ബാഹുബലി ആന നായകനായി മലയാളത്തിൽ

സിനിമയെ വെല്ലുന്ന ഫ്രെയിമുകൾ. ഗംഭീര സംഗീതം. വിജയ് യേശുദാസിന്റെയും വിധു പ്രതാപിന്റെയും മധുരസ്വരം. ഒപ്പം നായകനായി ചിറയ്ക്കൽ കാളിദാസനും. സിനിമയെ വെല്ലുന്ന ‘ഗജം’ എന്ന മ്യൂസിക്കൽ വിഡിയോയിലെ രസക്കൂട്ടുകളാണ് മേൽപ്പറഞ്ഞവയൊക്കെ. 

ചിറയ്ക്കൽ കാളിദാസൻ എന്ന ആനയെക്കുറിച്ചുള്ള ഒരു മ്യൂസിക്കൽ വിഡിയോയാണ് ഗജം. ‘ഇന്ദ്രപാല പാദശീർഷവും’ എന്നു തുടങ്ങുന്ന ഗാനത്തിൽ ഒരു സൂപ്പർ ഹിറോയായാണ് ചിറയ്ക്കൽ കാളിദാസൻ എന്ന ആനയെ അവതരിപ്പിക്കുന്നത്. ആനപ്രേമികളെയും അല്ലാത്തവരെയും പുളകം കൊള്ളിക്കുന്നതാണ് ഗാനവും രംഗങ്ങളും. പൂരവും നാട്ടിൻപുറവും തെയ്യവും എല്ലാം ഉൾക്കൊള്ളിച്ചിരിക്കുന്ന വിഡിയോ നയനമനോഹരമായാണ് അണിയിച്ചൊരുക്കിയിരിക്കുന്നത്. ശിവപ്രസാദ് കാശിമാങ്കുളം സംവിധാനം ചെയ്തിരിക്കുന്ന വിഡിയോയുടെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് ശ്രീകാന്ത് ഇൗശ്വറാണ്. 

പ്രശാന്ത് മോഹനന്റെ സംഗീതത്തിന് വരികൾ  എഴുതിയിരിക്കുന്നത് ഡെന്നിസ് ജോസഫ്. വിജയ് യേശുദാസും വിധു പ്രതാപും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ചിറയ്ക്കൽ കാളിദാസനൊപ്പം സുബിത് ബാബു, ബദ്രി കൃഷ്ണ, വിമൽ പിള്ള തുടങ്ങിയവരാണ് വിഡിയോയിൽ അഭിനയിച്ചിരിക്കുന്നത്. സമൂഹമാധ്യമങ്ങളിലും മറ്റും വിഡിയോയ്ക്ക് വൻ ജനപ്രീതിയാണ് ആദ്യ ദിവസം തന്നെ ലഭിച്ചത്.