‘വേൽമുരുകനൊപ്പം’ തകർപ്പൻ ചുവടു വച്ച് ഷെയ്ൻ നിഗവും കാളിദാസും: വിഡിയോ

മലയാള ചലച്ചിത്ര മേഖലയിലെ രണ്ടു യുവപ്രതിഭകളാണ് ഷെയ്ൻ നിഗവും കാളിദാസ് ജയറാമും. നാണക്കാരെന്ന് പൊതുവെ അറിയപ്പെടുന്ന ഇവർ രണ്ടു പേരും അമ്മ മഴവില്ല് മെഗാഷോയിൽ നടത്തിയ പ്രകടനം പക്ഷെ കാണികളെ അക്ഷരാർഥത്തിൽ ഞെട്ടിക്കുന്നതായിരുന്നു. എനെർജെറ്റിക്കായ ഡാൻസിലൂടെ കാണികളെ ഇവർ കയ്യിലെടുത്തു.

പൂമരത്തിലെ ‘ഞാനും ഞാനുമെന്റാളും’ എന്ന ഗാനം പാടി സദസ്സിനിടയിൽ നിന്നാണ് കാളിദാസ് വേദിയിലേക്ക് വന്നത്. സദസ്സിന്റെ ആവേശത്തിൽ ചേർന്ന് അവരുടെ ഒപ്പം നിന്നതിനു ശേഷമായിരുന്നു യുവതാരം വേദിയിലേക്ക് വന്നത്. പിന്നാലെ ഉറുമിയിലെ ഗാനത്തിന് ചുവടു വച്ച് ഷെയ്ൻ നിഗവും സ്വാസികയുമെത്തി. ഇതിനു ശേഷമായിരുന്നു നരനിലെ വേൽമുരുകാ... എന്ന ഗാനത്തിനൊപ്പമുള്ള ഇരുവരുടെയും തകർപ്പൻ പ്രകടനം. 

അഭിനയിച്ച സിനിമകളിലൊക്കെ വളരെ മിതത്വമുള്ള കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുള്ള ഷെയ്ൻ വേദിയിൽ തല കുത്തി മറിഞ്ഞു വരെ നൃത്തം ചെയ്തു. കൈ മെയ് മറന്നുള്ള ഷെയിനിന്റെ നൃത്തം കണ്ട കാണികളും അമ്പരന്നു. ഒപ്പം പിടിച്ചു നിൽക്കാൻ കാളിദാസ് പെടാപ്പാടു പെട്ടെങ്കിലും മോശമാക്കിയില്ല. ഇരുവരുടെയും പ്രകടനത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്.