‘കണ്ണിറുക്കൽ പെൺകുട്ടി’ എന്ന് അറിയപ്പെടാൻ താൽപര്യമില്ല: പ്രിയ വാര്യർ

മാണിക്യമലർ എന്ന ഗാനത്തിലെ കണ്ണിറുക്കൽ ഇത്ര വലിയ പ്രശസ്തി നേടുമെന്ന് കരുതിയില്ലെന്നും ‘കണ്ണിറുക്കൽ പെൺകുട്ടി’ ആയി മാത്രം അറിയപ്പെടാൻ താൽപര്യമില്ലെന്നും അഡാറ് ലവ് നടി പ്രിയ പി. വാര്യർ. ദുബായിൽ വച്ചാണ് മാധ്യമങ്ങളോട് പ്രിയ ഇങ്ങനെ പറഞ്ഞത്. 

‘പുറത്തു വച്ചൊക്കെ കാണുമ്പോൾ ആളുകൾ കണ്ണിറുക്കി കാണിക്കും. വിങ്ക് ഗേൾ എന്നാണ് പലരും എന്നെ ഇപ്പൊ വിളിക്കാറ്. അങ്ങനെ മാത്രം അറിയപ്പെടുന്നതിനെക്കാൾ അഭിനയത്തിൽ കുറച്ചു കൂടി ശ്രദ്ധിച്ച് ഒരു നല്ല നടിയായി അറിയപ്പെടാനാണ് എനിക്കിഷ്ടം. പാട്ടിനെതിരെ കേസ് വരുമെന്നൊന്നും കരുതിയിരുന്നില്ല. ആരെയും മോശമാക്കാനോ വേദനിപ്പിക്കാനോ അല്ല അത്തരത്തിൽ ഒരു രംഗം ചെയ്തതും. പക്ഷേ ഭാഗ്യത്തിന് എല്ലാം നന്നായി തന്നെ അവസാനിച്ചു.’ പ്രിയ പറഞ്ഞു. 

സംവിധായകനായ ഒമർ ലുലുവും ചിത്രത്തിൽ അഭിനയിച്ച റോഷനും പ്രിയയുടെ കൂടെയുണ്ടായിരുന്നു. അഡാറ് ലവ് സെപ്റ്റംബറിൽ റിലീസ് ചെയ്യാനാണ് താൻ ഉദ്ദേശിക്കുന്നതെന്നും ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം ഭാഷകളിൽ ചിത്രമെത്തുമെന്നും ഒമർ ലുലു പറഞ്ഞു. 

‘മാണിക്യ മലരായ പൂവി’ എന്ന ഒറ്റ പാട്ടു കൊണ്ട് കേരളത്തിലും ഇന്ത്യയിലും ട്രെൻഡിങ്ങായി മാറിയ ‌വാട്ട്സാപ്പിലും ഫെയ്സ്ബുക്കിലും ഇൻസ്റ്റഗ്രാമിലുമൊക്കെ മിന്നും താരമാണ്. ഫെയ്സ്ബുക്ക് സ്ഥാപകനായ മാർക്ക് സുക്കർബർഗിനെ വരെ പ്രിയ ഇൻസ്റ്റഗ്രാമിൽ പിന്നിലാക്കി. തൃശൂർ സ്വദേശിനിയായ പ്രിയ വിമല കോളജിലെ ഒന്നാം വർഷ ബികോം വിദ്യാർഥിനിയാണ്.