രാഹുൽ രാജിനെ അതിശയിപ്പിച്ച് വൈരമുത്തുവിന്റെ ഫോൺ കോൾ

തമിഴിലെ ഏറ്റവും ജനകീയനായ പാട്ടെഴുത്തുകാരനാണു വൈരമുത്തു. പ്രണയത്തെ മഞ്ഞിനോടും പ്രണയിനിയുടെ ചിരിയെ ടെലിഫോണ്‍ മണിയുടെ നാദത്തോടും വരെ ഉപമിച്ച് കാൽപനികവും രസകരവുമായി പാട്ടെഴുതുന്നയാൾ. അദ്ദേഹം വരികളെഴുതുന്ന പാട്ടിന് ഈണമിടാനാകുകയെന്നത് ഏതൊരു സംഗീത സംവിധായകനും കൊതിക്കുന്ന കാര്യമാണ്. ലൈലാകത്തിന്റെ സംഗീത സംവിധായകൻ രാഹുൽ രാജിന് അങ്ങനെയൊരു അവസരമാണു കിട്ടിയത്. രാഹുൽ നൽകിയ സംഗീതത്തിനാണ് വൈരമുത്തു പാട്ടെഴുതുക. രാഹുൽ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. 

പാട്ടിന് നൽകിയ സംഗീതം അതിമനോഹരമാണ്. ഒരു സിംഫണി പോലെയുണ്ട് അത്. അതിനോടു നീതിപുലർത്തി പാട്ട് എഴുതാൻ പരമാവധി ശ്രമിക്കാം എന്നാണ് രാഹുലിനോട് വൈരമുത്തു ഫോൺ സംഭാഷണത്തിൽ പറഞ്ഞത്. ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വ്യക്തമായിട്ടില്ല. തനിക്ക് കിട്ടിയ ഒരു അവാർഡ് എന്നാണ് ഈ അവസരത്തെ രാഹുൽ രാജ് വിശേഷിപ്പിക്കുന്നത്. 

മികച്ച ഗാനരചയിതാവിനുള്ള പുരസ്കാരം ഏഴു പ്രാവശ്യം നേടിയ കവിയാണ് വൈരമുത്തു. മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന മറു ഭാഷ ഗാനരചയിതാവു കൂടിയാണ് അദ്ദേഹം. പ്രത്യേകിച്ച് അദ്ദേഹം മണിരത്നം-എ.ആർ. റഹ്മാൻ ചിത്രങ്ങൾക്കു വേണ്ടി രചിച്ചിട്ടുള്ള പാട്ടുകൾ ഒരുപാടിഷ്ടം.