സോനു നിഗമിനെതിരെ പൊലീസ് കേസ്

ബോളിവുഡ് ഗായകൻ സോനു നിഗമിനെതിരെ പൊലീസ് കേസ്. ആരാധനലയങ്ങളിൽ ലൗഡ് സ്പീക്കർ ഉപയോഗിക്കുന്നതിനെ ചോദ്യം ചെയ്ത് സോനു നിഗം ചെയ്ത ട്വീറ്റുകളാണ് കേസിന് ആധാരം. ഔറംഗാബാദിലെ മരാത്വാദ പൊലീസ് സ്റ്റേഷനിലാണ് നദീം റാണ എന്നയാൾ സോനുവിനെതിരെ കേസ് കൊടുത്തത്. മതവികാരം വ്രണപ്പെടുത്തിയെന്നാണു പരാതി. പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടില്ല ഇതുവരെ.

പ്രാദേശിക മതസംഘടനയുടെ നേതാവാണ് ഇദ്ദേഹം. പരാതി പൊലീസ് പരിശോധിച്ചു വരികയാണ്. ആരാധനാലയങ്ങളിൽ പ്രാർഥനകൾക്കും മറ്റുമായി ഉച്ചഭാഷിണികൾ ഉപയോഗിക്കുന്നത് ഗുണ്ടായിസത്തിനു തുല്യമാണെന്നും നിർബന്ധിത മത ആരാധന ഇന്ത്യയിൽ നിർത്തലാക്കാൻ സമയമായില്ലേയെന്നൊക്കെയായിരുന്നു സോനു നിദമിന്റെ ട്വീറ്റ്. 

ട്വീറ്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും വൻ വാദങ്ങളാണു പുറത്തുവന്നത്. തന്റെ നിലപാടിൽ ഉറച്ചുനിന്ന സോനു നിഗം വിമർശനങ്ങളോടും ശക്തമായി പ്രതികരിച്ചു. സോനുവിന്റെ തലമൊട്ടയടിച്ച് മാല ചാർത്തുന്നവർക്ക് പത്തു ലക്ഷം രൂപ പ്രതിഫലം നല്‍കുമെന്നാണ് പശ്ചിമ ബംഗാള്‍ യുണൈറ്റഡ് മൈനോറിറ്റി കൗണ്‍സില്‍ പ്രസിഡന്റ് സയ്യിദ് ഷാ അതെഫ് അലി അല്‍ ഖ്വാദ്രി പ്രഖ്യാപിച്ചത്. പത്രസമ്മേളനം വിളിച്ച് കാമറകൾക്ക് മുൻപിൽ തന്റെ തല മൊട്ടയടിച്ചാണ് സോനു ഇതിനോടു പ്രതികരിച്ചത്. പത്തു ലക്ഷം രൂപ ഖ്വാദ്രിയോട് ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ ചെരുപ്പുമാല ധരിക്കാതെ പൈസ തരില്ലെന്ന് ഖ്വാദ്രിയും വ്യക്തമാക്കി.