ഈ മേക്കോവർ അറിഞ്ഞുകൊണ്ട് ചെയ്തതല്ല: മഞ്ജരി

മഞ്ജരി എന്ന ഗായികയെ നമുക്കറിയാം. എന്നാൽ അനുരാഗം എന്ന ആൽബത്തിൽ അഭിനയിച്ചതോടെ മഞ്ജരി ആകെ മാറിപ്പോയോ എന്നെല്ലാവർക്കും സംശയം. പഴയ മഞ്ജരി മേക്കോവർ നടത്തി മോഡേൺ ആയ പോലെ. മാത്രമല്ല പണ്ട് സ്റ്റേജുകളിൽ പാട്ടിനൊപ്പം താളം പിടിക്കാൻ പോലും മടിച്ചിരുന്ന മഞ്ജരി ആൽബത്തിൽ അഭിനയിക്കുകകൂടി ചെയ്തതോടെ ആളുകൾ അടക്കം പറഞ്ഞു, മഞ്ജരി മേക്കോവറിന്റെ പാതയിലാണ്. ഇതിനുള്ള മറുപടി ഗായിക തന്നെ പറയുന്നു.

പാട്ടുകളിൽ മഞ്ജരി സെലക്ടീവായി തുടങ്ങിയോ?

ഞാൻ സെലക്ടീവായിട്ടില്ല. എനിക്ക് കിട്ടേണ്ട പാട്ടുകൾ കിട്ടുന്നുണ്ടെന്നു തന്നെയാണ് വിശ്വാസം. ഞാനായിട്ട് പാട്ടുകളൊന്നും വേണ്ടെ്ന്ന്വച്ചിട്ടില്ല. എനിക്ക് കിട്ടിയതെല്ലാം മികച്ച ഗാനങ്ങളാണ്. ഇല്ലായ്മ എനിക്ക് തോന്നിയിട്ടില്ല. ഉറുമിയിലെ പാട്ടിറങ്ങിയ വർഷം ഞാൻ അതുമാത്രമേ പാടിയിട്ടുള്ളു. നൂറ് പാട്ട് പാടിയിട്ട് രണ്ടെണ്ണം ശ്രദ്ധിക്കപ്പെടുന്നതിലും നല്ലത് കിട്ടുന്ന പാട്ടുകൾ മികച്ചതാവുക എന്നതാണ്. എന്റെ സംഗീത സംവിധായകരും സംവിധായകരും സെലക്ടീവാകുന്നുണ്ടാവും. അങ്ങനെ ഒരു പാട്ടു വരുമ്പോഴെ എന്റെ മുഖം അവരുടെ മനസിൽ വരൂ.

ശ്രേയ ഘോഷാൽ കാരണം പാട്ടുകുറഞ്ഞു എന്ന പരാതി ഉണ്ടോ?

അത്തരം പറച്ചിലുകളിൽ യാതൊരു കഴമ്പുമില്ല. അത് സംഗീതസംവിധായകരുടേയും നിർമാതാവിന്റേയും ചോയിസാണ് ആരു പാടണമെന്നത്. അവർക്കതു തീരുമാനിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. നമ്മുടെ എത്രയോ ഗായകർ അന്യഭാഷകളിൽ പാടുന്നുണ്ട്. പണ്ട് ശങ്കർജിയൊക്കെ ഇവിടെ വന്ന് സ്ഥിരം പാടിയിരുന്നില്ലേ? അതുകൊണ്ട് അത്തരം പരാതികളിൽ യാതൊരു അർഥവുമില്ല.

അനുരാഗം എന്ന ആൽബത്തിലെ അഭിനയത്തെക്കുറിച്ച്?

അനുരാഗത്തെ ആൽബം എന്നു പറയാനാകില്ല. സിംഗിളാണ്. ആൽബം എന്നാൽ ഒരുപാട് പാട്ടുകളുണ്ടാവും. അഭിനയം കണ്ടിട്ട് എല്ലാവരും അഭിനന്ദിച്ചു, പ്രോത്സാഹനം നൽകി. ജോഷിസാറും സത്യൻ അന്തിക്കാട് സാറും മമ്മുക്കയും ഒക്കെവിളിച്ച് അഭിനയം നന്നായെന്നു പറഞ്ഞു. ആരും മോശമായെന്നു പറഞ്ഞില്ല. ഞാൻ പ്രൊഡ്യൂസ് ചെയ്ത സിംഗിളാണ്. അതുകൊണ്ട് മോശമായെന്ന് പറയാൻ ആർക്കും ധൈര്യമുണ്ടാവില്ല.

സിനിമയിൽ ചാൻസു ലഭിച്ചാൽ അഭിനയിക്കുമോ?

അയ്യോ, അതൊന്നും പറയാൻ കഴിയില്ല. അപ്പോഴത്തെ തീരുമാനം പോലെയിരിക്കും. മനസിന് സന്തോഷം തരുന്ന കാര്യങ്ങൾ ചെയ്യുക. അതാണെന്റെ പോളിസി. ഹിന്ദിയിൽ ഒരു സിംഗിൾ റിലീസിനൊരുങ്ങുകയാണ് .അതിൽ ഞാൻ പാടിയിട്ടേ ഉള്ളൂ. അഭിനയിച്ചിട്ടില്ല.

മഞ്ജരി മാറിപ്പോയെന്നാണ് എല്ലാവരും പറയുന്നത്. മേക്കോവർ നടത്തിയോ?

എല്ലാവരും എന്നോട് ചോദിക്കുന്ന ചോദ്യമാണിത്. സത്യത്തിൽ അറിഞ്ഞുകൊണ്ട് ഒരുമേക്കോവറും നടത്തിയിട്ടില്ല. പ്രകൃതി കനിഞ്ഞു തന്ന മാറ്റമായിരിക്കാം. ഞാൻ ഇപ്പോൾ മുംബൈയിലാണ് താമസിക്കുന്നത്. പാട്ട് പഠിക്കാൻ വേണ്ടിയാണ് മുംബൈയിൽ താമസമാക്കിയത്. അല്ലാതെ മേക്കോവറിനു വേണ്ടിയല്ല. ഞാൻ വിമൻസ് കോളജിലാണ് പഠിച്ചത്. അവിടെ അടങ്ങി ഒതുങ്ങി നിന്ന് പാടണമെന്നാണ് പഠിപ്പിച്ചിട്ടുള്ളത്. ചുരിദാറിന്റെ ദുപ്പട്ടയൊക്കെ രണ്ടുവശത്തും പിന്നൊക്കെ കുത്തി വച്ചാണ് പാടാൻ പോയിരുന്നത്. അന്നൊക്കെ പുതച്ച് നടന്ന് പാടുന്ന കുട്ടി എന്നാണ് ഞാൻ അറിയപ്പെട്ടിരുന്നത്.

പണ്ട് സ്റ്റേജിൽ താളം പിടിക്കാൻ പോലും മടിച്ചിരുന്ന മഞ്ജരിയാണ് ഇപ്പോൾ പാട്ടും പാടി അഭിനയിക്കുന്നത്?

പണ്ട് സ്റ്റേജിൽ വച്ച് പാടുമ്പോൾ ഞാൻ നൃത്തം ചെയ്യാൻ ഭയന്നിരുന്നു. വോക്കൽ കോഡിനു സ്ട്രെയിൻ വന്നാൽ പാടാൻ ബുദ്ധിമുട്ടാണ്. അതുകൊണ്ടാണ് മടിച്ചിരുന്നത്. ഇന്ന് പാട്ട് മാത്രം എന്ന സങ്കൽപം മാറി. പെർഫോമൻസായി. പ്ലേബാക്ക് സിങ്ർ എന്ന രീതി മാറി പെർഫോമറായി എല്ലാവരും. അങ്ങനെ പാട്ടും നൃത്തവും ഒരുമിച്ച് കൊണ്ടുപോകാൻ കഴിയുന്നവർ അത് ചെയ്യട്ടെ. അതിൽ എന്താണ് തെറ്റ്?

ഇനിയുള്ള കാലം പിടിച്ചു നിൽക്കാൻ സംഗീതം മാത്രം പോര എന്ന തോന്നുന്നുണ്ടോ?

സ്വന്തം കഴിവുകളിൽ വിശ്വാസമുള്ളവർക്ക് പാട്ട് മാത്രം മതി എന്നാണ് ഞാൻ കരുതുന്നത്. ഒരുപാട് പേര് കൂടി നിൽക്കുന്നിടത്തത് ഒരാളെങ്കിലും നമ്മുടെ പാട്ട് ശ്രദ്ധിച്ചാൽ അത് നമുക്ക് കിട്ടുന്ന അംഗീകാരമാണെന്ന് ഞാൻ വിശ്വസിക്കുന്നു. അനാർക്കലിയിലാണ് അവസാനം പാടിയ ചിത്രം. മമ്മൂട്ടിയും നയൻതാരയും അഭിനയിക്കുന്ന പുതിയ നിയമമാണ് റിലീസാവാനുള്ള ചിത്രം.