∙ പലയിടത്തും പോയ ശേഷമാണു ശ്രുതി സംവിധാനത്തിലേക്ക് എത്തിയത്. നടിയായി തുടരാനെല്ലാം ധാരാളം അവസരങ്ങളുണ്ടായിരുന്നല്ലോ. എന്നിട്ടും ....

എന്റെ വഴി ഞാൻ അന്വേഷിച്ചു അന്വേഷിച്ചു കണ്ടെത്തുകയായിരുന്നു. ചെയ്ത ജോലിയെല്ലാം നന്നായി ആസ്വദിക്കുകയും ചെയ്തു. ഒരിടത്തെത്തുമ്പോഴാണു പുതിയ വഴിയെക്കുറിച്ചറിയുന്നത്. കവിതാലയപോലുള്ള ഒരു വലിയ ബാനർ എന്നെപ്പോലുള്ളൊരു പുതിയ ആളെ ആമസോൺ പ്രൈമിന്റെ ആദ്യ ടിവി ഹ്രസ്വചിത്ര പരമ്പര സംവിധാനം ചെയ്യാൻ വിളിക്കുക എന്നതു അപ്രതീക്ഷിതമാണല്ലോ. അതും എ.ആർ.റഹ്മാന്റ സംഗീതത്തെക്കുറിച്ചുള്ള പരമ്പര.

∙ ശ്രുതി രണ്ടു ദേശീയ അവാർഡ് കിട്ടിയ സംവിധായകയാണ്. 

അതും അറിയാതെ വന്നതാണ്. ഞാൻ കച്ചവട സിനിമയുടെ സഹസംവിധായികയായിരുന്നു. കിഷൻ ഖന്നയെക്കുറിച്ചു ഹ്രസ്വചിത്രം സംവിധാനം ചെയ്യാനുള്ള  ക്ഷണം വന്നപ്പോൾ എനിക്കു ചിത്രകലയെക്കുറിച്ചൊന്നുമറിയില്ലായിരുന്നു. അദ്ദേഹത്തെക്കുറിച്ചും അറിയില്ലായിരുന്നു.  അദ്ദേഹം ചിത്രം വരയ്ക്കുന്ന അപൂർവ്വ രംഗം പകർത്തുക എന്നതു മാത്രമായിരുന്നു ആദ്യം ചെയ്യാനുണ്ടായിരുന്നത്. കച്ചവട സിനിമയുടെ അടിത്തറ ഉള്ളതുകൊണ്ടുതന്നെ ഞാൻ അതൊരു കഥയായി സങ്കൽപ്പിച്ചു. അപ്പോൾ അതിൽ സംഗീതവും നല്ല ക്യാമറയുമെല്ലാമുണ്ടായി. അതു അദ്ദേഹത്തിന്റെ ജീവിത കഥയുമായി. ഹ്രസ്വചിത്രമായി മാത്രമായി ഞാനതിനെ കണ്ടിരുന്നില്ല. 

∙ എ.ആർ.റഹ്മാനെ ഇതുപോലെ സന്തോഷവാനായും ഉല്ലസിച്ചും കണ്ടിട്ടെയില്ല. ഇതെങ്ങിനെ സാധിച്ചു. 

റഹ്മാൻ നടത്തുന്നൊരു സംഗീതയാത്രയായിരുന്നു ലക്ഷ്യം. റഹ്മാനെ ലോകത്തിനു മുഴുവൻ അറിയാം. അതുകൊണ്ടുതന്നെ അത് എങ്ങിനെ വ്യത്യസ്ഥമാക്കാമെന്നായിരുന്നു ഞങ്ങളുടെ ടീമിന്റെ ചിന്ത. എട്ടുമാസത്തോളം നീണ്ട ഗവേഷണത്തിനു ശേഷമാണു അതീവ പുരാതനമായ സംഗീതത്തിന്റെ പരമ്പര അന്വേഷിച്ചു പോകുന്ന റഹ്മാൻ എന്ന ലൈൻ ഉദിച്ചുവന്നത്. അതു റഹ്മാനും വല്ലാതെ ഇഷ്ടമായി.  ആദ്യ എപ്പിസോഡിൽ കേരളത്തിലെ പുരാതന വാദ്യമായ മിഴാവ് അവതരിപ്പിക്കാൻ തീരുമാനിച്ചു. ലോകത്തെ ഏറ്റവും പഴക്കം ചെന്ന നാടക രീതിയായ കൂടിയാട്ടത്തിന്റെ പിന്നണി സംഗീതത്തിലുള്ളത് മിഴാവാണ്.അതിനു കലാമണ്ഡലംതന്നെ വേദിയാക്കി. കലാമണ്ഡലം സജീവ് വിജയൻ എന്ന മിഴാവുകലാകാരനിലൂടെയാണു മിഴാവിന്റെ കഥ പറയുന്നത്. പഴയ വാദ്യത്തിന്റെ പുതിയ കാവൽക്കാരനാണയാൾ. രുദ്രവീണയിലെ പതിനാറാം നൂറ്റാണ്ടി ൽ തുടങ്ങിയ ദാഗർ പരമ്പരയുടെ ഇരുപതാം തലമുറയിൽപ്പെട്ട ഉസ്താദ് മൊഹി ബഹ ഉൻദിൻ ദാഗർ, ഇംഫാലിലെ നാടൻ ഗായികയായ ലോറംബാം ബേദബതി ദേവി,പാൻതോങ് പാലിത് എന്ന പുരാത പുല്ലാങ്കുഴൽ വായിക്കുന്ന മിക്മാ ഷെറിംങ് ലെപ്ച എന്നിവരിലൂടെ യാത്ര നടത്താൻ ഞങ്ങൾ തീരുമാനിച്ചു. 

∙ കലാമണ്ഡലത്തിനും ഭാരതപ്പുഴയ്ക്കും ഇത്രയേറെ ഭംഗിയുണ്ടെന്നു മനസ്സിലായതു ശ്രുതിയുടെ ഹ്രസ്വചിത്രം കണ്ടപ്പോഴാണെന്നു പലരും പറഞ്ഞു. 

ഇതു കാണേണ്ടതു യുവാക്കളാണ്. അവരാണു റഹ്മാനെ കാത്തിരിക്കുന്നത്. എന്നാൽ ഞങ്ങൾ പരിചയപ്പെടുത്തുന്നതെല്ലാം യുവാക്കൾക്കു കാര്യമായ പരിചയമില്ലാത്ത വലിയ സംഗീതഞ്ജരും.  പരമ്പരാഗത സംഗീതം യുവാക്കളിലെത്തിക്കുക എന്ന വലിയ ലക്ഷ്യമുണ്ടായിരുന്നു. എല്ലാ ആധൂനിക വിദ്യകളും ഉപയോഗിച്ചു അതിമനോഹരമായി ചിത്രീകരിക്കാൻ ഞങ്ങൾ തീരുമാനിച്ചു. സിക്കിമിലെയും മണിപ്പൂരിലെയും കേരളത്തിലെയും പച്ചപ്പിലൂടെയുള്ള യാത്രയാണിത്. നിങ്ങൾ കാണാത്ത മലകളും കാടുകളും പൂക്കളും ചെറു ജീവികളും മഴയും മുളങ്കാടുകളും പുഴകളും വെള്ളച്ചാട്ടങ്ങളും  തേടി ഞങ്ങൾ യാത്ര ചെയ്തു. നാഷണൽ ജോഗ്രാഫിക് കാണുന്നതുപോലെയായിരിക്കണമിതെന്നു ഞങ്ങൾ തീരുമാനിച്ചു.ഈ വലിയ സംഗീതഞ്ജരോടൊപ്പം എ.ആർ.റഹ്മാൻ എന്ന ലെജന്റ് കാടുകളിലിരുന്നു സംഗീതത്തിന്റെ പുതിയി ലോകം തുറന്നു. ആ കാടുകളിൽവച്ചു അദ്ദേഹം അവരുടെ തനതു സംഗീതവുമായി ഇഴ ചേർന്നു പാട്ടുകളുണ്ടാക്കി. ഇലകളിലും പുഴകളിലും കാറ്റിലും മുളംതണ്ടുകളിലും സംഗീതമുണ്ടെന്നദ്ദേഹം പറയുന്നതു വെറുതെയല്ലെന്നു നമുക്കു മനസ്സിലായി. അവിടെനിന്നെല്ലാം ഈ വലിയ മനുഷ്യർ സംഗീതത്തെ വേർതിരിച്ചെടുക്കുകയായിരുന്നു. റഹ്മാന്റെ ആവേശമാണു ഇത്തരമൊരു യാത്രയിലേക്കു ഞങ്ങളെ എത്തിച്ചത്. റഹ്മാൻ പറയുന്നുണ്ട്, സംഗീതമാണ് ഏക പ്രതീക്ഷയെന്ന്. ഈ സംഗീതത്തിൽ അലിഞ്ഞിരുന്നു ചെവിയിൽനിന്നു ഇയർഫോൺ ഊരുമ്പോൾ നമുക്കു മനസ്സിലാകും നമ്മിലും ലോകത്തും പുതിയ പ്രതീക്ഷ മുളപൊട്ടുകയാണെന്ന്. ഇതു പ്രകൃതിയിൽ അലിഞ്ഞു റഹ്മാൻ സംഗീതത്തിന്റെ വേരുകൾ കണ്ടെത്തുന്ന മാജിക്കാണ്. 

∙ശ്രുതി നന്നായി മലയാളം സംസാരിക്കുന്നല്ലോ. 

അഛന്റെ വീട് പെരുമ്പാവൂരാണ്. അമ്മയുടെത് പാല കിടങ്ങൂരും. അവരുടെ പരമ്പര തമിഴ്നാട്ടിൽനിന്നു അവിടെക്കു വന്നവരാണ്. ഇവിടെ കച്ചവടം ചെയ്തു ജീവിച്ചു.എല്ലാ അവധിക്കാലത്തും ഞാൻ പാലയിൽവരും. രണ്ടുമാസവും അവിടെയാകും.പാടത്തും വരമ്പിലും കുളത്തിലും പൂഴയിലുമെല്ലാം കളിച്ചു നടക്കും. എന്റെ നാട് എന്നും എന്റെ മനസ്സിലുണ്ട്. ആ പച്ചപ്പായിരിക്കാം ഇത്തരമൊരു സിനിമ ചെയ്യുമ്പോഴും മനസ്സിലുള്ളത്. കേരളത്തിന്റെയൊരു ഭംഗി എന്നും എന്റെ മനസ്സിലുണ്ടായിരുന്നു.  പെൺകുട്ടിയായതിനാൽ എന്നെ കൂത്തമ്പലത്തിൽ മിഴാവു കൊട്ടുന്നതു കാണാൻ അകത്തു കയറ്റാതിരുന്നത് എനിക്കോർമ്മയുണ്ട്. വർഷങ്ങൾക്കു ശേഷം അതേ ഞാൻ മിഴാവിനെക്കുറിച്ചു എ.ആർ.റഹ്മാനിലൂടെ കോടിക്കണക്കിനാളുകളോടു സംസാരിച്ചുവെന്നു പറയുന്നതു എന്തൊരു യാദൃശ്ചികതയാണ് അല്ലെ.

ഈ നാലു കലാകാരന്മാരുമായി റഹ്മാൻ നടത്തുന്ന വലിയൊരു സംഗീത ഫ്യൂഷനിലൂടെയാണു പരമ്പര സമാപിക്കുന്നത്. ചെന്നൈയിൽ റഹ്മാന്റെ സ്റ്റുഡിയൊവിലെത്തിയ ഈ നാലുപേരോടും റഹ്മാൻ പറയുന്നുണ്ട്, ‘നിങ്ങളെല്ലാം നിധികളാണ്. ഞാനതു കണ്ടെത്തി ലോകത്തിനു മുന്നിൽ അവതരിപ്പിക്കുന്നുവെന്നുമാത്രം. നിങ്ങൾക്കു ഇഷ്ടമുള്ളതു നിങ്ങളുടെ ഉപകരണത്തിൽ വായിക്കുക. എന്റെ ഐഡിയ ഞാൻ മാറ്റാൻ തയ്യാറാണ്. വിവരണത്തിനു ശേഷം റഹ്മാൻ അവരെ യാത്രയാക്കുകയാണ്. പിറ്റേന്നു രാത്രി മുന്നൊരുക്കങ്ങളില്ലാതെ ഇലഞ്ഞിത്തറ മേളത്തിലെന്നപോലെ ഒരു വലിയ സംഗീത ഗോപുരം അവർ പടുത്തുയർത്തുന്നു. വെടിക്കെട്ടിന്റെ കൂട്ടിപ്പെരുക്കംപോലെ അതു താളലഹരിയുടെ മൂർധന്യതയിൽ അവസാനിക്കുന്നു.  പലരും ഇയർ ഫോൺ അഴിക്കാൻ മറന്നു താള, ദൃശ്യവിസ്മയത്തിന്റെ ലോകത്തു കണ്ണടച്ചിരിക്കുന്നു. ഇരുളുന്ന സ്ക്രീനിൽ പതുക്കെ തെളിയുന്നു, സംവിധാനം ...... ശ്രുതി ഹരിഹര സുബ്രമണ്യം.