കേരളത്തെ പാക്കിസ്ഥാന്‍ ആക്കല്ലേ'!!! വൈറലായി ഈ കിടിലൻ റാപ് ഗാനം

നമ്മൾ ഇടയ്ക്കിടെ കേൾക്കുന്ന ചില പാട്ടുകളുണ്ട്. നമുക്ക് പറയാനുള്ളത് എന്താണോ അല്ലെങ്കിൽ പൊതു സമൂഹത്തിൽ ഏറ്റവുമധികം ഉയർന്നു വന്നതോ ശ്രദ്ധിച്ചതോ ആയ കാര്യങ്ങളെല്ലാം ആ പാട്ടുകളിലുണ്ടാകും. അതു പങ്കുവയ്ക്കുന്ന ആശയമായിരിക്കും ആ പാട്ടിന്റെ നട്ടെല്ല്. വിമർശിക്കാനും സ്വയം വിമർശിക്കാനും ഒട്ടുമേ മടിയില്ലാത്ത മലയാളികളുടെ ശ്രദ്ധയിലേക്കായി എത്തിയിരിക്കുകയാണ് അങ്ങനെയൊരു പാട്ട്. സംഗതി റാപ് ആണ്. 

നിനക്കു ഉത്തരം മുട്ടുമ്പോൾ എന്നെ നോക്കി കൊഞ്ഞനം കുത്തല്ലേ

തന്ത്രങ്ങൾ ഓടാതെ ആകുമ്പോൾ കേരളത്തെ പാകിസ്ഥാൻ ആക്കല്ലേ...എന്നു തുടങ്ങുന്ന പാട്ടിലുള്ളത് ബീഫ് വിവാദം ഉൾപ്പെടെ അടുത്തിടെ ചർച്ച ചെയ്യപ്പെട്ട കുറേ വിഷയങ്ങൾ. കൂടുതൽ വ്യക്തമാക്കിയാൽ ഒരു മാധ്യമ സ്ഥാപനം കേരളത്തെ പാകിസ്ഥാൻ എന്നു വിളിച്ചതിനോടുള്ള മറുപടിയാണ് ഈ പാട്ട് എന്നു പറയാം. തീവ്ര ദേശീയതയിലൂന്നിയ ചില വിഷയങ്ങളോടുള്ള കേരളത്തിന്റെ പൊതു സമൂഹത്തിന്റെ നിലപാടുകളെ വിമർശിക്കുന്നവർക്കുള്ള ചുട്ടമറുപടിയാണ് ഈ പാട്ട്. 'കേരളത്തെ പാകിസ്ഥാന്‍ ആക്കല്ലേ' എന്ന ഈ പാട്ട് സമൂഹ മാധ്യമത്തിൽ ശ്രദ്ധ നേടുകയാണ്.

അൽപം സാമൂഹ്യ ബോധവും രാഷ്ട്രീയ ചേരിതിരിവുമില്ലാത്ത സാധാരണക്കാരായ കുറച്ചു പയ്യൻമാർ ബഡ്ജറ്റില്ലാതെ ഒരുക്കിയ വിഡിയോ എന്നാണ് അണിയറ പ്രവർത്തകർ ഈ സൃഷ്ടിയെ കുറിച്ചു പറയുന്നത്. ഹിന്ദുവും മുസല്‍മാനും ക്രൈസ്തവനും ഇത്രത്തോളം ഒരുമയോടെ ജീവിക്കുന്ന മറ്റൊരു സംസ്ഥാനവും വേറെ ഇല്ല എന്നും, കേരളത്തില്‍ മതത്തിന്‍റെ പേരില്‍ വേര്‍തിരിവു ഇല്ല എന്നും ഇവര്‍ ഗാനത്തിലൂടെ പറയുന്നു.  ആരെയും ലക്‌ഷ്യം വെച്ചുള്ള കുറ്റം പറച്ചിലല്ല, എല്ലാവരുടെയും ഒപ്പം നിന്നുള്ള ഓര്‍മ്മപ്പെടുത്തല്‍ ആണ് ഈ വീഡിയോ എന്നിവര്‍ അവകാശപ്പെടുന്നു.