പെണ്ണുകാണലിനു ശേഷമുള്ള പ്രണയം കിടിലനാണ്; ഈ പാട്ടും

ചിത്രശലഭത്തെ പോലെയാണ് പ്രണയം. അപ്രതീക്ഷിതമായി പാറിവരും, വാനിൽ പാറിനടന്ന് വർണക്കൂടൊരുക്കും. പ്രണയ നിമിഷങ്ങളും അതുപോലെ തന്നെയല്ലേ. മനസ് എന്ന ആകാശത്ത് പാറി നടക്കുന്ന ചിത്രശലഭമാണ് ഓരോ പ്രണയവും. പ്രണയത്തെ കുറിച്ചെഴുതുമ്പോൾ അത് ചിത്രശലഭത്തിലൂടെയായാൽ ഭംഗിയേറെയാകുന്നതും അതുകൊണ്ടാണ്. അലമാര എന്ന ചിത്രത്തിൽ സൂരജ്.എസ്. കുറുപ്പ് ഈണമിട്ട പ്രണയഗാനം കേൾക്കാൻ സുഖമുള്ളതായി മാറുന്നതും മറ്റൊന്നും കൊണ്ടല്ല. വിജയ് യേശുദാസിന്റെ സ്വരത്തിൽ പിറന്ന മറ്റൊരു മനോഹരമായ പ്രണയഗാനമായി മാറുകയാണ് അലമാരയിലെ ഈ പാട്ട്. അഞ്ജു ജോസഫാണ് വിജയ്ക്കൊപ്പം പാടിയിരിക്കുന്നത്.

പുല്ലാങ്കുഴലിന്റെ സ്വരഭംഗിയിൽ തുടങ്ങുന്ന ഗാനത്തിന് മനു മഞ്ജിത്തിന്റെതാണു വരികൾ. എപ്പോഴത്തേയും പോലെ ചാരുതയാർന്ന എഴുത്ത്. പൂവാകും നീയെൻ അരികില്ലെങ്കിലോ...ശലഭമാം ഞാൻ ഏകനല്ലേ...എന്നു തുടങ്ങുന്ന വരികൾക്ക് സൂരജ്.എസ്. കുറുപ്പ് പകർന്നത് അൽപം ചടുലമായ ഓർക്കസ്ട്ര. അതുതന്നെയാണു പാട്ടിന്റെ ഭംഗിയും. ചിത്രത്തിലെ നായകൻ സണ്ണി വെയ്നും നായിക അദിതി രവിയുമാണ്. പെണ്ണുകാണൽ ചടങ്ങോടെ ആരംഭിക്കുന്ന വിഡിയോ കാണാനും കേള്‍ക്കാനും ഏറെ രസകരം. മനോരമ മ്യൂസിക് ആണു ഗാനം പുറത്തിറക്കിയത്.

മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത ചിത്രം നിർമ്മിച്ചത് എൽദോ. പി. ഏലിയാസ് ആണ്. വള്ളീം പുള്ളീം തെറ്റി കൊച്ചവ്വ പൗലോ അയ്യപ്പ കൊയ്‍ലോ എന്നീ ചിത്രങ്ങൾക്കു ശേഷം സൂരജ് ഗാനങ്ങളും പശ്ചാത്തല സംഗീതവും ഒരുക്കുന്ന ചിത്രമാണ് അലമാര. ഈണങ്ങളിൽ വൈവിധ്യം വേണമെന്നു ചിന്തിക്കുന്ന സംഗീത സംവിധായകനിൽ നിന്നുള്ള മറ്റൊരു മനോഹര ഗാനമാണിത്. ആൻ മരിയ കലിപ്പിലാണ് എന്ന ചിത്രത്തിൽ സൂരജ് തീർത്ത പശ്ചാത്തല സംഗീതം ഏറെ പ്രശംസ നേടിയിരുന്നു.