Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മുത്തു പൊഴിയും പോലെ ആ ചിരിയും പാട്ടുകളും

nazriya-nazim-songs

വിവാഹം കഴിഞ്ഞു സിനിമ രംഗത്തു നിന്ന് മാറിനിൽക്കുമ്പോഴും നസ്രിയയുടെ താരപദവിയ്ക്ക് ഒരു കോട്ടവും തട്ടിയിട്ടില്ല. സിനിമ മേഖലയിൽ ഹിറ്റുകളുമായി നിറഞ്ഞു നിൽക്കുന്നൊരു നായികയുടെ വിശേഷങ്ങളറിയാൻ എന്നതു പോലെ കൗതുകമുണ്ട് പ്രേക്ഷകർക്കു നസ്രിയയുടെ കാര്യത്തിലും. ഇക്കഴിഞ്ഞ ബുധനാഴ്ചയായിരുന്നു നസ്രിയയുടെ പിറന്നാൾ. ഒരുപാട് സന്തോഷത്തോടെയും സ്നേഹത്തോടെയുമാണ് പ്രേക്ഷകർക്ക് നസ്രിയയ്ക്ക് ആശംസകൾ നേർന്നത്. നടൻ പൃഥ്വിരാജ് നൽകിയ പിറന്നാൾ സമ്മാനവും അവർ ഏറ്റെടുത്തു. വീട്ടിലെ കുസൃതിയായ മിടുക്കിക്കുട്ടിയോടുള്ള സ്നേഹമാണ് ഇന്നും പ്രേക്ഷകർക്ക് നസ്രിയയോട്. നടി എന്നതിനുപരിയായുള്ള അടുപ്പം വന്നത് ആ ലുക്ക് കൊണ്ടു മാത്രമല്ല, അഭിനയിച്ച വേഷങ്ങളിലും പാടിയാടിയ പാട്ടുകളിലും നസ്രിയ അത്രമേൽ സുന്ദരിയായിരുന്നു. അതിനേക്കാളുപരി നിഷ്കളങ്കമായിരുന്നു അവരുടെ ഭാവഭേദങ്ങള്‍. നസ്രിയയെ കുറിച്ചോർക്കുമ്പോൾ ആ ചിരി മാത്രമല്ല ഓർമയിലെത്തുന്ന ഈ നല്ല പാട്ടുകൾ കൂടിയാണ്.

നെഞ്ചോടു ചേർത്ത്...

ആ വരികൾ പോലെ നെ‍ഞ്ചോടു ചേർന്നു പോയി ഈ പാട്ടും. നിവിൻ പോളിയും നസ്രിയയും പ്രണയാർദ്രരായി അഭിനയിച്ച പാട്ടിന് പനിനീർ പൂവിന്റെ ചേലായിരുന്നു. ആലാപ് രാജു പാടിയ പാട്ട് യുവ് എന്ന ആല്‍ബത്തിലേതായിരുന്നു. സച്ചിനും ശ്രീജിത്തും ചേര്‍ന്നു സംഗീത സംവിധാനം നിർവഹിച്ച ഗാനം സംവിധാനം ചെയ്തത് അൽഫോൺസ് ആയിരുന്നു. നവീൻ മാരാർ ആണു പാട്ടിനു വരികൾ കുറിച്ചത്. നസ്രിയയെ കുറിച്ചോർക്കുമ്പോൾ ആദ്യം ഓർമയിലെത്തുന്ന ചിത്രങ്ങളിലൊന്ന് ഈ പാട്ടിൽ നിന്നാകും.

തുടക്കം മാംഗല്യം തന്തുനാനേനാ...

കുട്ടിത്തം വിട്ടുമാറാത്ത മണവാട്ടിയായി, ഭാര്യയായി എത്തിയ ചിത്രമായിരുന്നു ബാംഗ്ലൂർ ഡെയ്സ്. ബാംഗ്ലൂർ നഗരത്തിന്റെ ത്രസിപ്പിലും ലഹരിയിലും മുങ്ങിയ സൗഹൃദവും പ്രണയവും ആഘോഷവുമുള്ള ചിത്രത്തിലെ ഈ കല്യാണപ്പാട്ട് നമ്മൾ പണ്ടേ ഏറ്റെടുത്തതാണ്. ഗോപി സുന്ദറിന്റെ സംഗീത സംവിധാനത്തിലുള്ളതാണീ ഗാനം. സന്തോഷ് വർമ ഗാനരചന നിർവഹിച്ച ഗാനം പാടിയത് വിജയ് യേശുദാസും സച്ചിൻ വാര്യറും ദിവ്യ എസ് മേനോനും ചേർന്നാണ്.

കാറ്റു മൂളിയോ പ്രണയം...

കൗമാരത്തിലെ പ്രണയത്തിന്റെ ഭംഗിയും രസികത്വവും ആവോളമുണ്ടായിരുന്നു ഓം ശാന്തി ഓശാനയിൽ. ക്ലാസിൽ ഉറങ്ങിത്തൂങ്ങി ഇരിക്കും നേരത്ത് ആ പ്രണയത്തിലെ നായകനാണ് പഠിപ്പിക്കുന്ന അധ്യാപകൻ എന്നു വെറുതെ തോന്നിയാലോ. ഉറക്കം എപ്പോൾ പമ്പ കടന്നുവെന്ന് ചോദിച്ചാൽ മതിയല്ലോ. മനസ്സ് പട്ടം പോലെ പാറിനടക്കാൻ തുടങ്ങും അന്നേരം. വിനീത് ശ്രീനിവാസൻ ആലപിച്ച ഗാനം ഈണമിട്ടത് ഷാൻ റഹ്മാൻ ആയിരുന്നു. ഹരിനാരായണന്റേതാണു ഗാനരചന.

വാതിൽ മെല്ലെ തുറന്നു...

നിവിനും നസ്രിയയും പ്രണയ ജോഡികളായി എത്തിയ ചിത്രമാണ് നേരം. യുവ്‍ എന്ന ആൽബം പോലെ മനസിന് ഒരുപാടിഷ്ടമനായ പാട്ടുകൾ ഈ ചിത്രത്തിലുമുണ്ട്. വാതിൽ മെല്ലെ തുറന്നു...എന്ന ഗാനമാണ് അക്കൂട്ടത്തിൽ ഏറ്റവും മനോഹരം. നമ്മെ കൊതിപ്പിക്കുന്ന പ്രണയമുള്ള ഗാനം. നമ്മൾ തന്നെ അനുഭവിച്ച അല്ലെങ്കിൽ നമുക്കു ചുറ്റുമുള്ള ആരിലോ കണ്ട നല്ല പ്രണയത്തിന്റെ ആവിഷ്കാരമായിരുന്നു ആ ഗാനം. ചിത്രത്തിലെ മറ്റൊരു പാട്ടായ പിസ്ത സുമ കിരയിലും നസ്രിയ അഭിനയിച്ചു. വന്‍ ഹിറ്റ് ആയിരുന്നു ഈ പാട്ടും. ചിത്രത്തിലെ മന്ദാരമേ എന്ന ഗാനവും പ്രേക്ഷകർ ഒരുപാടിഷ്ടത്തോടെ കേട്ടിരുന്ന ഗാനമാണ്. സന്തോഷ് വർമ ഗാനരചന നിർവഹിച്ച് രാജേഷ് മുരുഗേശൻ ഈണമിട്ട് സച്ചിൻ വാര്യർ പാടിയ ഗാനമാണിത്.

കണ്ണുക്കുൾ പൊത്തി വയ്പ്പേൻ!

മലയാളത്തിലേതു പോലെ തമിഴിലും നിരവധി ചിത്രങ്ങളിൽ നസ്രിയ അഭിനയിച്ചിട്ടുണ്ട്. തിരുമണം എന്നും നിക്കാഹ് എന്ന ചിത്രത്തിലെ കണ്ണുക്കുൾ പൊത്തി വയ്പ്പേൻ എന്ന പാട്ട് ഏറെ ശ്രദ്ധ നേടിയിരുന്നു. തനി നാടൻ തമിഴ് ലുക്കിൽ ജയ്‍യോടൊപ്പം നസ്രിയ പാടി ആടിയ പാട്ട്. പല വർണങ്ങളിലുള്ള ഹാഫ് സാരിയൊക്കെ ചുറ്റി നസ്രിയ നൃത്തമാടിയ പാട്ടും രംഗങ്ങളും മനോഹരമായിരുന്നു. പാർവതി ഗാനരചന നിർവ്വഹിച്ച ഗാനത്തിന് ഈണം ജിബ്രാന്റേത് ആയിരുന്നു. വിജയ് പ്രകാശ്, സാധന സര്‍ഗം, ചാരുലത മണി, ഡോ.ആർ.ഗണേഷ് എന്നിവരടങ്ങുന്ന സംഘമാണ് ഈ പാട്ട് പാടിയത്.