എം.ജയചന്ദ്രനുള്ള സമ്മാനം ശ്രേയ ഘോഷാലിന്റെ ഈ വാക്കുകൾ!

മലയാളിയല്ല ശ്രേയ ഘോഷാൽ. രബീന്ദ്ര സംഗീതം കേട്ടുണരുന്നവരുടെ നാട്ടിൽ ജനിച്ച്, രാജസ്ഥാനിൽ വളർന്ന്, ഹിന്ദുസ്ഥാനി സംഗീതം പഠിച്ച് ഇന്ത്യൻ സംഗീതത്തിന്റെ ഏറ്റവും സുന്ദരമായ സ്വരസാന്നിധ്യങ്ങളിലൊന്നായി അവർ മാറിയിട്ട് ഒന്നര ദശാബ്ദത്തിലേറെയായി. ഇന്ത്യയിലെ മിക്ക ഭാഷകളിലും ഇന്ന് ശ്രേയാ ഘോഷാൽ ഗാനങ്ങളുമുണ്ട്. ക്ലാസിക്കലും സെമി ക്ലാസിക്കലും പക്കാ ഐറ്റം ഗാനങ്ങളുമൊക്കെയായി ശ്രേയ ഘോഷാൽ പാട്ടായി നിറഞ്ഞുനിൽക്കുന്നു. അങ്ങനെ ഇന്ത്യയൊന്നാകെ കേൾക്കാൻ കൊതിക്കുന്ന ഗായിക അടുത്തിടെ താന്‍ പാടിയ രണ്ട് പാട്ടുകളെ കുറിച്ച് സമൂഹമാധ്യമങ്ങളിൽ എഴുതിയിരുന്നു. അവരുടെ പാട്ടുകൾ പോലെ ഹൃദയസ്പർശിയായ ആ എഴുത്ത് രണ്ട് മലയാളം പാട്ടുകളെ  കുറിച്ചായിരുന്നു. ആമി എന്ന ചിത്രത്തിൽ എം.ജയചന്ദ്രൻ സംഗീതം നൽകിയ രണ്ടു പാട്ടുകളെ കുറിച്ച്. 

'ഇതൊരു മലയാളം ഗാനമാണ്. പക്ഷേ എല്ലാ സംഗീത പ്രേമികളും ഈ ഗാനം കേൾക്കേണ്ടതു തന്നെയാണ്. എല്ലാ പാട്ടുകളും അത് ചിട്ടപ്പെടുത്തുന്നയാളിന്റെ ആത്മസ്പർശമേറ്റവയാണ്. ആമിയിലേതു പോലെയുള്ള ദൈവീക സ്പർശമുളള പാട്ടുകൾ പാടാന്‍ കഴിയുന്നത് ജീവിതത്തിലെ ഭാഗ്യമാണ്....ശ്രേയ കുറിച്ചു. ശ്രേയയുടെ ഈ വാക്കുകൾ എം.ജയചന്ദ്രൻ എന്ന സംഗീത സംവിധായകനുള്ള നല്ല സമ്മാനം കൂടിയാണ്. നല്ല മെലഡികളാണ് പാട്ടിന്റെ നാളെയെന്ന് വിശ്വസിക്കുന്ന അതു മാത്രമാണ് കാലാതീതമാകുന്നതെന്നു ഉറപ്പുള്ള അത്തരം പാട്ടുകൾ മാത്രം തീർക്കുന്ന സംവിധായകനുള്ള സമ്മാനം. 

എം.ജയചന്ദ്രനാണ് ശ്രേയ ഘോഷാലിന് മലയാളത്തിൽ ഏറ്റവുമധികം ഗാനങ്ങൾ സമ്മാനിച്ചത്. അവയെല്ലാം ജയചന്ദ്രന്റെ ഭാഷയിൽ പറഞ്ഞാൽ കേൾവിക്കാരന്റെ ആത്മരാഗമാകുന്ന പാട്ടുകളായിരുന്നു. സംഗീതവും സാഹിത്യവും അത്രമേൽ വശ്യമായി ഇഴചേർന്നു നിൽക്കുന്ന പഴയ മലയാളം മെലഡികളെ അനുസ്മരിപ്പിക്കുന്ന പാട്ടുകൾ. ഏതൊരു ഗായികയും പാടാൻ കൊതിക്കുന്ന ഗാനങ്ങള്‍. ഈ പാട്ടുകൾ അക്കൂട്ടത്തിലുള്ളതാണ്. അതുകൊണ്ടാണ് ഇന്ത്യയിലെ മിക്ക ഭാഷകളിലേയും തിരക്കേറിയ ഗായികയായ, ലോകമെമ്പാടുമുള്ള വേദികൾ കാത്തിരിക്കുന്ന ശ്രേയ ഈ മലയാളം പാട്ടുകളെ കുറിച്ച് എഴുതിയത് എന്നുവേണം കരുതാന്‍. 

മാധവിക്കുട്ടിയുടെ ജീവിതം പ്രമേയമാക്കി കമൽ ഒരുക്കുന്ന ചിത്രത്തിൽ ശ്രേയ പാടിയ പാട്ടുകൾ ഓർമയുടെ നനവും പ്രണയവിരഹത്തിന്റെ നൊമ്പരവുള്ളതായിരുന്നു. ബാല്യകാലത്തിന്റെ വസന്തത്തെ കുറിച്ചായിരുന്നു 'നീർമാതള പൂവിനുള്ളിൽ' എന്ന പാട്ട്. വിവാഹിതയായി ജീവിക്കുമ്പോഴും പ്രണയം തേടേണ്ടി വരുന്ന മനസ്സിന്റെ വിഹ്വലതയായിരുന്നു പ്രണയമയി രാധയിൽ. റഫീഖ് അഹമ്മദിന്റേതായിരുന്നു ഈ രണ്ടു പാട്ടുകളുടെയും രചന.