അപ്പാനി രവി തകർത്താടി, സൈക്കിൾ ചവിട്ടി മോഹൻലാലും; വൈറലായി പാട്ട്

കോളജിലെ ക്ലാസ് മുറിയിലെ ഡെസ്കിൽ കൊട്ടിപ്പാടി തുടങ്ങി വരാന്തകളിലൂടെയും പടവുകളിലൂടെയും ആടിപ്പാടി തിമിർത്ത് നടക്കുന്ന അപ്പാനി രവിയും ജൂഡ് ആന്തണിയും സംഘവും...പാട്ടിന്റെ അവസാനം സൈക്കിളും ചവിട്ടി ലാലേട്ടന്റെ വരവ്....ഒരു ഒന്നൊന്നര വരവ്.

കേൾക്കുമ്പോൾ തന്നെ ഒരാവേശം തോന്നുന്നില്ലെ...ഈ ആവേശമാണ് ഈ പാട്ടിനെ ഇത്രയധികം ജനപ്രിയമാക്കിയത്. മോഹൻലാലിലെ വെളിപാടിന്റെ പുസ്തകം എന്ന ചിത്രത്തിലെ എന്റമ്മേടെ ജിമ്മിക്കി കമ്മൽ എന്ന പാട്ടിന്റെ വിഡിയോ ഒറ്റ രാത്രി കൊണ്ട് ഏഴു ലക്ഷത്തോളം ആളുകളാണ് ഈ പാട്ട് യുട്യൂബ് വഴി ആളുകൾ കണ്ടത്.

അല്ലെങ്കിലേ മോഹൻ ലാൽ ചിത്രങ്ങളിലെ ഡാൻസ് പാട്ടുകളോട് വല്ലാത്തൊരു ഹരമാണ് നമുക്ക്. മോഹൻലാൽ ചിത്രമെത്തുന്നുവെന്ന് അറിയുമ്പോഴോ ആദ്യം നോക്കുക അങ്ങനെയൊരു പാട്ടുണ്ടോയെന്നാണ്. ഏറ്റവും പുതിയ ചിത്രം വെളിപാടിന്റെ പുസ്തകമാണ്. പ്രതീക്ഷ തെറ്റിയ്ക്കാതെ ചിത്രത്തില്‍ നിന്ന് ആദ്യമെത്തിയതു തന്നെ അങ്ങനെയുള്ളൊരു പാട്ടായിരുന്നു. എന്റമ്മേടെ ജിമ്മിക്കി കമ്മൽ എന്ന ഈ പാട്ട് ഒരു പ്രാവശ്യം കേട്ടാൽ പിന്നെ നമ്മൾ താളംപിടിച്ചു നടക്കും. ഒപ്പം നൃത്തം ചെയ്യും. സൈക്കിളിലേറിയുള്ള മോഹൻലാലിന്റെ വരവും സകല ഊർജവുമെടുത്താടിപ്പാടിപ്പാടുന്ന അപ്പാനി രവിയുടെ ആക്ഷനുകളും നായിക രേഷ്മ അന്നയുടെ ചിരിയും അതീവ രസകരമായി പകർത്തിയെടുത്തത് വിഷ്ണു ശർമയെന്ന ഛായാഗ്രാഹകനാണ്. 

പാട്ടിന്റെ ഓഡിയോ കേട്ടപ്പോൾ തുടങ്ങിയ ഇഷ്ടം വിഡിയോ കണ്ടപ്പോൾ ഇരട്ടിയായി. പ്രത്യേകിച്ച് കോളജ് കുട്ടികളുടെ. കോളജ് ജീവിതം ആഘോഷമാക്കിയിട്ടുള്ള ആർക്കും ഈ പാട്ട് ഇഷ്ടമാകും. കോളജിൽ കാട്ടിക്കൂട്ടിയ എല്ലാ കുരുത്തക്കേടുകളും ഈ പാട്ടിലുമുണ്ട്. കോളജുകൾക്ക് കേട്ട് പരിചിതമായ ഒരു പാട്ടിന്റെ നാലു വരികളും കൂടി ചേർത്തു വച്ച് തനി നാടൻ താളത്തിലുള്ള ഈ പാട്ട് കുറിച്ചത് അനിൽ പനച്ചൂരാനാണ്. വിനീത് ശ്രീനിവാസനും രഞ്ജിത് ഉണ്ണിയും ചേർന്നാണ് ഈ പാട്ട് പാടിയത്. ഷാൻ റഹ്മാനാണു സംഗീതം. കോളജ് ജീവിതം 

മോഹൻലാലിനെ നായകനാക്കി ലാൽ ജോസ്  ആദ്യമായാണ് ഒരു ചിത്രമെടുക്കുന്നത് എന്ന പ്രത്യേകതയുമുണ്ട് ഇവിടെ.