കരിയർ അവസാനിച്ചെന്നു തോന്നുന്നു, ഇനി നിയമനടപടി: ചിൻമയി

ചിൻമയി

'ഒടുവിൽ നമ്മളോർക്കുക നമ്മുടെ ശത്രുക്കളുടെ വാക്കുകളാവില്ല, സുഹൃത്തുക്കളുടെ നിശബ്ദതയായിരിക്കും,'- മാർടിൻ ലൂഥർ കിങിന്റെ വാക്കുകളാണ് ഗായികയും ഡബിങ് ആർട്ടിസ്റ്റുമായ ചിന്മയിയുടെ വാട്ട്സാപ്പിലെ മുഖചിത്രം. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അവർ നേരിടുകയും കടന്നുപോകുകയും ചെയ്യുന്ന സംഭവങ്ങളെ ആ വാക്കുകൾ കൃത്യമായി അടയാളപ്പെടുത്തുന്നുണ്ട്.  ചലച്ചിത്രമേഖലയിലെ ചൂഷണങ്ങൾ തുറന്നു പറഞ്ഞതിന്റെ പേരിൽ ഡബിങ് ആർട്ടിസ്റ്റ്സ് യൂണിയനിൽ നിന്ന് പുറത്താക്കപ്പെട്ട ചിന്മയിയുടെ ഒറ്റയാൾപ്പോരാട്ടം തമിഴ് ചലച്ചിത്രലോകത്തെ ഒന്നാകെ ഞെട്ടിച്ചിരുന്നു. മുതിർന്ന ഗാനരചയിതാവ് വൈരമുത്തുവിനെതിരെ ലൈംഗികാരോപണം ഉന്നയിച്ചതിനു പിന്നാലെ നടൻ രാധാരവിയ്ക്കെതിരെയും ചിന്മയി തുറന്നടിച്ചു. പ്രതികാരനടപടിയെന്ന വണ്ണം ചിന്മയിയെ ഡബിങ് ആർട്ടിസ്റ്റ്സ് യൂണിയനിൽ നിന്നു പുറത്താക്കി. 'എന്റെ ഡബിങ് കരിയർ ഏകദേശം അവസാനിച്ചിരിക്കുന്നു. പാട്ടിന്റെ കാര്യങ്ങൾ എന്താകുമെന്ന് അറിയില്ല', ചിന്മയി പറയുന്നു. മനോരമ ഓൺലൈനിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് ചിന്മയി മനസു തുറന്നത്. യൂണിയന്റെ നടപടിക്കെതിരെ കോടതിയെ സമീപിക്കുമെന്നും ചിന്മയി അറിയിച്ചു. 

ഇത് പ്രതീക്ഷിച്ചത്

ഡബിങ് യൂണിയന്റെ നടപടി ഞാൻ പ്രതീക്ഷിച്ചിരുന്നു. യൂണിയനിലെ പ്രമുഖർക്കെതിരെ ചോദ്യങ്ങളുന്നയിക്കുകയോ പരാതിപ്പെടുകയോ ചെയ്യുന്നവരെ പുറത്താക്കുക എന്ന നയമാണ് ഇതുവരെ അവർ സ്വീകരിച്ചിട്ടുള്ളത്. ഡബിങ് ആർട്ടിസ്റ്റുകളുടെ പ്രതിഫലത്തിന്റെ പത്തു ശതമാനം ഒരു വൗച്ചറോ ഒപ്പോ ഔദ്യോഗിക രേഖയോ കൂടാതെ എടുക്കുകയും അംഗത്വത്തിന് അവർ നിശ്ചയിക്കുന്ന ലക്ഷങ്ങൾ ഈടാക്കുകയും ചെയ്യുന്ന ഒരു സംവിധാനമാണത്. അതിനാൽ, എന്നെ പുറത്താക്കുന്നതായിരിക്കും അവരുടെ ആദ്യ നടപടിയെന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നു. ഇങ്ങനെയൊക്കെയാണ് അവരുടെ പ്രവർത്തനങ്ങൾ. എന്നെ പുറത്താക്കിയതു സംബന്ധിച്ച് ഔദ്യോഗികമായ അറിയിപ്പൊന്നും എനിക്ക് ലഭിച്ചിട്ടില്ല. യഥാർത്ഥത്തിൽ അവരെനിക്ക് ആദ്യം കാരണംകാണിക്കൽ നോട്ടീസ് അയക്കണമായിരുന്നു. അതിനു ശേഷം ഒരു കമ്മിറ്റി വച്ച് അന്വേഷണം നടത്തിയിട്ടു വേണമായിരുന്നു പുറത്താക്കണോ വേണ്ടയോ എന്ന തീരുമാനം എടുക്കേണണ്ടത്. ഈ നടപടികളൊന്നും ഇക്കാര്യത്തിൽ സംഭവിച്ചിട്ടില്ല. ഞാൻ ഇപ്പോൾ നാട്ടിൽ ഇല്ലാത്തതുകൊണ്ടായിരിക്കാം ഇങ്ങനെ സംഭവിച്ചത്. ഏകദേശം ഒരു മാസത്തോളമായി സംഗീതപരിപാടിയുമായി ഞാൻ അമേരിക്കയിലാണ്. അതിനാൽ ഔദ്യോഗികമായി യാതൊന്നും ഞാൻ കൈപ്പറ്റിയിട്ടില്ല. 

നിയമപരമായി നേരിടും

ഒരു അംഗത്തെ യൂണിയനിൽ നിന്നു പുറത്താക്കുന്നതിനു സ്വീകരിക്കേണ്ട നടപടികൾ യൂണിയൻ എടുത്തിട്ടില്ല. അതിനാൽ ഇത് നിയമപരമായി നേരിടാനാണ് തീരുമാനം. ഒരു കേസിനു പിറകെ മറ്റൊന്നു എന്ന രീതിയിൽ കേസുകൾ വരുമ്പോൾ തീർച്ചയായും എന്നെ മടുപ്പിക്കുന്നുണ്ട്. എങ്കിലും, നിയമപരമായി നേരിടേണ്ടത് അത്യാവശ്യമാണ്. അതിനാൽ അത് ചെയ്യുക തന്നെ വേണം. കേസിനു പോയി യൂണിയനിലുള്ള അംഗത്വം പുനഃസ്ഥാപിച്ചാലും ഡബിങ് ചെയ്യാൻ അവർ എന്നെ അനുവദിക്കില്ല. 

ഡബിങ്ങിനു വിളിക്കില്ല

ഡബിങ് ആർട്ടിസ്റ്റ് ഭൂമ റാവുവിന്റെ കാര്യം ഞാനെന്റെ ട്വിറ്റർ ഹാൻഡിലിൽ പരാമർശിച്ചിരുന്നു. യൂണിയൻ നേതാവായ രാധാരവിയ്ക്കെതിരെ ലൈംഗികാരോപണം ഭൂമ റാവു ഉന്നയിച്ചിരുന്നു. തുടർന്ന് ഭൂമ റാവുവിനെ യൂണിയനിൽ നിന്നു പുറത്താക്കി. അവർ കോടതിയിൽ പോയി അനുകൂല വിധി നേടി. പക്ഷേ, അവരെ ഡബിങ്ങിനു വിളിക്കരുതെന്ന കർശന നിർദേശം അണിയറപ്രവർത്തകർക്കു നൽകിയിരിക്കുകയാണ്. ഓഡിഷനിലൂടെ അവരുടെ ശബ്ദം സീരിയലിനോ സിനിമയ്ക്കോ തെരഞ്ഞെടുക്കപ്പെട്ടാലും അവരെ ആ ജോലി ചെയ്യുന്നതിനു വിളിയ്ക്കില്ല. അതുകൊണ്ട്, ഭാവിയിൽ എന്തു സംഭവിക്കുമെന്ന് എനിക്ക് അറിയില്ല. 

തുടരുന്ന തൊഴിൽ നിഷേധം

യൂണിയന്റെ നിലപാടു തീർച്ചയായും ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്നതിൽ സംശയമില്ല. കഴിഞ്ഞ കുറെ വർഷങ്ങളായി യൂണിയൻ ഇത്തരത്തിലുള്ള സമീപനമാണ് സ്വീകരിക്കുന്നത്. യൂണിയനെ വിമർശിക്കുകയോ പരാതികൾ ഉന്നയിക്കുകയോ ചെയ്യുന്നവരെ പുറത്താക്കും. അവർക്കു ലഭിച്ചുകൊണ്ടിരുന്ന ഡബിങ് അവസരങ്ങൾ ഇല്ലാതാക്കും. ഇതു തന്നെയാണ് എന്നോടു ചെയ്യുന്നതും. 

പിന്തുണച്ചത് താപ്സി പന്നു

തമിഴ് ചലച്ചിത്രമേഖലയിൽ നിന്ന് എന്നെ പിന്തുണച്ചതു വളരെ കുറച്ചുപേർ മാത്രമാണ്. രാകുൽ പ്രീത്, താപ്സി പന്നു എന്നിവരൊക്കെ പിന്തുണ അറിയിച്ചു. ഞാൻ ഇപ്പോൾ നാട്ടിൽ ഇല്ലാത്തതിനാൽ വേറെ ആരെങ്കിലുമൊക്കെ ട്വീറ്റ് ചെയ്തിട്ടുണ്ടോ എന്ന് അറിയില്ല. എങ്കിലും വലിയ രീതിയിലുള്ള പിന്തുണയൊന്നും ലഭിച്ചിട്ടില്ല. 

പാട്ടുകൾ ഇനി കിട്ടുമോ?

ആശങ്കയുണ്ട്. പഴയതുപോലെ എന്നെ റെക്കോർഡിങ്ങിനു വിളിക്കുമോ പാട്ടുകൾ ലഭിക്കുമോ എന്നൊന്നും അറിയില്ല. ഇപ്പോൾ സംഗീതപരിപാടിയുടെ തിരക്കിലാണ്. നാട്ടിൽ എത്തിയാലാണ് സത്യത്തിൽ പാട്ടുകാരി എന്ന നിലയിലുള്ള എന്റെ അവസരങ്ങളെ ഇത് ബാധിച്ചിട്ടുണ്ടോ എന്ന് അറിയാൻ കഴിയൂ. എന്തായാലും ഡബ്ബിങ് കരിയർ ഏകദേശം അവസാനിച്ചെന്നു തോന്നുന്നു. 96 പോലൊരു നല്ല സിനിമയിലൂടെ അവസാനിപ്പിക്കാൻ കഴിഞ്ഞതിൽ സന്തോഷം (96 ലെ ഗാനങ്ങൾ ആലപിച്ചതും തൃഷയുടെ കഥാപാത്രത്തിനു ശബ്ദം നൽകിയതും ചിൻമയി ആയിരുന്നു). ഡബിങ് യൂണിയന്റെ പാത പിന്തുടർന്ന് സംഗീതജ്ഞരുടെ യൂണിയൻ സമാനമായ നടപടി സ്വീകരിക്കുമോ എന്നറിയില്ല. 

മാതൃകയാക്കാവുന്നത് ബോളിവുഡ്

തമിഴിലെ പോലെ മലയാളത്തിലും ഇത്തരത്തിൽ സംഭവങ്ങൾ നടക്കുന്നുവെന്ന് കേൾക്കുന്നത് ദൗർഭാഗ്യകരമാണ്. കുറച്ചുപേരെങ്കിലും ഇതിനെതിരെ ശബ്ദമുയർത്താൻ തയ്യാറായല്ലോ! തമിഴിലും മലയാളത്തിലും പലരും നിശബ്ദരായിരിക്കുമ്പോൾ ബോളിവുഡിൽ കാര്യങ്ങൾ വ്യത്യസ്തമാണ്. ലൈംഗികാതിക്രമം നടത്തുന്നവർക്കെതിരെ അവിടെ നടപടികൾ ഉണ്ടാകുന്നുണ്ട്. പിന്തുടരാവുന്ന ഒരു മാതൃകയാണ് ബോളിവുഡ് മുന്നിൽ വയ്ക്കുന്നത്. എന്നാൽ ഇവിടെ, അതിക്രമം നടത്തുന്നവരെ വളർത്തുകയും ശബ്ദമുയർത്തുന്നവരുടെ ചിറകരിയുകയും ചെയ്യുന്നു. ഇതൊക്കെ സംഭവിക്കും എന്ന് അറിഞ്ഞുകൊണ്ടു തന്നെയാണ് ഞാൻ ട്വീറ്റ് ചെയ്തത്. അങ്ങനെ തന്നെ സംഭവിച്ചു.