ഫോട്ടോയ്ക്ക് കമന്റ് തെറി: ചുട്ടമറുപടിയുമായി എം ജി ശ്രീകുമാര്‍

സമൂഹമാധ്യമങ്ങളിൽ സെലിബ്രിറ്റികൾ പോസ്റ്റ് ചെയ്യുന്ന കാര്യങ്ങളോട് അകാരണമായി മോശം വാക്കുകൾ ഉപയോഗിച്ച് ചിലർ കമന്റ് ചെയ്യുന്നത് പതിവാണ്. ഇതേ അനുഭവമാണ് പോയ ദിവസം ഗായകൻ എം ജി ശ്രീകുമാറിനുമുണ്ടായത്. ഈ സംഭവത്തെ കുറിച്ചു പറഞ്ഞ് വീണ്ടും പോസ്റ്റ് ചെയ്യാനൊന്നും ഗായകൻ നിന്നില്ല. അനാവശ്യം പറഞ്ഞയാളിന് ചുട്ട മറുപടി നല്‍കി എം ജി ശ്രീകുമാർ. ഇത്തരം കമന്റുകളുമായി വന്നാൽ തന്റെ പ്രതികരണം ഇങ്ങനെ തന്നെയാകുമെന്ന് അദ്ദേഹം മനോരമ ഓൺലൈനോടു പറഞ്ഞു. 

എന്നെ കളിയാക്കുന്ന ട്രോളുകളും മറ്റും ഒരുപാട് ആസ്വദിക്കാറുണ്ട്. അതെല്ലാം ഷെയർ ചെയ്യാറുമുണ്ട്. അതൊക്കെ എനിക്കൊരുപാടിഷ്ടവുമാണ്. പക്ഷേ ഇത്തരം നടപടികളെ അംഗീകരിക്കാനാകില്ല. ഞാൻ ഒരു ആനയുടെ ഫോട്ടോയാണ് പോസ്റ്റ് ചെയ്തത്. അതിനു താഴെ തീർത്തും അസഭ്യമായ ഒരു കമന്റ് പറയേണ്ടതിന്റെ ആവശ്യമെന്തെന്ന് എനിക്കു മനസിലാകുന്നില്ല. എനിക്ക് നല്ല പ്രതികരണം മാത്രമാണ് ഇത്രയും നാൾ ആളുകളിൽ നിന്ന് ഫേസ്ബുക്ക് വഴി ലഭിച്ചിട്ടുളളത്. തിരിച്ചും അങ്ങനെ തന്നെ. ഇത്തരമൊരു സംഭവും ആദ്യമാണ്. ഞാൻ നിയമ നടപടിയ്ക്കൊന്നും പോകാനില്ല. സ്വാഭാവികമായും ഒരു മനുഷ്യൻ പറയുന്ന മറുപടി നൽകി. അയാൾക്ക് പിന്നെ തിരിച്ചൊന്നും പറയാനുമില്ല. ഇങ്ങനെയൊക്കെ ചെയ്താൽ എന്റെ പ്രതികരണം ഇങ്ങനെ തന്നെയാകും. എം ജി ശ്രീകുമാർ പറഞ്ഞു. 

ഫേസ്ബുക്കിൽ വളരെ സജീവമായ സെലിബ്രിറ്റികളിലൊരാളാണ് എം ജി ശ്രീകുമാർ. തന്റെ സംഗീത ജീവിതവുമായും കുടുംബവുമായും ബന്ധപ്പെട്ട കാര്യങ്ങളൊക്കെ അദ്ദേഹം ഫേസ്ബുക്കിലൂടെ പങ്കുവയ്ക്കാറുണ്ട്. തന്നെ കളിയാക്കിക്കൊണ്ടെത്തുന്ന ട്രോളുകൾ പോലും അദ്ദേഹം ഷെയർ ചെയ്യാറുണ്ട്.