കുപ്രസിദ്ധി സഹായിച്ചു: വീണ്ടും വൈറലായി പൂജയുടെ പാട്ട്

ഒരു ചിത്രമാണെങ്കിലും പാട്ട് ആണെങ്കിലും അത് ഏറെ മനോഹരമാണെങ്കിലും മോശമാണെങ്കിലും ശ്രദ്ധിക്കപ്പെടും. പ്രശസ്തിയും കുപ്രസിദ്ധിയും ആളുകളെ പ്രശസ്തരാക്കുന്നതു പോലെ തന്നെയാണത്. അടുത്തിടെ കുപ്രസിദ്ധി കാരണം ശ്രദ്ധിക്കപ്പെട്ടൊരു പാട്ടിനേയും പാട്ടുകാരിയേയും കുറിച്ചാണ് പറഞ്ഞു വരുന്നത്. പാട്ടുകാരിയുടെ പേര് ധിൻചക് പൂജ. വരികളിലെയും ആലാപനത്തിലെയും ഈണത്തിലെയും അഭംഗിയാണ് പൂജയെ തരംഗമാക്കിയത്. പുതിയ ഗാനം 'ദിലോൺ കാ സ്കൂട്ടർ' ഉൾപ്പെടെ കക്ഷിയുടെ എല്ലാ പാട്ടുകളും ബോളിവുഡ് ഗാനങ്ങളെ പോലും വെല്ലുന്ന വിധത്തിലാണ് യുട്യൂബിൽ കുതിച്ചത്. 

നാലു ദിവസം മുൻപ് പുറത്തിറങ്ങിയ ദിലോൺ കാ സ്കൂട്ടർ 37 ലക്ഷത്തോളം പ്രാവശ്യമായിരുന്നു ആളുകൾ കണ്ടത്. യുട്യൂബ് ട്രെൻഡിങിൽ ഈ പാട്ട് ഒരു ദിവസം രണ്ടാം സ്ഥാനത്തു പോലും എത്തിയിരുന്നു. ധിൻചക് സ്കൂട്ടർ ഓടിച്ച് പാടി അഭിനയിക്കുന്നതാണ് വിഡിയോയിലുള്ളത്. വരികളും ഈണവും ആലാപനവുമെല്ലാം ധിൻചക് തന്നെ. ഗാനം പുറത്തിറങ്ങി മണിക്കൂറുകൾക്കുള്ളിൽ വൈറലായി എന്നു മാത്രമല്ല ട്രോളുകളും പുറത്തിറങ്ങി. 

പൊതുജനങ്ങളുടെ അഭ്യര്‍ഥന പ്രകാരമാണ് പുതിയ ഗാനം എന്ന വാദം പറഞ്ഞതാണ് പൂജയ്ക്കു വിനയായത്. ഷാരുഖ് ഖാൻ ഈ വിഡിയോയോടു പ്രതികരിക്കുന്നതെങ്ങനെ, പൊതുജനങ്ങളുടെ പ്രതികരണം എങ്ങനെ തുടങ്ങിയവ കാണിച്ചുകൊണ്ട് കുറേ പേർ ട്രോൾ വിഡിയോകളും പുറത്തിറക്കി. എന്തായാലും ധിൻചകിന്റെ പ്രശസ്തിയും അവരുടെ പാട്ടു കാണുന്നവരുടെ എണ്ണവും കൂടി വരികയാണെന്നതാണ് വാസ്തവം. ധിൻചക് പൂജയുടെ പാട്ട് ഇനിയും ആളുകൾ കാണും വിമർശിക്കും ട്രോളും ചെയ്യും എന്നു തെളിയിക്കുന്നു ഈ പാട്ട്. അവഗണിക്കാനാകാത്തൊരാൾ ആയി ഈ പാട്ടുകാരി മാറി എന്ന് അർഥം.