നിലപാടിലുറച്ച് സോനു നിഗം; വീടിനു പൊലീസ് കാവൽ

അമ്പലങ്ങളിലും പള്ളികളിലും ഉച്ചഭാഷിണികൾ ഉപയോഗിക്കുന്നത് ഗുണ്ടായിസമാണെന്നു പറഞ്ഞ‍തിന് ബോളിവുഡ് ഗായകൻ സോനു നിഗമിനെതിരെ കടുത്ത വിമർശനമാണ് ഉയരുന്നത്. അതിനൊക്കെ മറുപടി പറയുന്നുമുണ്ട് സോനു നിഗം. തന്റെ നിലപാടിൽ ഉറച്ചു നിൽക്കുന്നുവെന്നും വ്യക്തമാക്കി. പല കോണുകളിൽ ഭീഷണികൾ ഉയർന്നതിനെ തുടർന്ന് സോനുവിന്റെ മുംബൈയിലെ വസതിയ്ക്കു മുൻപിൽ പോലീസ് കാവൽ ഏർപ്പെടുത്തി.

സോനു നിഗമിന്റെ തല മൊട്ടയടിച്ച് കഴുത്തിൽ ചെരുപ്പുമാല ചാർത്തുന്നവർക്ക് പത്തു ലക്ഷം രൂപ പ്രതിഫലം നൽകുമെന്നാണ് പശ്ചിമ ബംഗാൾ മൈനോറിറ്റി യുണൈറ്റഡ് കൗൺസിൽ വൈസ് പ്രസിഡന്റ് സെയ്ദ് ഷാ അതഫ് അലി അൽ ഖ്വാദിരി പ്രഖ്യാപിച്ചത്. ഖ്വാദിരിയെ സ്വാഗതം ചെയ്തു കൊണ്ടാണ് സോനു നിഗം പ്രതികരിച്ചത്. പത്തു ലക്ഷം തയ്യാറാക്കി വച്ചു കൊണ്ട് ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിക്ക് മുംബൈയിലുള്ള തന്റെ വസതിയിലെത്തൂ എന്നാണ് സോനു നിഗം ഖ്വാദിരിയോടു പറഞ്ഞത്. വിവാദങ്ങളോടു പ്രതികരിക്കാൻ രണ്ടു മണിക്ക് വാർത്താ സമ്മേളനവും വിളിച്ചിട്ടുണ്ട്.

അഞ്ചു ട്വീറ്റുകളിലായാണ് മതവിശ്വാസവുമായി ബന്ധപ്പെട്ട കാര്യങ്ങളിലെ വിയോജിപ്പുകൾ അദ്ദേഹം വ്യക്തമാക്കിയത്. പള്ളികളിലും ക്ഷേത്രങ്ങളിലും ഗുരുദ്വാരകളിലും ഉച്ചഭാഷിണി ഉപയോഗിക്കുന്നതിനെ ഗുണ്ടായിസം എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. ‘ ഇത്തരം പ്രാർഥനങ്ങളും ഭക്തിഗാനങ്ങളും കേള്‍പ്പിച്ച് മതവിശ്വാസികളല്ലാത്തവരെപ്പോലും പുലർച്ചെ വിളിച്ചുണർത്തുകയും പ്രാർഥനകൾക്കു ക്ഷണിക്കുകയും ചെയ്യുന്നതിൽ വിശ്വാസം തീരെയില്ല. ഇത്തരത്തിൽ നിർബന്ധിത മതവിശ്വാസം സൃഷ്ടിക്കുന്നതു ശരിയല്ല. അത് നിർത്തേണ്ടതു തന്നെയാണ്. ദൈവം എല്ലാവരേയും അനുഗ്രഹിക്കട്ടെ. 

ഞാനൊരു മുസ്‌ലിം അല്ല. എന്നാൽ എല്ലാം ദിവസവും മുസ്‌ലിം പള്ളിയിലെ പ്രാര്‍ഥന കേട്ടാണുണരുന്നത്. ഇത്തരത്തിൽ മതരീതികൾ അടിച്ചേല്‍പ്പിക്കുന്നത് ഇന്ത്യയിൽ അനസാനിപ്പിക്കണം. മുസ്‌ലിം മതം സ്ഥാപിക്കുന്ന സമയത്ത് വൈദ്യുതിയൊന്നും ഉണ്ടായിരുന്നില്ല. വൈദ്യുതി കണ്ടുപിടിച്ച തോമസ് ആൽവ എഡിസണു ശേഷം ജനിച്ച ഞാൻ വൈദ്യുതി ഉപയോഗിച്ചുള്ള ഈ അപസ്വരം എന്തിനു സഹിക്കണം.’എന്നിവയായിരുന്നു ട്വീറ്റുകളിലുണ്ടായിരുന്നു. സംഭവം വിവാദമായപ്പോഴും നിലപാടിൽ ഉറച്ചു നിൽക്കുകയാണ് സോനു നിഗം.