Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒരു കോടി പൂത്ത പൂമരം

poomaram-song

കലാലയത്തിന്റെ ആത്മാവിലൂടെ സഞ്ചരിച്ചെത്തിയ ഗാനം, പൂമരം യുട്യൂബിലൂെട പ്രേക്ഷകർ കണ്ടത് ഒരു കോടിയിലധികം പ്രാവശ്യം. എബ്രിഡ് ഷൈൻ കാളിദാസ് ജയറാമിനെ നായകനാക്കി എടുക്കുന്ന ചിത്രത്തിലെ ഈ പാട്ട് പുറത്തിറങ്ങിയ അന്നു മുതൽക്കേ മേളമാണ്. ഈ പാട്ടിനെ കുറിച്ച് ട്രോളുകളും എഡിറ്റിങ് വിഡിയോകളും കവർ വേര്‍ഷനുകളും ലേഖനങ്ങളുമെല്ലാം ഒരു പൂക്കാലം പോലെയാണ് എത്തിയത്. 

മഹാരാജാസ് കോളെജിലെ വിദ്യാർഥി ഫൈസൽ റാസിയാണ് പാട്ട് ഈണമിട്ടു പാടിയത്. ഒരു പൂക്കാലം പോലെ മനോഹരമായൊരു കഥ തന്നെയുണ്ട് പാട്ടിന്റെ പിറവിക്ക്. ചിത്രത്തിന്റെ മുന്നൊരുക്കങ്ങളുടെ ഭാഗമായാണ് എബ്രിഡ‍് ഷൈൻ മഹാരാജാസിൽ എത്തിയത്. അവിടത്തെ കുട്ടികളുമായി സംവദിക്കുന്നതിനിടയിലാണ് ഗിത്താറും തൂക്കി വന്ന ഫൈസലിനോടു ഒരു പാട്ടു പാടാൻ എബ്രിഡ് ഷൈൻ ആവശ്യപ്പെട്ടത്. മഹാരാജാസ് കോളജിൽ കുറേ നാളായി കുട്ടികൾ പാടിയിരുന്ന ഒരു പാട്ടായിരുന്നു ഫൈസൽ പാടിയത്. മഹാരാജാസിന്റെ സ്വന്തം പാട്ട് ഒരു ആൽബമാക്കി മാറ്റാനുള്ള തീരുമാനം മാറ്റി ഫൈസൽ എബ്രിഡ് ഷൈന്‍ ചിത്രത്തിലെ പാട്ടുകാരനും അഭിനേതാവുമായി. ആരാണീ ഗാനം എഴുതിയതെന്ന കാര്യം അപ്പോഴും അ‍ജ്ഞാതമായിരുന്നു. അക്കാര്യം തേടി കോളജിലെ പൂർവ്വ വിദ്യാർഥികളിലൂടെ തുടങ്ങിയ യാത്ര അവസാനിച്ചത് ദയാൽ സിങ്, ആശാൻ ബാബു എന്നീ സാധാരണക്കാരിലും.

പൂമരം എന്ന പാട്ടിനെ നമുക്കിത്രയേറെ പ്രിയപ്പെട്ടതാക്കിയത് അതിലെ വരികളിലേയും ഈണത്തിലേയും ആലാപനത്തിലേയും നിഷ്കളങ്കതയാണ്. പിന്നെ പാട്ടു വന്ന വഴികളിലെ ലാളിത്യവും. ഒരു ക‌ലാലയത്തിന്റെ ചുവരുകൾക്കുള്ളിൽ നിന്നു മലയാളത്തിന്റെ വെള്ളിത്തിരയിലേക്കു പാറിവന്ന പാട്ടിനെ എത്ര കേട്ടാലും മതിവരുന്നില്ലെന്ന് തെളിയിക്കുന്നു യുട്യൂബിലെ കണക്കുകൾ.