പാർവതിയെയും പാട്ടിനെയും വിടാതെ വിമർശകർ

മൈ സ്റ്റോറി എന്ന പുതിയ ചിത്രത്തിലെ പാട്ടിനെ വെറുതെ വിടാതെ വിമർശകരും ട്രോളന്മാരും. 60,000 ഡിസ്‌ലൈക്കുകൾ ഇതുവരെ നേടിയ പതുങ്ങി പതുങ്ങി എന്ന പാട്ടിനെ ട്രോളന്മാരും ഏറ്റെടുത്തു കഴിഞ്ഞു. 

പാർവ്വതിയും പൃഥ്വിരാജും പാടിയാടിയ ഗാനത്തിന്റെ രംഗങ്ങളും അഭിനേതാക്കളുടെ ഡാൻസും ലുക്കുമെല്ലാം ട്രോളുകളിലുണ്ട്. പാട്ടിന്റെ വിഡിയോയ്ക്കും മേക്കിങ് വിഡിയോയ്ക്കും അധികവും ഡിസ്‍ലൈക്കുകളാണ് ലഭിച്ചത്. അതിനൊപ്പമാണ് ട്രോളുകളും എത്തുന്നത്. പാട്ടിന്റെ രംഗങ്ങൾക്ക് രൺബീർ കപൂർ ചിത്രമായ താമാശയിലെ 'മടർഗഷ്ടി' എന്ന പാട്ടിന്റെ രംഗങ്ങളുമായി സാമ്യമുണ്ടെന്നും ട്രോളുകളിലുണ്ടായിരുന്നു. പക്ഷേ അതിൽ വാസ്തവമില്ലെന്നു ഇരു ഗാനങ്ങളും കണ്ടാൽ മനസിലാക്കാവുന്നതാണ്.

പാർവ്വതി മമ്മൂട്ടി ചിത്രമായ കസബയെ കുറിച്ച് നടത്തിയ പരാമർശങ്ങൾ അടുത്തിടെ വൻ വിവാദമായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ട്രോളുകളും എത്തിയിരിക്കുന്നത്. പാർ‌വ്വതി പറഞ്ഞ കാര്യങ്ങളെ പാട്ടിന്റെ രംഗങ്ങളുമായി താരതമ്യപ്പെടുത്തിക്കൊണ്ടുള്ള രസകരമായ ട്രോളുകളാണ് അധികവും. എങ്കിലും അടുത്തിടെയിറങ്ങിയ ചിത്രങ്ങളിലെ ഒരു ഗാനത്തിനും ഇത്രയേറെ ഡിസ്‍ലൈക്കുകൾ കിട്ടിയിട്ടില്ല എന്നതാണ് ശ്രദ്ധേയം.