പ്രണയമായും വിരഹമായും...

ആരായിരുന്നു കിഷോർ കുമാർ? അതിരില്ലാത്ത ആഹ്ലാദവും അനന്തമായ ശോകവും. രാജ്യം കണ്ട ഏറ്റവും സൂപ്പർ ഹിറ്റ് പ്രണയഗാനവും ശോകഗാനവും ഒരാൾത്തന്നെ പാടുക. ഈ വിസ്മയമാണു കിഷോർ കുമാർ!

മുഹമ്മദ് റഫിയുടെ ആരാധകർ സമ്മതിക്കില്ലെങ്കിലും, സംഗീതം അന്നന്നത്തെ ആഹ്ലാദമായി കരുതുന്നവരുടെ ഹീറോ ഇന്നും കിഷോർതന്നെ.

രാജ്യത്ത് ഇതുവരെ ഇറങ്ങിയ പ്രണയഗാനങ്ങളിൽ ഏറ്റവും ഹിറ്റ് ഏതെന്നു ചോദിച്ചാൽ ‘മേരേ സപ്നോം കി റാണി’ എന്നാവും ഉത്തരം. ഓരോരുത്തർക്കും വ്യക്തിപരമായി പ്രിയപ്പെട്ട പാട്ടുകൾ ഉണ്ടാകാമെങ്കിലും പൊതുസ്വീകാര്യതയിൽ ‘ആരാധന’(1969)യിലെ ഈ ഗാനത്തെ അതിശയിക്കാൻ തക്കത് ഉണ്ടായിട്ടില്ല.

അതുപോലെത്തന്നെയാണു ശോകഗാനത്തിന്റെ കാര്യവും. വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങൾ മാറ്റിവച്ചാൽ സർവസ്വീകാര്യതയിൽ ‘മേരേ നയിനാ...’ ഒന്നാം സ്ഥാനത്തു നിൽക്കും. 1976ൽ ഇറങ്ങിയ ‘മെഹബൂബ’യിലെ ഗാനം.

മേരേ നയിനാ...’ ലതാ മങ്കേഷ്കർ പാടിയിട്ടും ജനം ഏറ്റെടുത്തതു കിഷോറിന്റെ ട്രാക്കായിരുന്നു! ലതാ ഗംഭീരമായാണു പാടിയിരിക്കുന്നത്. പക്ഷേ, പാട്ടിന്റെ ഗരിമയെക്കാൾ ആസ്വാദകരെ സ്പർശിച്ചതു കിഷോർ പകർന്ന ഭാവം. ഇതുതന്നെയായിരുന്നു എക്കാലവും കിഷോറിന്റെ ശക്തി. ആലാപനത്തെ ശാസ്ത്രീയമായി കാണാതെ സിനിമാപ്പാട്ടായി കണ്ടു. സിനിമയിൽ ഏതു കഥാപാത്രം, ഏതു സന്ദർഭത്തിൽ, ഏതു സ്ഥലത്ത്... തുടങ്ങിയ കാര്യങ്ങളെല്ലാം മനസ്സിലാക്കി കഥാപാത്രത്തിന്റെയും നടന്റെയും ഭാവഹാവാദികളെല്ലാം ആവാഹിച്ചുതന്നെ അദ്ദേഹം പാടി. അതുകൊണ്ടുതന്നെ പാട്ടുകൾ തലച്ചോറിനെക്കാൾ ഹൃദയത്തെ സ്പർശിച്ചു.

മുഹമ്മദ് റഫിയുടെ ചിട്ടസ്വരത്തിൽനിന്നു തികച്ചും വ്യത്യസ്തമായ ഈ ശൈലി സൃഷ്ടിച്ച ജനപ്രീതിയിൽ ഒരുവേള റഫിക്കും കാലിടറി. അടുപ്പക്കാർ പോലും അൽപനാളത്തേക്കു റഫിയെ കണ്ടില്ലെന്നു നടിച്ചു. രൂപ് തേരാ മസ്താന..., ഹമേം തുംസേ പ്യാർ കിത്​നാ..., മേരാ ജീവൻ കോരാ കാഗസ്..., സിന്ദഗി ഏക് സഫർ..., ഗാതാ രഹേ മേരാ ദിൽ..., മീത് നാ മീലാ.... തുടങ്ങി കിഷോർ ലഹരിയായി ഇന്ത്യൻ യുവാക്കളുടെ സിരകളിൽ പടർന്നു. ആ ചൂളമടികളും കള്ളത്തൊണ്ടയുമൊക്കെ അവരെ ഉന്മാദികളും കോമാളികളുമൊക്കെ ആക്കി. കിഷോർ നമ്പരുകൾ ഉത്സവമായി. പാട്ടിന്റെ അച്ചടക്കം വിട്ടുകളിക്കാത്ത റഫിപോലും കള്ളത്തൊണ്ടകൊണ്ടു പാടാൻ തയാറായി എന്നതു മതി കിഷോർ സൃഷ്ടിച്ച തരംഗത്തിന്റെ ആവേഗം അളക്കാൻ. (അല്ലെങ്കിലും റഫിയോട് ശാസ്ത്രീയമായി മത്സരിക്കാനുള്ള കഴിവ് കിഷോറിനില്ലായിരുന്നു. കാരണം അദ്ദേഹം സംഗീതം പഠിച്ചിരുന്നില്ല.)

രാജ്യത്തെ ഏറ്റവും ജനപ്രിയമായ ശോകഗാനം ‘മേരേ നയിന..’;യ്ക്കും പ്രണയഗാനം ‘മേരി സപ്നോം കി റാണി...’ക്കും ഒരാൾത്തന്നെ പാടി എന്നതിനപ്പുറം ചില സാദൃശ്യങ്ങളുണ്ട്. രണ്ട് ചിത്രത്തിന്റെയും സംവിധാനം ഒരാൾത്തന്നെ– ശക്തി സാമന്ത. ഗാനരചനയും ഒരാൾ – ആനന്ദ് ബക്ഷി. സംഗീത സംവിധാനവും ഒരാൾ – ആർ.ഡി.ബർമൻ.

‘ആരാധന’ യുടെ മ്യൂസിക് ക്രെഡിറ്റിൽ എസ്‍‌.ഡി.ബർമന്റെ പേരാണു കാണുന്നതെങ്കിലും ‘മേരേ സപ്നോം കി റാണി...’യുടെ സംഗീതം മകൻ ആർഡിയാണു നിർവഹിച്ചത്. സംഭവം ഇങ്ങനെ. ആരാധനയുടെ സംഗീത സംവിധായകനായ സച്ചിൻ ദേവ് ബർമൻ ഗായകനായി റഫിയെയാണു നിശ്ചയിച്ചിരുന്നത്. അക്കാലത്തു രണ്ട് പാട്ട് റിക്കോർഡ് ചെയ്താണു സിനിമയുടെ ജോലി ആരംഭിക്കുന്നത്. (രണ്ട് പാട്ടിന്റെ റിക്കോർഡിങ് കഴിഞ്ഞാൽ നിർമാണത്തിനു ധനകാര്യ കമ്പനികൾ ലോൺ അനുവദിക്കും). അതു പ്രകാരം ഗുൻ ഗുനാ രഹേ ഹേ...(ആശാ ഭോസ്​ലേ), ബാഗോം മേ ബാഹർ ഹേ...(ലതാ മങ്കേഷ്കർ) എന്നീ യുഗ്മ ഗാനങ്ങൾ അദ്ദേഹം റഫിയെ വച്ച് റിക്കോർഡ് ചെയ്തു. പക്ഷേ, ഇക്കാലത്ത് അദ്ദേഹം രോഗബാധിതനായി കിടപ്പിലായിപ്പോയി. മറ്റു പാട്ടുകൾ ചെയ്യാൻ സംഗീത സംവിധായകൻ കൂടിയായ മകൻ രാഹുൽ ദേവ് ബർമനെ ഏൽപിച്ചു.

റഫിയേക്കാൾ ആർഡിക്കു പ്രിയം കിഷോർ കുമാറിനോടായിരുന്നു. അങ്ങനെയാണ് പിതാവിനുവേണ്ടി താൻ സൃഷ്ടിച്ച ഈണങ്ങൾ പാടാൻ കിഷോറിനെ ആർ.ഡി. ബർമൻ വിളിക്കുന്നതും ആ വിളി ഇന്ത്യൻ സിനിമയിലെ ചരിത്രമാവുന്നതും.

ഒരു കൗതുകം കൂടിയുണ്ട്. ആരാധനയിലെ ആലാപനത്തിന് കിഷോർ കുമാറിന് ആദ്യ ഫിലിം ഫെയർ പുരസ്കാരം ലഭിച്ചു. അത് ‘മേരേ സപ്നോം കി റാണി’ക്ക് ആയിരുന്നില്ല. ‘രൂപ് തേരാ മസ്താന’ ആണ് പുരസ്കാരം കൊണ്ടുവന്നത്.

പരസ്പരം മത്സരിക്കുമ്പോഴും, കിഷോർ കുമാറിനുവേണ്ടി റഫി പാടിയിട്ടുണ്ട്! കിഷോർ അഭിനയിച്ച ഷരാരത്ത്(1956), രാഗിണി(1958) എന്നീ സിനിമകളിൽ അദ്ദേഹത്തിന്റെ കഥാപാത്രത്തിനു വേണ്ടി പാടിയത് റഫിയായിരുന്നു.

ആരാധകർ പരസ്പരം പോർവിളിച്ചിരുന്നെങ്കിലും കിഷോർ കുമാറും മുഹമ്മദ് റഫിയും നല്ല സുഹൃത്തുക്കൾ ആയിരുന്നു. റഫിയുടെ അപ്രതീക്ഷിത മരണത്തിൽ, ആ മൃതദേഹത്തിന്റെ കാൽക്കലിരുന്ന് ഒരു കൊച്ചുകുട്ടിയെപ്പോലെ ഒരാൾ മണിക്കൂറോളം വാവിട്ടു നിലവിളിച്ചു. അതു കിഷോർ കുമാർ ആയിരുന്നു!