ദുൽക്കറിന്റെ സീതാകല്യാണം: പാട്ടു പോലെ മനോഹരം വിഡിയോയും

ദുൽക്കർ സൽമാന്റെ സോലോ എന്ന സിനിമയിൽ നിന്ന് നമ്മൾ കേട്ട് ഒരുപാടിഷ്ടപ്പെട്ട സീതാകല്യാണം എന്ന പാട്ടിന്റെ ലിറിക്കൽ വിഡിയോ പുറത്തിറങ്ങി. സിനിമയിലെ രംഗങ്ങളും അതിനൊപ്പമുള്ള പാട്ടും മനസിൽ കയറിക്കൂടും ആദ്യ കാഴ്ചയിലും കേൾവിയിലും. ഛായാഗ്രാഹകനായ ബിജോയ് നമ്പ്യാർ സംവിധായകനായ ചിത്രത്തിലുള്ളത് കാവ്യസുന്ദരമായ കുറേ കാഴ്ചകളാണെന്ന് പറയുന്നു ഈ വിഡ‍ിയോ. സൂരജ് എസ്. കുറുപ്പാണ് ഈ പാട്ടിന് ഈണമിട്ടത്. രേണുക അരുണും സൂരജും ചേർന്നാണീ പാട്ട് പാടിയത്.  സംഗീത് രവീന്ദ്രനും സൂരജ് എസ് കുറുപ്പും ചേർന്നാണ് എഴുതിയത്. 

പ്രണയവും ചിന്തകളും പ്രതീക്ഷകളും ഒന്നുചേരുന്ന ഈ പാട്ടിന് വല്ലാത്ത ചന്തമാണെന്ന് പറയാതെ വയ്യ. കുറേ സ്വപ്നങ്ങളും പ്രതീക്ഷകളുമായി ദുൽഖർ ദൂരേയ്ക്ക് ബൈക്കിൽ യാത്ര പോകുന്ന രംഗം. മലയാള സിനിമയിലെ ദുൽക്കർ സൽമാൻ ആരാകരേയും ആരാധകരല്ലാത്തവരേയും ത്രസിപ്പിച്ചൊരു കാഴ്ചയാണിത്. നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി എന്ന ചിത്രത്തിനു ശേഷം അങ്ങനെയൊരു രംഗത്തിൽ ദുൽക്കറിനെ കണ്ടത് സോലോ എന്ന ചിത്രത്തിലാണ്. ഈ പാട്ട് തുടങ്ങുന്നതും ആ രംഗത്തിലൂടെയാണ്. പിന്നീടുള്ളത് പ്രണയത്തിന്റെ ഭാവഭംഗിയും. പ്രേക്ഷകരുടെ കാത്തിരിപ്പിനോടു നൂറു ശതമാനം നീതിപുലർത്തുന്നു ഈ പാട്ടും.