രാമലീല ഇങ്ങനെയൊക്കെയാണ്: ആവേശമുണർ‌ത്തി ആദ്യ ഗാനം!

ദിലീപ് നായകനാകുന്ന ചിത്രം രാമലീലയിലെ ആദ്യ ഗാനം പുറത്തിറങ്ങി. ഇന്നലെ യുട്യൂബിലെത്തിയ ഗാനത്തിനു മികച്ച പ്രതികരണമാണു ലഭിക്കുന്നത്.

പേരു പോലെ രാമ കഥയെ മനുഷ്യ ജീവിതത്തോടു ചേർത്തുവച്ച് പാടുന്നൊരു പാട്ടാണിത്. വിരഹവും പ്രതീക്ഷയും നിഴലിക്കുന്ന വരികളാണു പാട്ടിന്. പൊളിറ്റിക്കൽ ത്രില്ലർ ചിത്രത്തിന്റെ മൂഡിനോടു ചേർന്നു നിൽക്കുന്ന മനോഹര ഗാനം. ജീവിതത്തിലെ പ്രതിസന്ധികളേയും വെല്ലുവിളേയും എങ്ങനെ തരണം ചെയ്യണം, ചതികളും പൊള്ളത്തരങ്ങളും നിറഞ്ഞ ജീവിതത്തോടു പടവെട്ടി എങ്ങനെ മുന്നേറണം എന്നു പറയുന്നു വരികൾ. 

ബി.െക.ഹരിനാരായണൻ എഴുതിയ വരികൾക്ക് ഗോപി സുന്ദറാണ് സംഗീത നൽകിയത്. ഗോപി സുന്ദറും അഗം എന്ന ബാൻഡിലൂടെ പ്രശസ്തനായ ഹരീഷ് ശിവരാമകൃഷ്ണനും ചേർന്നാണീ ഗാനം പാടിയിരിക്കുന്നത്. പാട്ടിന്റെ ഓർക്കസ്ട്രയിലെ ഗിത്താറും മാൻഡലിനും ബാസ് സംഗീത സംവിധായകനായ സുമേഷ് പരമേശ്വറാണ് കൈകാര്യം ചെയ്തിരിക്കുന്നത്.

അരുൺ ഗോപി സംവിധാനം ചെയ്യുന്ന ചിത്രത്തിനു തിരക്കഥ സച്ചിയുടേതാണ്. ടോമിച്ചൻ മുളകുപാടമാണു ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. നടിയെ ആക്രമിച്ച കേസിൽ ദിലീപ് അറസ്റ്റിലായതിനെ തുടർന്ന് റിലീസിന് പ്രതിസന്ധി നേരിട്ട രാമലീല ഈ മാസം 28ന് റിലീസ് നിശ്ചയിച്ചിരിക്കുകയാണ്.