സ്മ്യൂൾ ലോകത്തു വൈറലായി 'തൂ ചീസ് ബഡീ ഹേ മസ്ത് മസ്ത്'

തൊണ്ണൂറുകളിലെ യുവാക്കളുടെ ഹരമായിരുന്നു ആ ഗാനം. ബോളിവുഡിലെ ആക്ഷൻ സ്റ്റാർ അക്ഷയ് കുമാറും നടി രവീണ ടണ്ടനും ചുവടുകൾ വച്ച് ആസ്വദിച്ചഭിനയിച്ച 'തൂ ചീസ് ബഡീ ഹേ മസ്ത് മസ്ത്' എന്ന ഗാനം പിന്നീടുള്ള തലമുറകളൊക്കെയും ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത്. ഇപ്പോഴും ആ ഗാനത്തിന്റെ അലയൊലികൾ സംഗീത ആസ്വാദകർക്കിടയിൽ അതേ പുതുമയോടെ അലയടിച്ചുകൊണ്ടിരിക്കുകയാണ്. സംഗീത പ്രേമികളുടെ  ഫേവറിറ്റ് പ്ലാറ്റ്ഫോം ആയ സ്മ്യൂളിലൂടെയാണ് വീണ്ടും ഗാനം വൈറലായിക്കൊണ്ടിരിക്കുന്നത്.

പാലക്കാട് സ്വദേശിയായ വിമൽ വിജയനും അമേരിക്കയിൽ താമസിക്കുന്ന തിരുവനന്തപുരത്തുകാരി നിഷാ ഹോർമിസും ആസ്വദിച്ചു പാടിയ ഗാനമാണ് വൈറലാകുന്നത്. സ്മ്യൂളിലെ സ്ഥിരം സാന്നിധ്യമായ വിമലിന് ഈ ഗാനത്തെക്കുറിച്ചു പറയുമ്പോൾ ആയിരം നാവാണ്. '' ഈ പാട്ടിനെക്കുറിച്ച് ഓർക്കുമ്പോൾ തന്നെ ഗൃഹാതുരമാണ്. പണ്ടു ടിവിയിൽ വരുമ്പോൾ കുടുംബത്തിനൊപ്പം കണ്ടിരുന്ന് ആസ്വദിച്ചിരുന്നു. ആ കാലഘട്ടത്തിലെ ജിമിക്കി കമ്മലോ കൊലവെറിയോ ഒക്കെയായിരുന്നു ഈ ഗാനം. അന്നു സമൂഹമാധ്യമം ഉണ്ടായിരുന്നെങ്കിൽ ഒടുക്കത്തെ വൈറലായിരുന്നേനെ. പിന്നെ ഉദിത് നാരായണന്റെ പുത്തൻ‍ ശൈലിയിലുള്ള ഗാനാലാപനവും പാട്ടിനെ വേറിട്ടതാക്കി''-വിമൽ പറയുന്നു.

''ഒരിക്കല്‍ പോലും കണ്ടിട്ടില്ലാത്ത ഒരു അമേരിക്കൻ സ്വദേശിക്കൊപ്പമാണ് തന്റെ ഈ പാട്ട്. അവരുടെ നാടോ വീടോ ഒന്നും അറിയില്ല, എന്നിട്ടും ഒരു ഫ്രെയിമിനുള്ളിൽ ഒന്നിച്ചു പാടുന്നു. സംഗീതത്തോടുള്ള അടങ്ങാത്ത പ്രണയമാണ് തന്നെപ്പോലുള്ളവരെ സ്മ്യൂളിൽ ബന്ധിപ്പിക്കുന്നതെന്നു പറയുന്നു വിമൽ. ജാതിയുടെയോ മതത്തിന്റെയോ വലിപ്പച്ചെറുപ്പങ്ങളുടെയോ വേർതിരിവുകളില്ലാതെ സംഗീതം എന്ന ഒരൊറ്റ കാര്യത്തിനു വേണ്ടി എല്ലാവരും ഒന്നിക്കുന്ന ഒരിടമാണു തനിക്കു സ്മ്യൂൾ ലോകം.''

തന്നെപ്പോലുള്ളവരു‌ടെ സംഗീത ആസ്വാദനത്തെ വേറിട്ടൊരു വഴിയിലേക്ക് എത്തിക്കുകയാണ് സ്മ്യൂൾ എന്ന വേദിയെന്നു പറയുന്നു വിമൽ. പണ്ടൊക്കെ ബാത്റൂമിനുള്ളിലും മറ്റും മാത്രം മൂളിപ്പാട്ടു പാടിയിരുന്നവരെല്ലാം ഇന്നു സ്മ്യൂളിലൂ‌ടെ പലരുടെയും പ്രിയപ്പെട്ടവരായി. '' സ്മ്യൂളിലൂടെ എണ്ണമറ്റ പാട്ടുപ്രേമികളുടെ കഴിവുകൾ പുറത്തു വരുന്നുണ്ട്. സ്മ്യൂളിൽ പാടുന്ന പലരും ഇന്ന് ഇൻഡസ്ട്രിയിലെ പ്രമുഖർക്കൊപ്പം പാടിത്തുടങ്ങിയിട്ടുമുണ്ട്. സ്മ്യൂളിൽ തന്നെ ഏറ്റവുമധികം ആകർഷിച്ച ഘടകം അതുലോകത്തെ സംഗീതം എന്ന ഒരൊറ്റ മാധ്യമംകൊണ്ടു ബന്ധിപ്പിക്കുന്നു എന്നതുകൊണ്ടാണ്''. 

വിമൽ മാത്രമല്ല പത്നി ലക്ഷ്മിയും പാട്ടിന്റെ ലോകത്തെ അങ്ങേയറ്റം ഇഷ്ടപ്പെടുന്നുണ്ട്. ഭാര്യയും ഭർത്താവും ചേർന്നുള്ള ഗാനങ്ങളും സ്മ്യൂൾ ലോകത്തു വൈറലായിരുന്നു. ഒരു കുടക്കീഴിലെ സ്മ്യൂൾ ഗായകർ എന്നാണ് ഇവരെ പലരും വിളിക്കുന്നത്. 

Read More:Smule Songs, Bollywood Songs