Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശങ്കർ മഹാദേവന് ഒപ്പം പാടി; രാകേഷിന് അദ്ഭുതം; അഭിമുഖം

shankarrakeshnew

കേരളത്തിൽ പെരുമഴ കുറഞ്ഞെങ്കിലും സന്തോഷ മഴ രാകേഷ് ഉണ്ണിയെ വിടാതെ പിന്തുടരുകയാണ്. സ്വപ്നത്തിന്റെ അങ്ങേതലയ്ക്കൽ നിൽക്കുകയാണ് ഇൗ പാട്ടുകാരൻ. കമൽ ഹാസൻ ചിത്രം വിശ്വരൂപത്തിലെ ‘ഉന്നെ കാണാമ’ എന്ന ഗാനം തലവരമാറ്റിയ സന്തോഷത്തെക്കാൾ ഏറെയാണ് ജീവിതത്തിൽ കാണാനാഗ്രഹിച്ച മനുഷ്യനൊപ്പം നിൽക്കുമ്പോൾ രാകേഷ് അനുഭവിക്കുന്നത്. കൊച്ചിയിൽ എത്തിയ ഗായകനും സംഗീത സംവിധായകനുമായ ശങ്കർ മഹാദേവനെ നേരിൽ കണ്ട അനുഭവം രാകേഷ് പങ്കുവച്ചു.

കമൽ ഹാസൻ സാറിനെ കണ്ടപ്പോഴും മനസിൽ അടങ്ങാതെ പെയ്ത മോഹം അത് സാധിച്ചു. ഇവിടെ നമ്മുടെ കൊച്ചിയിൽ ഞാനെന്റെ ദൈവത്തെ കണ്ടു. അദ്ദേഹം കൊച്ചിയിൽ  വരുെമന്ന കാര്യം എനിക്കറിയില്ലായിരുന്നു. വരുന്നതിന് അൽപം മുൻപാണ് എന്നെ വിളിക്കുന്നത്. കൊച്ചിയിലുണ്ട് എനിക്ക് രാകേഷിനെ കാണണം എന്ന്. കേട്ടപാതി കേൾക്കാത്ത പാതി ഞാൻ കൊച്ചിക്ക് തിരിച്ചു. അത്രത്തോളം അദ്ദേഹത്തെ കാണാൻ കൊതിച്ചിട്ടുണ്ട്. ജീവിതത്തിൽ കാണാൻ ആഗ്രഹിച്ച മനുഷ്യൻ. ഇതുവരെ കണ്ടിട്ടില്ലെങ്കിലും എന്റെ ഗുരുനാഥൻ അത് സാധ്യമാക്കി.

ജീവിതത്തിലെ ആരാധനാപുരുഷൻ കൺമുന്നിൽ എത്തിയാൽ അക്കാര്യം വാക്കുകളിലൂടെ ആർക്കാണ് പറയാനാവുക. രാകേഷിന് വാക്കുകളില്ല.. പറഞ്ഞറിയിക്കാനാവാത്ത ഒരു സന്തോഷം. കൊച്ചിയിൽ അദ്ദേഹം താമസിക്കുന്ന ഹോട്ടലിൽ എത്തി. കണ്ടപ്പോൾ എന്നെ ചേർത്ത് പിടിച്ചു. ഇതിന് മുൻപ് ഫോണിലൂടെ സംസാരിച്ചിട്ടുണ്ട്. അദ്ദേഹമാണ്  കമൽ ഹാസൻ സാറിനെ കാണാനുള്ള അവസരം ഒരുക്കി തന്നത്. ഇപ്പോഴിതാ കൊച്ചിയിൽ വച്ച് എന്റെ ഏറ്റവും വലിയ മോഹവും സഫലമായി.

നേരിൽ കണ്ട ദൈവം രാകേഷിന് വരവും കൊടുത്തെന്ന് പറയാം. കൊച്ചിയിൽ ശങ്കർ മഹാദേവന്റെ പരിപാടിയിൽ അദ്ദേഹത്തിനൊപ്പം പാടാനുള്ള അവസരമാണ് പ്രിയ ശിഷ്യന് നൽകിയത്. സ്വപ്ന സാഫല്യമായിരുന്നു രാകേഷിന് അത്. 'സന്തന തെൻട്രലൈ' എന്ന ഗാനമാണ് രാകേഷ് ശങ്കർ മഹാദേവനൊപ്പം പാടിയത്. 

ഇൗ വാർത്ത പിന്നീട് അദ്ദേഹം ഫെയ്സ്ബുക്കിലും പങ്കുവച്ചു. ‘ഇതൊരു തുടക്കമാണ്. നമുക്ക് ഒരാളുടെ ജീവിതത്തിലെങ്കിലും മാറ്റം വരുത്താൻ കഴിയുമെങ്കിൽ അത് ചെയ്യണം..’ശങ്കർ മഹാദേവൻ കുറിച്ചു.

സമൂഹമാധ്യമങ്ങളിൽ എടുത്തുയർത്തിയ മറ്റൊരു താരത്തിന്റെ ജീവിതവും ‘നന്നായി’ തന്നെ മാറുന്ന കാഴ്ച മലയാളിക്ക് മുന്നിൽ തെളിയുകയാണ്. കേരളത്തെ ഒന്നടങ്കം നെഞ്ചേറ്റിയ, പാട്ട് പഠിക്കാത്ത രാകേഷ് ഉണ്ണി എന്ന പാട്ടുകാരനാകും ഒരുപക്ഷേ ഇൗ നിമിഷം ഭൂമിയിലെ ഏറ്റവും സന്തോഷവാനായ മനുഷ്യൻ. അത് ആ വാക്കുകളിൽ പ്രകടം.