Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘ആൺകുട്ടികളോട‌ു മിണ്ടിയതിന് അച്ഛന്റെ തല്ലു വാങ്ങിയ കൂട്ടുകാരി എനിക്കുണ്ടായിരുന്നു’

sayanora-nnenu

പ്രണയ വിവാഹത്തിന്റെ പേരിൽ വധുവിന്റെ വീട്ടുകാർ വരനെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികരണവുമായി ഗായികയും സംഗീത സംവിധായികയുമായ സയനോര. ആൺസുഹൃത്തുക്കളോട് സംസാരിച്ചതിന്റെ പേരിൽ അച്ഛന്റെയും ആങ്ങളയുടെയും മർദനം ഏറ്റുവാങ്ങേണ്ടി വന്നിരുന്ന ഒരു കൂട്ടുകാരി തനിക്കുണ്ടായിരുന്നെന്നും പ്രണയത്തിനും പെൺകുട്ടികൾക്കുമിടയിലെ മതിലുകൾ പൊളിഞ്ഞുവീണിട്ടില്ലെന്നും സയനോര പറയുന്നു. 

സയനോരയുടെ കുറിപ്പ് വായിക്കാം

ഏതാനും നാളുകൾക്ക് മുന്നേ ഒരു വാട്ട്സാപ്പ് ഫോർവേഡ് കിട്ടി. ആദ്യം ഒരു തമാശ ആണെന്നാണ് തോന്നിയത്. മുഴുവൻ വായിച്ചു നോക്കിയപ്പോൾ ആണ് മനസ്സിലായത് അതിലെ നിഗൂഢത. നമ്മുടെ കുട്ടികൾ പ്രണയ ബന്ധത്തിൽ അകപ്പെടാതിരിക്കാൻ മാതാപിതാക്കൾക്ക് കുറേ നിർദ്ദേശങ്ങൾ നൽകുന്ന ഒരു മെസ്സേജ് ആണത്. സൂക്ഷിച്ചാൽ ദുഖിക്കേണ്ട എന്നോ മറ്റോ പറഞ്ഞ് അവസാനിപ്പിക്കുന്ന ഒന്ന്. കഷ്ടം എന്നല്ലാതെ എന്ത് പറയാൻ ?

കുഞ്ഞുങ്ങൾ ജനിക്കുന്നത് മുതൽ അവർ എന്ത് കഴിക്കണം, എന്ത് ഉടുക്കണം, എന്ത് പഠിക്കണം, ആരോട് കൂട്ട് കൂടണം, എന്ത് ആവണം? ആരെ കല്യാണം കഴിക്കണം, ഏതു മതവിഭാഗത്തിൽ നിന്ന്, എത്ര ശമ്പളം ഉള്ളവനെ.. എന്നിങ്ങനെ ഓരോ മാതാപിതാക്കളും ആലോചിച്ചു കൂട്ടുന്ന ഒരു ലിസ്റ്റ് ഉണ്ടല്ലോ ? അത് ആദ്യം എടുത്ത് അങ്ങ് കത്തിച്ചു കളയുക. എന്നിട്ട് സമൂഹത്തിനു ഗുണം ചെയ്യുന്ന, മതത്തിനും, രാഷ്ട്രീയത്തിനും, വർണ വിവേചനങ്ങൾക്കുമപ്പുറം ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയുന്ന ഒരു മനുഷ്യനായി വളർത്താൻ അവനെയോ അവളെയോ പര്യാപ്‌തകമാക്കുക.... ഇല്ലെങ്കിൽ നമ്മുടെ ഈ സാക്ഷര കേരളത്തിന്റെ കപടവ്യവസ്ഥിതിയുടെ ഇരകൾ ആവാൻ കെവിൻ ഇനിയും മരിച്ചു കൊണ്ടേ ഇരിക്കും.

കോളജിൽ പഠിക്കുന്ന കാലത്ത് എന്റെ കൂട്ടുകാരി ആൺസുഹൃത്തുക്കളോടു സംസാരിക്കാറില്ലായിരുന്നു. ആരെങ്കിലും ഇങ്ങോട്ടുവന്നു സംസാരിച്ചാൽ ഭയന്നുവിറച്ചാണു മറുപടി പറഞ്ഞിരുന്നത്. കാരണം, വീട്ടിലെത്തിയാൽ അതിന്റെ പേരിൽ അച്ഛനും ആങ്ങളമാരും മർദിക്കുമത്രേ. സ്വാതന്ത്ര്യമനുഭവിച്ചു വളർന്ന എന്നെ സംബന്ധിച്ചിടത്തോളം ഞെട്ടലുണ്ടാക്കിയ അറിവായിരുന്നു അത്. നീനുവിനു സംഭവിച്ചതു കാണുമ്പോൾ, വർഷങ്ങൾക്കു ശേഷവും പ്രണയത്തിനും പെൺകുട്ടികൾക്കുമിടയിലെ മതിലുകൾ പൊളിഞ്ഞുവീണിട്ടില്ല എന്നതു നടുക്കമുണ്ടാക്കുന്നു. 

പെൺകുട്ടികൾ ആരെ പ്രണയിക്കണം, വിവാഹം കഴിക്കണം, ഏതു ജോലി തിരഞ്ഞെടുക്കണം എന്നിവയിലെല്ലാം പൂർണ അധികാരം ഇപ്പോഴും മാതാപിതാക്കൾക്കാണ്. സ്നേഹമുള്ള  മനുഷ്യനെക്കാൾ നമ്മുടെ ജാതിയാണ്, മതമാണ് കൂടുതൽ മികച്ചതെന്നു കുട്ടികളെ പഠിപ്പിക്കുന്നു. അതിനാലാണ് ദലിതൻ, സഹോദരിയുടെ ഭർത്താവായിരിക്കാൻ യോഗ്യനല്ലെന്ന് അവർക്കു തോന്നുന്നത്. 

എന്റെ അനുജൻ വിവാഹം ചെയ്തത് ഹിന്ദുമത വിശ്വാസിയായ പെൺകുട്ടിയെ ആണ്. മതംമാറി ക്രിസ്ത്യാനിയാകാൻ അവളോട് ഞങ്ങളാരും ആവശ്യപ്പെട്ടില്ല. അവൻ ക്രിസ്ത്യാനിയായും അവൾ ഹിന്ദുവായും ജീവിക്കുന്നു. ഞാൻ തികഞ്ഞ ക്രിസ്തുമത വിശ്വാസിയാണ്. പക്ഷേ, എന്റെ മകൾക്ക് എല്ലാ മതങ്ങളെക്കുറിച്ചും പറഞ്ഞുകൊടുക്കുന്നുണ്ട്. നാളെ മറ്റേതെങ്കിലും മതം അവൾക്കു കൂടുതൽ നന്മയുള്ളതായി തോന്നിയാൽ അതു തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം അവൾക്കുണ്ട്. നീനുവിന്റെ കണ്ണീർ വെറുതെയാവില്ല; മതത്തിന്റെയും ജാതിയുടെയും സമ്പത്തിന്റെയും വേർതിരിവുകളില്ലാത്ത ഒരു ലോകം വരും.