മഞ്ജുവിനെക്കൊണ്ട് പാടിക്കാനായതിൽ അഭിമാനം

മലയാള ചലച്ചിത്ര സംവിധാന രംഗത്ത് ഒട്ടേറെ യുവാക്കളുള്ള കാലമാണിത്. പുതിയ ഈണങ്ങള്‍ തേടിയുള്ള യാത്രയുടെ പാതകളിലുള്ളത് ചുറുചുറുക്കുള്ള തലച്ചോറുകളാണെന്നുള്ളത് വലിയ പ്രതീക്ഷകൾ നൽകുന്നു. അക്കൂട്ടത്തിലൊരാളാണ് രാഹുൽ സുബ്രഹ്മണ്യം. ഫിലിപ്പ് ആൻഡ് മങ്കിപെൻ എന്ന ചിത്രത്തിലൂടെ മലയാളി പരിചയപ്പെട്ട യുവ സംഗീത സംവിധായകൻ, നടി രമ്യാ നമ്പീശന്റെ അനുജൻ. വലിയ ത്രില്ലിലാണ് രാഹുൽ. കാരണം തന്റെ മൂന്നാമത്തെ ചിത്രത്തിലെ പാട്ടുകൾ എത്തിയിരിക്കുന്നു, അത് പ്രേക്ഷക പക്ഷം കേട്ടാസ്വദിക്കുന്നു. അഥിനേക്കാളുപരി അതിലൊരു പാട്ട് പാടിയിരിക്കുന്നത് മഞ്ജു വാര്യർ ആണ് എന്നത് വലിയൊരു കൗതുകവും. പതിനെട്ടു വർഷത്തിനു ശേഷം മഞ്ജു ഗായികയായ പാട്ടിന്റെ ഈണത്തിനുടമ എന്ന അപൂർവതയിൽ നിന്ന് രാഹുൽ സംസാരിക്കുന്നു

മഞ്ജുവെന്ന ഗായികയ്ക്ക് 90 മാർക്ക്

സംഗീത സംവിധായകനെന്ന നിലയിൽ മഞ്ജു വാര്യർക്ക് ഞാൻ 90 മാർക്ക് നൽകും. അത്രയേറെ അനായാസമായാണ് ആ പാട്ട് പാടിയത്. എനിക്കതൊരു ടാസ്കേ ആയിരുന്നില്ല. മഞ്ജു ചേച്ചിയുടെ ആത്മവിശ്വാസം സ്റ്റ്യുഡിയോയിലുണ്ടായിരുന്ന എല്ലാവരേയും അത്ഭുതപ്പെടുത്തി. പാട്ടിന്റെ അനുപല്ലവി സ്റ്റ്യുഡിയോയിലിരുന്ന് തൽസമയം തയ്യാറാക്കിയതാണ്. അതുപോലും പ്രൊഫഷണൽ ഗായികയുടെ മിടുക്കോടെ മഞ്ജു വാര്യർ പാടിത്തീർത്തു. വെറും ഒരു മണിക്കൂറേ എടുത്തുള്ളൂ റെക്കോർഡിങിനും മറ്റുമായി. അതൊരു നിസാര കാര്യമാണോ? സന്തോഷ് വർമയുടെ വരികളും എടുത്ത് പറയേണ്ടതാണ്. ഡു ഡു ഡു ....എന്ന വരികളാണ് പാട്ടിന്റെ പ്രധാന ആകർഷണം. അങ്ങനെ ശ്രോതാവിന്റെ ശ്രദ്ധയെ പാട്ടിന്റെ തുടക്കം മുതൽ ഒടുക്കം വരെ പിടിച്ചു നിർത്തുന്ന പാട്ടെഴുത്തും എന്റെ സംഗീതത്തെ കൂടുതൽ ആളുകളിലേക്കെത്തിച്ചു.

മഞ്ജു വാര്യരെ കൊണ്ട് പാടിക്കാനായതിൽ അഭിമാനം

മഞ്ജു വാര്യരെന്ന പ്രതിഭയെക്കൊണ്ട് എന്റെ പാട്ടിൽ പാടിക്കാനായതിൽ അഭിമാനമുണ്ട്. അവരുടെ അഭിനയത്തെ ഞാനേറെ ഇഷ്ടപ്പെടുന്നു. ആരാധിക്കുന്നു. പതിനാലു വർഷത്തിനു ശേഷമുള്ള മടങ്ങിവരവിൽ, അവരുടെ അഭിനയം കാണാൻ ഏറെ ആകാംഷയുണ്ടായിരുന്നു. അപ്പോൾ പതിനെട്ടു വർഷത്തിനു ശേഷം അവരൊരു ചിത്രത്തിൽ പാടുമ്പോൾ അത് എന്റെ സ്വന്തം പാട്ടാണെന്നുള്ളത് അഭിമാനകരമല്ലേ.

കരുതിക്കൂട്ടിയല്ല, സ്വാഭാവികം മാത്രം

മഞ്ജു വാര്യരെക്കൊണ്ട് പാടിച്ച് അത് സിനിമയ്ക്കുളള വലിയൊരു പ്രൊമോ ആക്കാമെന്ന ചിന്ത ഒരിടത്തുമില്ല. ഇതൊരു പ്രമോ സോങ് ആയിരുന്നുവെങ്കിൽ അങ്ങനെ പറയുന്നതിൽ അർഥമുണ്ട്. പക്ഷേ സ്ക്രിപ്റ്റ് എഴുതുമ്പോഴേ കഥാപാത്രങ്ങളെക്കൊണ്ട് പാടിച്ചാൽ കഥാസന്ദർഭത്തിനെ കൂടുതൽ നല്ലതായിരിക്കുമെന്ന് തോന്നി. അതിനാലാണ് അങ്ങനൊരു തീരുമാനമെടുത്തത്. മഞ്ജു ചേച്ചിയോട് ഇക്കാര്യം പറഞ്ഞപ്പോൾ അവരും ഭയങ്കര സന്തോഷത്തിലായിരുന്നു. സനൂപിന്റെ കാര്യം പറയേണ്ടതില്ലല്ലോ. ഫിലിപ്പ് ആൻഡ് മങ്കിപെൻ എന്ന ചിത്രത്തിലും സനൂപ് പാടിയിരുന്നു. മഞ്ജു വാര്യറുടെ പാട്ട് ചിത്രത്തിന്റെ പ്രൊമോയ്ക്ക് വേണ്ടി ഉപയോഗിച്ചതാണെന്ന് പറയുന്നവരോട് എനിക്കൊന്നേ പറയാനുള്ളൂ. നിങ്ങൾ ചിത്രം കണ്ടു നോക്കൂ. അത് കഴിയുമ്പോൾ ആ ചിന്താഗതി മാറിക്കിട്ടും.

നല്ല ഈണങ്ങൾ വരും

നവാഗത സംഗീത സംവിധായകർക്ക് എല്ലാവർക്കും ഇഷ്ടമാകുന്നൊരീണം നൽകാൻ കഴിയുന്നില്ല എന്ന ആരോപണമുണ്ട്. പക്ഷേ ഒരുകാര്യം എല്ലാവരും അറിയേണ്ടത് സിനിമയിലെ സാഹചര്യത്തിനനുസരിച്ചാണ് അതിലെ പാട്ടിലെ വരികളും ഈണങ്ങളും സൃഷ്ടിക്കപ്പെടുന്നത്. സിനിമയിലെ കഥാസന്ദർഭത്തിന്റെ വികാരം പാട്ടിന്റെ വരികൾക്കും ഈണങ്ങൾ‌ക്കും ഉൾക്കൊള്ളാൻ കഴിയുന്നില്ലെങ്കിൽ അവിടെ സംഗീത സംവിധായകനും എഴുത്തുകാരനും പാരജയപ്പെടുകയാണ്. ആ തോല്‍വി ആരും ആഗ്രഹിക്കുന്നില്ല. സിനിമയിലെ പാട്ടുകൾ സിനിമയോട് ചേർന്നു നിൽക്കുന്നതാണ്. സ്വതന്ത്രമായി നിന്നൊരു പാട്ടു ചെയ്യാനാകില്ല അവിടെ. പക്ഷേ ഒരുപാട് നല്ല പാട്ടുകൾ മലയാളത്തിലിറങ്ങുന്നുണ്ടെന്ന സത്യത്തെ കാണാതെ പോകരുത്. ഒരുപാടു പേർ ജോ ആൻഡ് ബോയ്സിലെ പാട്ടുകളിറങ്ങിയപ്പോൾ എന്നെവിളിച്ച് അഭിനന്ദിച്ചിരുന്നു. എനിക്കു പരിയചമില്ലാത്തവർ. അപ്പോൾ എല്ലാവർക്കും ഇഷ്ടമാകുന്ന ഈണങ്ങള്‍ ഉണ്ടാകുന്നില്ലെന്നത് പൂർണമായും ശരിയല്ല. സിനിമ കണ്ടുകഴിയുമ്പോൾ നമുക്ക് ഒപ്പം പോരുന്ന ഈണങ്ങൾ ഒറുപാടെണ്ണം സൃഷ്ടിക്കെപ്പെടുന്നുണ്ട്, കാലം ചെല്ലുമ്പോൾ ഇതിലും നല്ല ഈണങ്ങൾ വരും എന്നതിന് സംഗീത സംവിധായകനെന്ന നിലയിൽ എനിക്ക് ഉറപ്പുണ്ട്.,

രമ്യ ചേച്ചിയും കൂട്ടുകാരും

ചേച്ചിയാണ് എന്റെ ഏറ്റവും വലിയ വിമർശക. ഇഷ്ടമായില്ലെങ്കിൽ ഒരു മയവും കൂടാതെയങ്ങ് പറഞ്ഞുകളയും. പക്ഷേ ഇപ്പോളിറങ്ങിയ ചിത്രത്തിലെ പാട്ടുകളെല്ലാം കക്ഷിക്ക് ഇഷ്ടമായിട്ടുണ്ട്. കൂട്ടുകാരാണ് മറ്റൊരു വലിയ പിന്തുണ. ചിത്രത്തിന്റെ സംവിധായകൻ റോജിൻ തോമസും ഞാനും എന്റെ ആദ്യ ചിത്രം ഫിലിപ്പ് ആൻഡ് മങ്കിപെന്നിന്റെ കഥയെഴുതിയ ഷാനിൽ മുഹമ്മദും ഒരുമിച്ച് പഠിച്ചതാണ്. അവർ തന്നെയാണ് ഏറ്റവും വലിയ ശക്തി. പിന്നെ സ്കൂളിലും കോളെജിലും ഒപ്പം പഠിച്ചവർ, യാത്രകൾക്കിടയിൽ കണ്ടവർ, ജോലിക്കിടയിൽ പരിചയപ്പെട്ടവർ അങ്ങനെ വലിയൊരു സുഹൃത് വലയമുണ്ട്. ചിത്രത്തിലെ പാട്ടുകളിറങ്ങിയപ്പോൾ ഓരോ പാട്ടിനെ കുറിച്ചും ഇഴകീറി പരിശോധിച്ച് അഭിപ്രായം പറഞ്ഞു അവർ.

ചേച്ചിക്കുള്ള പാട്ടുണ്ടായിരുന്നില്ല

ചേച്ചിയും നന്നായി പാടും. എന്റെ സംഗീതത്തിൽ എന്താ ചേച്ചിക്കൊരു പാട്ടുകൊടുക്കാത്തതെന്നു ചോദിച്ചാൽ. ഞാൻ പറഞ്ഞല്ലോ. സിനിമയിലെ പാട്ടുകളുടെ സാഹചര്യത്തിനനുസരിച്ചാണ് അതിലെ പാട്ടും പാട്ടുകാരും തെരഞ്ഞെടുക്കപ്പെടുന്നത്. ഇവിടെ രമ്യ ചേച്ചിക്കുള്ള പാട്ടുണ്ടായിരുന്നില്ല. ഇനി അങ്ങനൊരു സാഹചര‌്യം കിട്ടിയാൽ തീർച്ചയായും രമ്യ ചേച്ചിയെ കൊണ്ടും പാടിക്കും.

ഇനി

സിനിമാ സംഗീത സംവിധാന രംഗത്ത് തന്നെ തുടരണം. കാരണം, വ്യത്യസ്ത ഭാവങ്ങളിലുള്ള പാട്ട് ചെയ്യാനുള്ള അവസരമാണ് സിനിമ തരുന്നത്. അത് ഒരുപക്ഷേ ഒരു ആൽബം ചെയ്യുമ്പോൾ അനുഭവിക്കാൻ കഴിണമെന്നില്ല. ഏറെക്കാലം എല്ലാവരും ഓർത്തിരിക്കുന്ന ഒരുപാട് പാട്ടുകൾ ചെയ്യണമെന്നേ ആഗ്രമുള്ളൂ. ഇനി ആകാശവാണി എന്ന ചിത്രമാണ് ഇറങ്ങാനുള്ളത്. അതിലും പ്രതീക്ഷകൾ ഏറെയാണ്. മനോജ് പറമ്പത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് അടുത്തതായി പാട്ടുകളൊരുക്കുന്നത്.