ശിശുദിനത്തിൽ താരമായി കുട്ടി ശ്രേയ

അമ്മയുടെ സാരിത്തുമ്പിൽ തൂങ്ങിയാടുന്ന, അച്ഛന്റെ ചെറുവിരലിൽ പിടിച്ചു നടന്ന് മഞ്ചാടി പെറുക്കുന്ന പ്രായം. പക്ഷേ അവൾ പാടുന്ന പാട്ടുകളും ആ പാട്ടിലൂടെ അവൾ സമ്മാനിച്ച നിമിഷങ്ങളും അവളുടെ അച്ഛനുമമ്മയ്ക്കും വിസ്മയമാണ്. അവരിരൊക്കലും സ്വപ്നം കണ്ടിട്ടില്ലാതവയായിരുന്നു. ജന്മസിദ്ധമായ കഴിവുകൊണ്ട് തങ്ങൾക്കു മുൻപേ നടന്നു പോകുന്ന മകളെക്കണ്ട് അത്ഭുതംകൂറുകയാണവർ. അങ്ങനെ പാട്ടു പാടിക്കൊണ്ട് മുൻപേ പറക്കുന്ന പക്ഷിയായ മകളെ കുറിച്ചാണ് ഈ ശിശുദിനത്തിൽ മനോരമ ഓൺലൈൻ പങ്കുവയ്ക്കുന്നത്. ശ്രേയ ജയദീപ്. പത്താം വയസെത്തും മുൻപേ മലയാള ചലച്ചിത്ര സംഗീതത്തിൽ നല്ലൊരിടം നേടിയെടുത്ത കുഞ്ഞു വാനമ്പാടിയുടെ വിശേഷങ്ങളറിയാം.

പാട്ടൊരു കൂടെപ്പിറപ്പ്

സംഗീത പാരമ്പര്യമുള്ള കുടുംബമല്ല ശ്രേയയുടേത്. പക്ഷേ എല്ലാവരും പാട്ടു പ്രിയരായിരുന്നു. കൊഞ്ചി കൊഞ്ചി മകൾ സംസാരിച്ചു തുടങ്ങിയപ്പോഴേ അവൾക്കൊപ്പം ഈണംമുണ്ടായിരുന്നു. മൂന്നര വയസു മുതൽക്കേ ശ്രേയ പാട്ടു പഠിക്കാൻ തുടങ്ങി. അന്നു മുതൽക്കേ വേദികൾ അവൾക്കു കൂട്ടുകാരായിരുന്നു. പത്താം വയസിലെത്തി നിൽക്കുമ്പോൾ അമ്പതിലേറെ ആൽബങ്ങളിലും ഏഴു സിനിമകളിലും ശ്രേയ പാടി. പ്രശസ്തരായ സംഗീത സംവിധായകർ നയിക്കുന്ന ഗാനമേളകളിലൂടെ എണ്ണിയാലൊടുങ്ങാത്ത വേദികളും. അമർ അക്ബർ അന്തോണിയിലെ എന്നോ ഞാനെന്റെ മുറ്റത്തൊരറ്റത്ത് എന്ന ഗാനമാണ് ശ്രേയയെന്ന കുഞ്ഞു ഗായികയെ ഏറെ പ്രശസ്തയാക്കിയത്. കോഴിക്കോട് സ്വദേശിയാണ് ഈ മിടുക്കി. അമ്മ പ്രസീത. അച്ഛൻ ജയദീപിന് കൺസ്ട്രക്ഷൻ ബിസിനസാണ്. ഒന്നാം ക്ലാസുകാരൻ സൗരവ് അനുജനും.

ശ്രേയ ഘോഷാലും ചിത്രയും

ശ്രേയാ ഘോഷാലും ചിത്രയുമാണ് ഇഷ്ട ഗായകരെന്ന് ശ്രേയ. അവരെപ്പോലെയാകാനാണ് ആഗ്രഹം. പാട്ടുകാരിലേറെപ്പേരെയും കണ്ടു എങ്കിലും ശ്രേയയെ മാത്രം ഇതുവരെ കാണാൻ കഴിഞ്ഞില്ല. ഈ മാസം ഇരുപത്തിയെട്ടിന് മനോരമ ഓൺലൈൻ സംഘടിപ്പിക്കുന്ന ജയരാഗങ്ങളിൽ ശ്രേയ എത്തുമ്പോൾ കാണാൻ കാത്തിരിക്കുകയാണ് ഈ കുഞ്ഞു ശ്രേയ. അമർ അക്ബർ അന്തോണിയിൽ താൻ പാടിയ പാട്ട് ഹിറ്റായതിനേക്കാൾ ഈ കൊച്ചു മിടുക്കിക്ക് സന്തോഷം ശ്രേയയെ അടുത്തു തന്നെ കാണാൻ പറ്റുമല്ലോയെന്നോർത്താണ്.

നിർണായകമായ റിയാലിറ്റി ഷോ

പ്രമുഖ ചാനലിലെ റിയാലിറ്റി ഷോയിലൂടെയാണ് ശ്രേയ ശ്രദ്ദേയയാകുന്നത്. ഏഴു മുതൽ പതിന്നാല് വയസു വരെയുള്ള കുട്ടികൾക്കായി നടത്തിയ റിയാലിറ്റി ഷോയിലെ ഏറ്റവും ചെറിയ കുട്ടി. അതുകൊണ്ടു തന്നെ ശ്രേയ മത്സരാർഥികൾക്കുൾപ്പെടെ കുഞ്ഞനുജത്തിയായിരുന്നുവെന്ന് അമ്മ പ്രസീത ഓർക്കുന്നു. മത്സരത്തിന്റെ ഭാരമില്ലാതെയായിരുന്ന ശ്രേയ ഓരോ ഘട്ടങ്ങളും കടന്നത്. പാട്ടിൽ ഏറെ പഠിക്കാൻ കഴിഞ്ഞ നിമിഷങ്ങളായിരുന്നു. അന്ന് എം ജയചന്ദ്രനു മുന്നിൽ ലാലീ ലാലീ പാടിയതാണ് ശ്രേയയ്ക്ക് സിനിമാ ലോകത്തേക്ക് വാതിൽ തുറന്നത്.

അവൾ തന്നതെല്ലാം വിസ്മയങ്ങൾ

ശ്രേയ സമ്മാനിച്ച ഏറ്റവും നല്ല നിമിഷമേതെന്നു ചോദിച്ചാൽ ശ്രേയയുടെ അച്ഛൻ ജയദീപിന് പറയാനുള്ളത് ഈ ഉത്തരമാണ് എല്ലാം നല്ല നിമിങ്ങളും ഞങ്ങളൊരിക്കലും പ്രതീക്ഷിക്കാത്ത കാര്യങ്ങളായിരുന്നു അവൾ ജീവിതത്തിൽ തന്നത്. റിയാലിറ്റി ഷോക്കിടെ ലാലീ ലാലീ പാടിയപ്പോൾ ജയചന്ദ്രൻ സർ വന്ന് അവളെ കെട്ടിപ്പിടിച്ച രംഗം മനസിൽ നിന്നു മായുന്നില്ല. യേശുദാസിനും ചിത്രയ്ക്കും മുന്നിൽ മകൾ പാടി. അവരുടെ അനുഗ്രഹം വാങ്ങി. ഒരിക്കൽ പോലും കാണാൻ കഴിയില്ലെന്ന് വിചാരിച്ചവർക്കൊപ്പമിരുന്ന് ഭക്ഷണം കഴിക്കുമ്പോൾ മകളെ അവർ ചേർത്തു നിർത്തുമ്പോൾ പറയാനാകുന്നില്ല എന്താണ് മനസിലെന്ന്. ജീവിതം അവളാണ് മാറ്റിമറിച്ചത്.

മടിയില്ല ഒന്നിനും

ക്ലാസിക്കലും ലളിത ഗാനവും പഠിക്കുന്നുണ്ട് ശ്രേയ വർഷങ്ങളായി. ഒന്നിനും മടിയില്ല. പാട്ടും പഠനവും ഒരുമിച്ച് കൊണ്ടുപോകും. ആരും അതവൾക്ക് പറഞ്ഞുകൊടുക്കുകയൊന്നും വേണ്ട. പരിപാടികൾ കാരണം ക്ലാസുകൾ മുടങ്ങുമെങ്കിലും അതെല്ലാം എഴുതിയെടുത്ത് കൂട്ടുകാർക്കൊപ്പമെത്തിക്കോളും മകൾ. കുട്ടികളുടെ കുസൃതിത്തരങ്ങൾക്കപ്പുറം കാര്യ ഗൗരവമുള്ള കുട്ടി. അമ്മ പ്രസീത പറയുന്നു സന്തോഷത്തോടെ.

പ്രശസ്തിയൊന്നും അറിയാറായില്ല

ഒട്ടേറെ ചാനലുകളിൽ ശ്രേയ അതിഥിയാണ് ശിശുദിനത്തിൽ. സിനിമയിൽ പാടിയ പാട്ടും ഹിറ്റ്. റിയാലിറ്റി ഷോയിലൂടെ സാധാരണക്കാർക്കും സുപരിചിത.എങ്കിലും ആ പ്രശസ്തിയെ കുറിച്ചൊന്നും മകൾക്കറിയില്ല. സ്കൂളിൽ അവൾ തീർത്തും സാധാരണ കുട്ടി. കൂട്ടുകാരോടൊപ്പം കളിച്ചു നടക്കും. ശ്രേയയുടെ സോഷ്യൽ മീഡിയ പേജ് നോക്കുന്നത് ഞങ്ങൾ രണ്ടു പേരും ചേർന്നാണ്. ഒരുപാട് പേർ വരാറുണ്ട് പേജിലേക്ക്. മെസേജുകളും ആശംസകളും ഏറെക്കിട്ടും. അതിനെ കുറിച്ചൊന്നും അവൾക്ക് അറിവില്ല. ശ്രേയയുടെ അമ്മ പറയുന്നു.

ഇനി പാട്ടു തന്നെ....

പാട്ടിന്റെ ലോകത്ത് മകൾ തുടരണമെന്നാണ് ആഗ്രഹം. അവൾക്കൊപ്പം എത്ര ദൂരവും ആ ലക്ഷ്യത്തിനായി സഞ്ചരിക്കുവാൻ ഞങ്ങളും ഒപ്പം നിൽക്കും. കോഴിക്കോട് ദേവഗിരി സ്കൂളിൽ അഞ്ചാം ക്ലാസ് വിദ്യാർഥിനിയാണ് ശ്രേയ. സ്കൂളിലെ അധ്യാപകരും പ്രത്യേകിച്ച് പ്രിന്‍സിപ്പിൽ ഫാദർ ജോണി കാഞ്ഞിരത്തിങ്കലും നൽകുന്ന പിന്തുണയ്ക്ക് അതിരുകളില്ല. എല്ലാവർക്കും ആഗ്രഹം അവൾ പാട്ടുകാരിയാകണമെന്നു തന്നെയാണ് അമ്മ പ്രസീത പറഞ്ഞു.