മാഞ്ചസ്റ്റർ സ്ഫോടനത്തിൽ തകർന്ന് ഗായിക: ആശ്വസിപ്പിച്ച് സംഗീത ലോകം

സംഗീതത്തിന്റെ ലഹരിയിൽ നിന്ന് മരണത്തിന്റെ മൂകതയിലേക്കെടുത്തെറിയപ്പെടത്തിന്റെ ആഘാതത്തില്‍ നിന്ന് ഇനിയും മുക്തമാക്കപ്പെട്ടിട്ടില്ല ഈ ഗായിക.  ബ്രിട്ടൻ കണ്ട ഏറ്റവും വലിയ ഭീകരാക്രമണത്തിന് സാക്ഷി‌യായത് ഏരിയാന ഗ്രാൻ‍ഡെയും അവരുടെ പാട്ട് കേട്ട ആയിരക്കണക്കിന് ആരാധകരുമാണ്. ഗ്രാൻഡെ അപകടമൊന്നും വരാതെ രക്ഷപ്പെട്ടെങ്കിലും ഒരിക്കലും നടക്കുമെന്ന് പ്രതീക്ഷിത്തൊരു അപകടം നേരിൽ കണ്ടതിന്റെ ഞെട്ടലിൽ നിന്ന് ഇനിയും മുക്തമായിട്ടില്ല. ട്വിറ്ററിൽ അവർ കുറിച്ച വാക്കുകളിൽ നിന്ന് അത് വ്യക്തവുമാണ്. 

തകർന്നുപോയി! ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്നുള്ള വാക്കുകളാണിത്. സംഭവിച്ചുപോയതിനെല്ലാം ദുംഖമുണ്ട്. എനിക്കൊന്നും പറയാനാകുന്നില്ല...എന്നാണ് ഏരിയാന ട്വീറ്റ് ചെയ്തത്. ഗായികയെ ആശ്വസിപ്പിച്ച് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആളുകളാണ് ട്വീറ്റ് ചെയ്തത്. സംഗീത ലോകവും ഗ്രാൻഡെയെ ചേർത്തുനിർത്തുന്നു. സംഗീതജ്ഞരായ നിക്കി മിനാജ്,ടെയ്‍ലർ സ്വിഫ്റ്റ്, ബ്രൂണോ മാഴ്സ്, ഹാരി സ്റ്റൈൽസ് എന്നിവർ ഗ്രാൻഡെയ്ക്ക് ആശ്വാസ വാക്കുകള്‍ അർപ്പിച്ച് ട്വിറ്ററിലെത്തി. 

ഗ്രാൻഡെയുടെ പരിപാടി കണ്ടുകഴിഞ്ഞ് സ്റ്റേഡിയത്തിൽ നിന്ന് ആളുകൾ ഒഴിഞ്ഞു തുടങ്ങുന്നതേയുണ്ടായിരുന്നുള്ളൂ. അതിനിടയിലാണ് സ്ഫോടനം സംഭവിച്ചത്. മാഞ്ചസ്റ്റർ സിറ്റിയിലെ മാഞ്ചസ്റ്റർ അരീനയിൽ ഇന്നലെ രാത്രി 10.35നുണ്ടായ ബോംബു സ്ഫോടനത്തിൽ ഇതുവരെ 19 പേർ മരിച്ചതായാണ് ഔദ്യോഗിക വിവരം. പുറത്തേക്കിറങ്ങാനുള്ള തിരക്കിൽ സ്ഫോടനം കൂടിയായപ്പോൾ തിക്കും തിരക്കും നിയന്ത്രണാതീതമായി. സ്ഫോടനത്തിന്റെ ആഘാതത്തിലും അതേ തുടർന്നുണ്ടായ തിക്കിലും തിരക്കിലും പെട്ടാണ് ആളുകൾ മരിച്ചത്.