ബാബുക്കയുടെ പാട്ടിന് കവർ വേര്‍ഷനുമായി സിത്താര

നെഞ്ചോടു ചേർന്നുറങ്ങുന്ന പാട്ടുകൾ എന്നൊക്കെ പറയുന്നത് ഒരു ക്ലീഷേയാണ്. പക്ഷേ ഈ ഗാനത്തെ അല്ലെങ്കിൽ ഇതുപോലുള്ള അനേകം ഗാനങ്ങളെ ആദ്യമേ ഇങ്ങനെയേ പറയാനാകൂ. കാലത്തിന്റെ സൂചിക എത്ര തന്നെ കടന്നുപോയാലും ഈണങ്ങളിനിയെത്ര കാതോടണഞ്ഞാലും ഈ പാട്ടുകൾക്ക് നമ്മുടെ ആസ്വാദനത്തിന്റെ കടിഞ്ഞാണിനെ കൈപ്പിടിയിലൊതുക്കാൻ പോന്ന ശക്തിയുണ്ട്. അതിലളിതമായ വരികളാണ്. ഈണവും. പാടത്തു പറന്നുവന്നിരുന്ന തത്തയേയും തൊടിയിൽ കൂവി നടന്ന കുയിലിനേയും കടവത്ത് കുളിക്കാൻ പോയനേരം കണ്ട കാഴ്ചകളേയും കുറിച്ചാണ് ആ പാട്ടുകൾ പാടുന്നത്. എന്നിട്ടും യാതൊരു ഭേദങ്ങളുമില്ലാതെ എല്ലാ മനുഷ്യന്റെയും വികാര വിക്ഷോഭങ്ങളിലേക്ക് കടന്നുചെല്ലാൻ ഈ പാട്ടുകൾക്കു സാധിക്കുന്നു. 

വേനലിന്റെ നെരിപ്പോടിലങ്ങനെ നിന്ന് ഉരുകിത്തീരുമ്പോള്‍ എവിടെ നിന്നോ വന്നൊരു കുഞ്ഞ് കാറ്റിനെ പോലെയീ ഗാനം നമ്മിലേക്കങ്ങ് അലിഞ്ഞു ചേരും. എന്നോ എവിടെയോ കണ്ടുമറന്നത് ചങ്ങാതിമാരുടെ വർത്തമാനങ്ങളിൽ കേട്ടറി‍ഞ്ഞത് അങ്ങനെയെന്തൊക്കെയോ ചിലതിനെ നഷ്മായൊരു നോവ് നെഞ്ചിലെവിടെയോ പിടഞ്ഞുണരും....

ഇന്നെന്റെ കരളിലെ...

പൊന്നണി പാടത്തൊരു

പുന്നാര പനംതത്ത പറന്നുവന്നു

ഒരു പഞ്ചാര പനംതത്ത പറന്നുവന്നു...ഇങ്ങനെയുള്ള അനേകം പഴയ ഗാനങ്ങളിലൊന്നാണ്. എല്ലാവരും ബാബുക്ക എന്നു വിളിക്കുന്ന എം.എസ്. ബാബുരാജ് ഈണമിട്ട പാട്ട്. അൽപം കൊഞ്ചലും പ്രണയവും പരിഭവവും ഇടകലർ‌ത്തി പി.ലീല പാടി അനശ്വരമാക്കിയ മറ്റൊരു നിത്യ സുന്ദര ഗാനം. 'കുട്ടിക്കുപ്പായം' എന്ന ചിത്രത്തിനു വേണ്ടി പി.ഭാസ്കരൻ എഴുതിയ പാട്ട്. ഒരു പെൺകുട്ടിയുടെ തീർത്തും അതികാൽപനികവും ലളിതവുമായ ചിന്താഗതികളെ ദശാബ്ദങ്ങളിങ്ങനെ കേട്ടിരുന്നുപോകുന്നുവെങ്കിൽ അതിനെ ക്ലാസിക് സോങ് എന്നല്ലാതെ മറ്റെന്തു വിളിക്കാനാണ്. മനോരമ ഓൺലൈനിന്റെ മ്യൂസിക് ഷോട്സില്‍ ഇത്തവണ ഈ പാട്ടാണ്.

സിത്താരയുടേതാണ് ആലാപനം. രാഹുൽ രാജ് ആണ് ഇത്രയേറെ മനോഹരവും വിഭിന്നവുമായി ഈ പാട്ടിന് കവർ വേർഷൻ ചിട്ടപ്പെടുത്തിയത്.ബാബുക്കയുടെ ഈണത്തിലെ പാദസരക്കിലുക്കവും ലാസ്യതയും ഈ കവർ വേർഷനിൽ കുറച്ചുകൂടി അടക്കവും ഒതുക്കവുമുള്ളതുപോലെ പരിണമിക്കുന്നു. ഇരുട്ടു വീണ മുറിയിൽ ഗിത്താറിനും കീബോർ‍ഡിനുമൊപ്പം ഏക്താരയിലേക്കു ഇടയ്ക്കിടെ സിത്താര കൂടി വിരലോടിക്കുമ്പോൾ ഈ പഴംപാട്ടിനൊരു പതിഞ്ഞ രാഗത്തിന്റെ ചേല് വരുന്നു. ഒരു രാജസ്ഥാനി നാടോടി പാട്ടിനൊപ്പം സിത്താര അത് ചേർത്ത് പാടുക കൂടി ചെയ്തപ്പോൾ മനസിനുള്ളിലൊരു പുലരി വിരിയുകയായി. അങ്ങകലെയുള്ളൊരു നാടിന്റെ നാടൻ താളം പാടിത്തുടങ്ങിയിട്ട് നമ്മുടെ ആത്മാവിലലിഞ്ഞു ചേർന്നൊരു പാട്ടിലേക്ക് പതിയെ എത്തുന്ന ശൈലി കേൾവിക്കാർക്കൊരു വേറിട്ട ആസ്വാദന തലമാണു നൽകുന്നത്. 

കവർ വേർഷനുകൾ ഒറിജിനലിൽ നിന്നും വ്യത്യസ്തവും അതിനോടു നീതിപുലര്‍ത്തുന്നതുമാകണമല്ലോ. അതുതന്നെയാണ് ഈ പാട്ടിൽ കാണുന്നതും. മലയാളത്തിലെ പുതിയകാല പാട്ടുകാർക്കിടയിൽ നാടൻ താളം ഏറ്റവും മനോഹരമായി ചേർന്നുനിൽക്കുന്നത് സിത്താരയുടെ സ്വരത്തോടാണ്. ആ ഭംഗിയാണു ഈ കവർ വേര്‍ഷന്റെ ഹൈലൈറ്റും. ആ ഉത്തരേന്ത്യൻ നാടോടി സംഗീതത്തിന്റെ ശീലുകളെ സിത്താര അലസമായി പാടിനിര്‍ത്തുമ്പോൾ ഓർമകളിലെന്നോ പെയ്തൊരു ചെറുമഴത്തുള്ളികളിലൊന്നു വന്നു വീണൊരു അനുഭൂതി.