ഇരുപത്തഞ്ചുകാരനായ ഗായകനുമായി പ്രിയങ്ക പ്രണയത്തിൽ ?

ബോളിവുഡിൽ നിന്ന് ഹോളിവുഡിലെത്തി തിളങ്ങിയ പ്രിയങ്ക ചോപ്ര പ്രണയത്തിലെന്നു വാർ‌ത്തകൾ. മുപ്പത്തഞ്ചുകാരിയായ താരം ഇരുപത്തഞ്ചുകാരനായ ഗായകൻ നിക് ജൊനാസുമായി പ്രണയത്തിലാണെന്നാണ് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. പൊതുപരിപാടികളിൽ ഒരുമിച്ച് പങ്കെടുക്കുന്ന ഇവരെ മറ്റു പല സ്ഥലങ്ങളിൽ വെച്ചും ഒന്നിച്ച് കണ്ടതാണ് വാർത്തകൾ സ്ഥിരീകരിക്കാനുള്ള കാര്യമായി ചൂണ്ടിക്കാട്ടപ്പെടുന്നത്. 

കഴിഞ്ഞ വർഷം നടന്ന ഒരു സ്വകാര്യ ചടങ്ങിൽ വെച്ചാണ് ഇരുവരും കണ്ടുമുട്ടുന്നത്. അന്ന് റെഡ് കാർപ്പെറ്റിൽ ഇവരൊന്നിച്ച് ഫൊട്ടോയ്ക്ക് പോസ് ചെയ്തിരുന്നു. അതോടെയാണ് ഇവരെക്കുറിച്ച് ഗോസിപ്പുകൾ പരക്കാൻ തുടങ്ങിയത്. ഒരു അഭിമുഖത്തിൽ‌ പ്രിയങ്കയോട് ഇതെക്കുറിച്ച് ചോദ്യം ഉണ്ടായെങ്കിലും അവർ അത് ചിരിച്ചു തള്ളുകയായിരുന്നു.

അമേരിക്കയിലെ അറിയപ്പെടുന്ന ഗായകനാണ് നിക് ജോനാസ്. പ്രിയങ്കയും ഇപ്പോൾ ഹോളിവുഡിൽ അപരിചിതയല്ല. ഇരുവർക്കും ഒട്ടേറെ ആരാധകരുമുണ്ട്. എന്നാൽ ഇവർ ഒന്നിക്കുമോ എന്ന കാര്യത്തിൽ ആർക്കും ഒരുറപ്പുമില്ല.