Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘പൂമരം’ പാടിയ പാട്ടുകാരനും പറയാനുണ്ട് ചിലത്...

poomaram-song-story

എല്ലാ കോളെജിലും കാണും ഇങ്ങനെയൊരാൾ. മരത്തണലുകൾക്കു താഴെയിരുന്ന് പാടിയും വെറുതെ വർത്തമാനം പറഞ്ഞും നമുക്കൊപ്പമിരുന്നയാള്‍. കലാലയത്തിലെ മഞ്ഞിനും മഴയ്ക്കും പൂക്കാലത്തിനും ഒപ്പം സഞ്ചരിക്കുന്നവൻ. ആ മണ്ണിനെ മറ്റാരേക്കാളും നന്നായി അറിയാവുന്നൊരാൾ. ഒരിക്കലും അവിടം വിട്ടുപോകാൻ ഉദ്ദേശമില്ലെന്നു തോന്നും ക്യാംപസിനുള്ളിലൂടെയുള്ള  അലസമായ ആ നടപ്പു കണ്ടാൽ.  അങ്ങനൊരാളാണ് നമ്മൾ ഇപ്പോൾ കേട്ടുകൊണ്ടിരിക്കുന്ന പൂമരം പാട്ട് പാടിയത്...അതിന് ഈണമിട്ടത്. ഫൈസൽ റാസി. 

ഒരു ഗിത്താറും പിടിച്ചാണ് കക്ഷിയുടെ നടപ്പ്...മഹാരാജാസിലെ മരത്തണലുകളാണ് പാട്ടുണ്ടാക്കാനും പാടാനുമുള്ള ഇടം. എപ്പോഴും ഒരു പറ്റം പിള്ളേരും ഒപ്പമുണ്ട്. എല്ലാരും പാട്ട് തലയ്ക്കു പിടിച്ചു പോയവർ. അവർക്കൊപ്പമിങ്ങനെ വെറുതെ നടന്നിരുന്നൊരു ദിനമാണ് എബ്രിഡ് ൈഷന്‍ ക്യാംപസിലെത്തിയത്...പിന്നെയെല്ലാം പൂമരം പോലെ ചന്തമുള്ളൊരു പാട്ടു കഥ. ഫൈസല്‍ റാസിയ്ക്കൊപ്പം കുറച്ചു നേരം...

വെറുതെ പാടി സിനിമയിലേക്ക്....

മഹാരാജാസിൽ വച്ചാണ് എബ്രിഡ് ഷൈൻ സാറിനെ ആദ്യമായി കാണുന്നത്, സംസാരിക്കുന്നത്. കുറേ പിള്ളേർക്കൊപ്പമായിരുന്നു സാര്‍ അന്നേരം. ഗിത്താറും തൂക്കി നിന്നതു കൊണ്ടാകണം, എന്നോട് ഒരു പാട്ടു പാടാൻ പറഞ്ഞു. മാഹാരാജാസിൽ വന്ന കാലം തൊട്ടേ കേൾക്കുന്ന ആ പാട്ട്, ഞങ്ങൾടെ സ്വന്തം പാട്ട്, പാടി. വെറുതെ ഗിത്താർ മീട്ടി റഫ് ആയിട്ടാണ് പാടിയത്. പാടി കഴി‍ഞ്ഞിട്ട് സാറിനോടു പറഞ്ഞു, ഇത് ഞങ്ങൾ ആൽബം ആക്കി ഇറക്കാൻ പോകുകയാണെന്ന്...അന്നേരം സാർ ചോദിച്ചു, ആൽബം ആക്കാതെ സിനിമയിലേക്ക് എനിക്ക് തന്നു കൂടേയെന്ന്...അങ്ങനെയാണ് ഞാനും സിനിമയും തമ്മിൽ പരിചയക്കാരായത്....

സാർ കോളെജിൽ ഓഡിഷനു വന്നതാണ്. കോളെജിനേയും പിള്ളേരേയും ഒന്ന് കാണാൻ. ഒത്തിരി കുട്ടികളുണ്ടായിരുന്നു. അവരിൽ നിന്നാണ് എന്നെ സെലക്ട് ചെയ്തത്. എല്ലാം ഒരു ഭാഗ്യം അങ്ങനയേ കരുതുന്നുള്ളൂ. 

എനിക്കൊരു വേഷവും സർ  തന്നു സിനിമയിൽ.  എനിക്ക് വിശ്വസിക്കാനായിരുന്നില്ല ആദ്യമൊന്നും. ഈ പാട്ട് ഇങ്ങനെ വൈറലാകുമെന്ന് ഞാനൊരിക്കലും പ്രതീക്ഷിച്ചില്ല. പക്ഷേ സാർ പറയുമായിരുന്നു ഈ പാട്ട് കേരളം ഏറ്റെടുക്കുമെന്നൊക്കെ. ആകെ ഞെട്ടിപ്പോയി എന്നു പറഞ്ഞാൽ മതിയല്ലോ. എന്റെ ഒരു ഗാനം കൂടി ചിത്രത്തിലുണ്ട്. 

സ്വന്തം ഗാനം ഏറ്റുപാടേണ്ടി വന്നപ്പോൾ വിഷമം തോന്നിയോ?

ഒരിക്കലുമില്ല. അവൻ പാടിയതു കൊണ്ടാണ് ഇത്രയും ഹിറ്റ് ആയത്. നല്ല തന്മയത്തത്തോടെ പാടി. നല്ല ഭംഗിയുള്ള മുഖം വച്ച് യാഥാർഥ്യതതയോടെ എന്റെ സ്വരം പാടിയത്. നല്ലൊരു അഭിനേതാവാണ് എന്ന് നേരത്തേ തെളിയിച്ചയാളാണല്ലോ കാളിദാസ്. ഞാൻ തന്നെ ഇടയ്ക്കു വിചാരിച്ചു ശരിക്കും ഞാനാണോ പാടുന്നതെന്ന്. അത്രയേറെ യാഥാര്‍ഥ്യതയുണ്ടായിരുന്നു അഭിനയത്തിന്. എനിക്കൊത്തിരി ഇഷ്ടപ്പെട്ടു. 

ഷൂട്ടിങ് തന്നെ രസകരമായിരുന്നു. ഒരു ബോക്സിൽ പാട്ട് വച്ചിരുന്നു. കണ്ണൻ‌(കാളിദാസ്) ഒരു വയർലെസ് ബ്ലൂ ടൂത്തും വച്ചിരുന്നു. ഞാൻ പാട്ട് പ്ലേ ചെയ്യും. എന്നിട്ട് കണ്ണൻ അതു കേട്ടു പാടും. ഞങ്ങൾ ഏറ്റുപാടും. അങ്ങനെയായിരുന്നു ഷൂട്ടിങ്. ഞങ്ങള്‍ക്കൊപ്പം അഭിനയിച്ച മറ്റെല്ലാവരും വിചാരിച്ചത് കണ്ണൻ തന്നൊണ് ഈ പാട്ട് പാടുന്നതെന്ന്. ഞാൻ അഭിനയിക്കാൻ വന്നൊരാൾ മാത്രമാണ് എന്നാണ് എല്ലാവരും കരുതിയത്. അത്രയേറെ റിയലിസ്റ്റിക് ആയിരുന്നു ഷൂട്ടിങ് പോലും. എല്ലാം കഴിഞ്ഞിട്ടാണ് എബ്രിഡ് ഷൈൻ സാർ പറഞ്ഞത് ഞാനാണ് ഈ ഗാനം പാടിയത് എന്ന്...

കോളെജ് പോലെയായിരുന്നു ഞങ്ങൾടെ ഷൂട്ടിങ് സൈറ്റും എന്നു പറയാം. മൊത്തം പിള്ളേര് ആയിരുന്നു. പലർക്കും പരസ്പരം അറിയാമായിരുന്നു. പിന്നെ പാടുന്നവരുമായിരുന്നു മിക്കവരും. ആകെ മൊത്തം അടിപൊളിയായിരുന്നു. 

ഹൊ രക്ഷപ്പെട്ടെല്ലോ ഇപ്പോഴെങ്കിലും...

കുഞ്ഞിലേ മുതൽക്കേ പാട്ടിനൊപ്പമാണ് ഞാൻ. ആൽബം, പരിപാടികൾ, സ്കൂൾ യൂത്ത് ഫെസ്റ്റിവൽ അങ്ങനെയെല്ലാമായിട്ട് പോകുകയായിരുന്നു. തൃശൂർ ജില്ലയിലെ ചാലക്കുടിക്കടുത്ത ചെറുവാളൂരിലാണ് വീട്. കുഞ്ഞ് ഗ്രാമമാണ് എന്റേത്. അവിടുള്ള എല്ലാരും വല്യ സന്തോഷത്തിലാ. വീട്ടിൽ ഉപ്പേം ഉമ്മേം അനിയത്തിയുമുണ്ട്. എനിക്കെല്ലാ പിന്തുണയും അവരാണ് തരുന്നത്. പാട്ടെന്നും പറഞ്ഞ് ഇറങ്ങി പുറപ്പെട്ടെപ്പോഴും പാട്ടിനൊപ്പം പോയിട്ട് ഒന്നുമാകുന്നില്ലല്ലോ എന്ന് പലരും പറഞ്ഞപ്പോഴും അവര്‍ ഒപ്പം നിന്നു. 

പൂമരം പാട്ട് ആൽബമാക്കി ചെയ്തിട്ട് ആ വഴിക്ക് പോകണം എന്നൊക്കെയാണ് കരുതിയത്. ഇത്രവേഗം സിനിമയിൽ എത്തുമെന്ന് കരുതിയേയില്ല. എബ്രിഡ് ഷൈൻ സാർ ആണ് അതിനു കാരണം. അത്ര പിന്തുണയായിരുന്നു സാര്‍. അദ്ദേഹമില്ലായിരുന്നുവെങ്കിൽ ഞാൻ ഇങ്ങനെയൊന്നും ആകുമായിരുന്നില്ല. ഇനി അദ്ദേഹത്തിന്റെ വാക്കുകൾക്കൊപ്പം മുന്നോട്ട് പോകണം എന്നാണ് തീരുമാനം. 

എന്റെമ്മോ ഞെട്ടിച്ചു...ട്രോളൻമാർക്ക് നന്ദി

ഒരിക്കലും ഈ പാട്ട് ഇത്രയേറെ ഹിറ്റ് ആകുമെന്ന് വിചാരിച്ചേയില്ല. ശരിക്കും. ജീവിതത്തിലൊരിക്കലെങ്കിലും നടക്കുമെന്ന് വിചാരിച്ച കാര്യങ്ങളേയല്ല സംഭവിച്ചത്. പാട്ടു കേട്ടിട്ട്, ഫഹദ് ഫാസിൽ, ജയസൂര്യ എന്നിവർ വിളിച്ചിരുന്നു. പെരുത്ത് സന്തോഷമായി അവരുടെ നല്ല വാക്കുകൾ കേട്ടപ്പോൾ.

എത്ര പിള്ളേരാണ് ഇതുവരെ പാട്ടിനെ കുറിച്ച് പറയാൻ വിളിച്ചതെന്ന് അറിയാമോ? എനിക്കു നിശ്ചയമേയില്ല. എന്തോരം കവർ സോങ്സ് ആണ് വന്നത്. ഒരു മലയാളം പാട്ടിന് ഇങ്ങനെ വരുന്നത് കണ്ടിട്ടില്ല. ഒരുപാട് സന്തോഷം.

ട്രോൾസ് കുറേ കണ്ടിരുന്നു. ചിരിപ്പിച്ചു കൊന്നു മിക്കതും. അവരും കൂടി ഏറ്റെടുത്തത് കൊണ്ടാണ് ഈ പാട്ട് ഇത്രയേറെ ജനകീയമായതെന്ന് എനിക്കു തോന്നുന്നു നന്ദിയുണ്ട് അവരോട്

രോഹിണി ടീച്ചറും...എന്റെ മഹാരാജാസും

പാട്ടിൽ കാണിച്ചിരിക്കുന്ന കഥാപാത്രങ്ങളിലൊന്നാണ് രോഹിണി ടീച്ചർ. മഹാരാജാസിന്റെ ഭാഗമായി മാറായി വിദ്യാർഥിനി എന്നു പറയാം അവരെ. അവിടെ തന്നെ പഠിച്ച് അധ്യാപികയായി അവിടെ തന്നെ കഴിയുന്നവർ. ഞങ്ങൾക്കും അവർക്കു ഞങ്ങളോടും വല്ലാത്തൊരു അടുപ്പമാണ്. എന്ത് വാക്കുകൊണ്ട് അതിനെ വിശേഷിപ്പിക്കണം എന്നൊന്നും അറിയില്ല...

പിന്നെ എന്റെ മഹാരാജാസ്...അതെന്റെ വികാരമാണ്. അവിടെ പഠിക്കാൻ കഴിഞ്ഞതുകൊണ്ടു മാത്രമാണ് ഞാൻ ഇങ്ങനെയായത്. അവിടത്തെ ഓരോ പൂമരത്തോടും പ്രണയമാണെനിക്ക്..,

കുറച്ചു പ്രശ്നങ്ങൾ കാരണം ഡിഗ്രീ പൂർത്തിയാക്കാനായില്ല. ഇപ്പോൾ മുടങ്ങിക്കിടക്കയാണ്. ഈ പാട്ട് കോളെജിൽ നിന്ന് നല്ലൊരു പ്രതികരണം തരും എന്നും എനിക്ക് എന്റെ ഡിഗ്രി പൂർത്തിയാക്കാമെന്നും പ്രതീക്ഷിക്കുന്നു...

എല്ലാത്തിനും മീതെയാണ് എന്റെ കൂട്ടുകാര്...

എഴുതുകയും ഈണമിടുകയും ചെയ്യുന്നവർ. ഞാൻ ഒന്നുമല്ലാതിരുന്ന കാലത്തും പിന്നെ ഇപ്പോഴും ചങ്ക് ആയി കൂടെ നിന്നവർ. അവര്‍ ആണ് എന്റെ എല്ലാം...

Your Rating: