യേര്‍വാഡയിലെ തടവുകാർക്കു ശങ്കർ മഹാദേവന്റെ പാട്ട്!

ജയിലഴികളിൽ കഴിയുന്നവർക്കായി പാടി ശങ്കർ മഹാദേവൻ. ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ ജയിലുകളിലൊന്നായ യേർവാഡയിലാണ് ശങ്കർ മഹാദേവൻ പാട്ടു പാടാനെത്തിയത്. ജീവിതത്തിൽ മറക്കാന്‍ കഴിയാത്ത അനുഭവം എന്നാണ് സംഗീതപരിപാടിയെ ശങ്കർ മഹാദേവൻ വിശേഷിപ്പിക്കുന്നത്. മറ്റൊരു ലോകമാണ് അവിടം. നല്ല പ്രോത്സാഹനം തന്ന മികച്ച കാണികളായിരുന്നു അവർ. പാട്ടിനോടുള്ള അവരുടെ പ്രതികരണം ഹൃദയം തൊട്ടു. കുറേ പേർക്കെങ്കിലും എന്റെ പാട്ട് സന്തോഷം പകരുന്നുവെങ്കിൽ അതിൽ അവർക്ക് വ്യത്യസ്തമായ ഒരു കാര്യം അനുഭവിക്കുവാൻ കഴിയുന്നുവെങ്കിൽ ഞാൻ സന്തുഷ്ടനാണ്. എല്ലാവരോടും നന്ദി. ശങ്കർ മഹാദേവൻ പറഞ്ഞു.

ആവേശോജ്വലമായ ഫാസ്റ്റ് നമ്പറുകളും ആത്മാവിലലിയുന്ന മെലഡിയും ഒരുപോലെ പാടിയിട്ടുള്ള ശങ്കർ മഹാദേവൻ തന്റെ എക്കാലത്തേയും മികച്ച ഗാനങ്ങളാണ് ജയിലിൽ പാടിയത്. ശരീര ഭാഷയും ആലാപന ശൈലിയും കൊണ്ട് ഓരോ വേദികളേയും അവിസ്മരണീമാക്കാറുണ്ട് ശങ്കർ മഹാദേവവൻ. ഇവിടെയും അതുപോലെ തന്നെ. കാണികൾക്കിടയിലേക്കു പാടിയിറങ്ങിയപ്പോൾ ശക്തമായ സുരക്ഷയൊരുക്കി പൊലീസും ഒപ്പംചേർന്നു. നിറഞ്ഞ കയ്യടി നൽകി ശങ്കർ മഹാദേവനേയും സംഘത്തേയും ജയിൽ പുള്ളികൾ പ്രോത്സാഹിപ്പിച്ചു കൊണ്ടേയിരുന്നു. മഹാരാഷ്ട്ര ജയിൽ വിഭാഗമാണു പരിപാടി സംഘടിപ്പിച്ചത്. ജയിലിൽ അനേകം പരിപാടികൾ മുൻപും സംഘടിപ്പിച്ചിട്ടുണ്ടെങ്കിലും ഇത്രയേറെ മികച്ചു നിന്ന മറ്റൊന്നില്ലെന്ന് ജയിൽ എഡിജി ഭൂഷൺകുമാർ ഉപാധ്യായ് പറഞ്ഞു.