എസ്.ജാനകി അന്തരിച്ചുവെന്ന് വ്യാജ പ്രചരണം

എസ്. ജാനകി അന്തരിച്ചുവെന്ന് വാട്സാപ്പിൽ വ്യാജ പ്രചരണം. ജാസകിയുടെ ചിത്രത്തോടൊപ്പം ‘എസ് ജാനകിയമ്മ വിടവാങ്ങി, ഗാനകോകിലം എസ്. ജാനകിയമ്മക്ക് കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ, പ്രണാമം’ എ​ന്നെഴുതിയായിരുന്നു പ്രചാരണം. ഞായറാഴ്ച ഉച്ചമുതലാണ് സമൂഹമാധ്യമങ്ങൾ വഴി ഈ വാർ‌ത്ത പ്രചരിച്ചത്.

മീര ജാസ്മിൻ നായികയായി എത്തിയ പത്തു കൽപനകളിലെ ഒരു ഗാനത്തോ‌ടെ ചലചിത്ര ഗാനരംഗത്തോടു വിട പറഞ്ഞ ജാനകി, മൈസൂരിൽ നടന്ന സംഗീത നിശ അവസാനത്തേതാണെന്നും വിശ്രമ ജീവിതത്തിലേക്കു തിരിയുകയാണെന്നും പ്രഖ്യാപിച്ചിരുന്നു. ഇതിനുശേഷം പൊതുവേദകളിൽ നിന്നും വിട്ടു നിൽക്കുകയായിരുന്നു അവർ. 

പ്രശസ്ത വ്യക്തികൾ മരിച്ചുവെന്ന വ്യാജ പ്രചാരണം സമൂഹ മാധ്യമങ്ങളിൽ പലപ്പോഴായി ഉണ്ടാകാറുണ്ട്. സിനിമാ താരങ്ങളായ  സലീം കുമാർ, മാമുക്കോയ, വി.കെ ശ്രീരാമൻ, സീരിയൽ താരം അനു ജോസഫ് എ​ന്നിവർ ഇത്തരം പ്രചാരണത്തിനു ഇരയായിട്ടുണ്ട്. തങ്ങൾ മരിച്ചിട്ടില്ലെന്നു പ്രസ്താവനയിറക്കാൻ ഇൗ താരങ്ങളെല്ലാം നിര്‍ബന്ധിതരാവുകയും ചെയ്തു. 

ഇതിനു മുൻപും എസ്. ജാനകി മരിച്ചെന്നും ആരോഗ്യനില മോശമാണെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിട്ടുണ്ട്. 1957 ൽ വിധിയൻ വിളയാട്ട് എന്ന തമിഴ് ചിത്രത്തിലൂടെയാണ് ആന്ധ്രപ്രദേശ് സ്വദേശിയായ ജാനകി ചലച്ചിത്ര പിന്നണി ഗാനരംഗത്തെത്തുന്നത്. പിന്നീട് ഇന്ത്യയിലെ വിവിധ ഭാഷകളിലായി നിരവധി ഗാനങ്ങൾ ആലപിച്ചു. ആറു പതിറ്റാണ്ടു നീണ്ട സംഗീത ജീവിതത്തിൽ  മികച്ച ഗായികക്കുള്ള ദേശീയ അവാർഡ് നാലു തവണ ജാനകിയെ തേടിയെത്തി. താരാട്ടു പാട്ടുകളാണ് ജാനകിയെ മലയാളികൾക്കു പ്രിയങ്കരിയാക്കിയത്. എന്തായാലും തങ്ങളുടെ പ്രിയപ്പെട്ട ജാനകിയമ്മയ്ക്ക് ഒന്നും സംഭവിച്ചിട്ടില്ലെന്ന ആശ്വാസത്തിലാണ് സംഗീതലോകം.