Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സോഷ്യൽ മീഡിയയിൽ ഹിറ്റ് ആണ് അശ്വതിയുടെ പാട്ടുകളെല്ലാം

aswathy

കടലിനരിക്കരയുള്ള നാട്ടിൽ മലയാളം പാട്ടുകൾ പാടി പാറിനടക്കുന്ന കുഞ്ഞുകുട്ടികളുടെ ഒരു വലിയ കൂട്ടം തന്നെയുണ്ട്. അക്കൂട്ടത്തിലൊരാളാണ് ഷാർജയിൽ നിന്നുള്ള അശ്വതി നായർ എന്ന പത്തു വയസുകാരി. മിനുങ്ങും മിന്നാമിനുങ്ങേ എന്ന പാട്ടു കേൾക്കുമ്പോൾ ശ്രേയ കുട്ടിയുടെ എപ്പോഴും ചിരിക്കുന്ന ആ മുഖത്തിനൊപ്പം ഓർമ വരും അശ്വതിയേയും.

ഒപ്പം എന്ന ചിത്രത്തിൽ എം ജി ശ്രീകുമാറും ശ്രേയാ ജയദീപും ചേർന്ന് ആലപിച്ച ആ മിന്നാമിനുങ്ങിൻ പാട്ടു കേട്ടിഷ്ടപ്പെട്ട് അശ്വതിയും തന്റെ കുഞ്ഞു സ്വരത്തിൽ അച്ഛന്റെ മൊബൈൽ കാമറയ്ക്കു മുൻപിൽ നിന്ന് പാടി. പിന്നെ സംഭവിച്ചത് മിന്നാമിനുങ്ങിൻ വെട്ടം പോലൊരു മാജിക് . എം ജി ശ്രീകുമാർ അശ്വതിക്കുട്ടിയ്ക്ക് നല്ലൊരു സന്ദേശവുമെഴുതി സ്വന്തം ഫെയ്സ്ബുക്കിൽ ആ വിഡിയോ പ്രേക്ഷകര്‍ക്കു പങ്കുവച്ചു. പിന്നാലെ ഒപ്പം ചിത്രത്തിന്റെ പിന്നണിയിലുള്ളവരും അത് ഏറ്റെടുത്തു. മിനുങ്ങും മിന്നാമിനുങ്ങും എന്ന പാട്ടിന്റെ കവർ വേർഷനുകളിൽ ഏറെ ശ്രദ്ധേയമായത് അശ്വതിയുടേതു തന്നെയായിരുന്നു. അതുവഴി അശ്വതിക്കുട്ടിയ്ക്കൊരു വലിയ അവസരവും വന്നുചേർന്നു. എം ജി ശ്രീകുമാറിനൊപ്പം ദുബായിലെ ഒരു വേദിയില്‍ ലൈവായി പാടാനും സാധിച്ചു അശ്വതിക്ക്. എം ജി ശ്രീകുമാർ അന്ന് ആദ്യമായിട്ടായിരുന്നു ആ ഹിറ്റ് ഗാനം ലൈവ് പാടിയതും. 

തിരുവന്തപുരം പേട്ട സ്വദേശികളായ പ്രശാന്ത് നായരുടെയും ദീപ്തിയുടെയും മകളാണ് അശ്വതി. ഇരുവർക്കും പാട്ടും നൃത്തവുമൊക്കെ ഏറെയിഷ്ടമായതുകൊണ്ട് മകളുടെ പാട്ടിഷ്ടങ്ങൾക്കു മുൻപിൽ മറ്റൊന്നും വലുതല്ല . ഏത് പുതിയ പാട്ട് ഇറങ്ങിയാലും ഇഷ്ടപ്പെടുകയാണെങ്കില്‍ അശ്വതി അതു തനിയെ പഠിച്ചെടുക്കും. അപ്പോൾ തന്നെ അച്ഛനു മുന്നിൽ നിന്നു പാടി വിഡിയോയുമാക്കും. അച്ഛൻ ഫെയ്സ്ബുക്കിൽ പങ്കുവച്ച മകളുടെ പാട്ടുകളെല്ലാം ഏറെ ശ്രദ്ധേയമായിരുന്നു. നാലു വയസു മുതൽക്കേ പാടിത്തുടങ്ങിയതാണ് അശ്വതി. സിനിമാ പാട്ടുകളോടാണ് ഏറെ കമ്പം. അതും മെലഡികൾ. തേനും വയമ്പും എന്ന പ്രശസ്ത ഗാനമാണ് അ‌ശ്വതി ആദ്യം പാടിയ പാട്ടുകളിലൊന്ന്. അന്നും ഇന്നും ഈ പാട്ടാണ് ഏതാണ് പ്രിയപ്പെട്ട പാട്ടെന്നു ചോദിച്ചാൽ അശ്വതി പറയുന്നതും മൂളിത്തുടങ്ങുന്നതും.

ഷാർജയിലാണെങ്കിലും മകളുടെ കലാപ്രവർത്തനങ്ങൾക്ക് അച്ഛന്റെയും അമ്മയുടെയും പൂർണ പിന്തുണയാണ്. കൈരളി കലാകേന്ദ്രയിൽ പള്ളുരുത്തി ജയചന്ദ്രനു കീഴിൽ സംഗീതം അഭ്യസിക്കുകയാണ് അശ്വതി. സ്കൂൾ പഠനത്തിലും മിടുമിടുക്കി. അതിനിടയിൽ ഒട്ടേറെ വേദികളിലേക്കും പാടാനായി പോകും. സ്കൂൾ മത്സരങ്ങളിലും സജീവം. ഒരു ഓൺലൈന്‍ റിയാലിറ്റി ഷോയിൽ പാടുകയാണ് അശ്വതി ഇപ്പോൾ. ഗായകന്‍ ബ്രഹ്മാനന്ദന്റെ സ്മരണാർഥം നടത്തിയ സംഗീത മത്സരത്തിൽ രണ്ടാം സ്ഥാനം നേടിയിരുന്നു അശ്വതി. പ്രായത്തിനും അപ്പുറത്തെ സ്വരമാധുരിയാണ് ഈ കുഞ്ഞു ഗായികയെ ഒരുപാട് കാതോരങ്ങളിലേക്കെത്തിച്ചത്. മലയാളത്തിന് എന്നെന്നും പ്രിയപ്പെട്ട മെലഡികളെ അത്രയേറെ ഭാവസാന്ദ്രതയോടെയാണ് അശ്വതി പാടുന്നത്. സൗപർണികാമൃതം, ജിനോ കുന്നുംപുറത്തിന്റെ ശ്രദ്ധേയമായ ആൽബം പൈതലിലെ ഒരു ഗാനവും അശ്വതി പാടിയ‌ിരുന്നു.

ഷാർജയിൽ കിട്ടാവുന്ന പരമാവധി വേദികളിലും മത്സരങ്ങളിലും അശ്വതിയെ പങ്കെടുപ്പിക്കാന്‍ തിരക്കിട്ട ജോലിക്കിടയിലും അച്ഛനും അമ്മയും സമയം കണ്ടെത്താറുണ്ട്. ഏറെ ഉത്സാഹത്തോടെ അശ്വതിയും ഒപ്പം നിൽക്കുന്നു. നല്ലൊരു പിന്നണി ഗായിക ആകണമെന്നാണ് അശ്വതിയുടെ ആഗ്രഹവും സ്വപ്നവും...അതുതന്നെയാണ് അച്ഛന്റെയും അമ്മയുടെയും മനസിലും. അശ്വതിയ്ക്കൊരു ചേച്ചിയുമുണ്ട് അദിതി. ടി വി പരിപാടികളില്‍ ശ്രദ്ധേയയാണ് അദിതിയും. 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.