'അവന്റെ'യും 'അവളുടെ'തുമായി പ്രിയങ്കയും നിക് ജോനാസും; ഒരു പ്രണയ കാവ്യം

പ്രിയങ്കാ ചോപ്രയും അമേരിക്കൻ ഗായകൻ നിക് ജോനാസും  തമ്മിലുള്ള പ്രണയത്തെ ചുറ്റിപ്പറ്റിയുള്ള കഥകളാണിപ്പോൾ ബോളിവുഡിലെ പ്രധാന സംസാര വിഷയം. സമൂഹമാധ്യമങ്ങളിലെ ഇരുവരുടെയും പേജുകളിലും ഇരുവരുടെയും ബന്ധത്തെ പറ്റിയുള്ള അഭിപ്രായ പ്രകടനമാണ്. എന്നാൽ, അടുത്ത ദിവസങ്ങളിലായി സമൂഹമാധ്യമങ്ങളിലുള്ള ഇരുവരുടെയും ഇടപെടൽ കാണുമ്പോൾ കഥകൾക്ക് അൽപം എരിവും പുളിയും നൽകാനാണ് ഇരുവരുടെയും തീരുമാനം എന്നു തോന്നും. 

അടുത്തിടെ ബ്രസീലിൽ നിക് ജോനാസും നടത്തിയ സംഗീത പരിപാടിയുടെ വിഡിയോ പ്രിയങ്ക തന്റെ ഇൻസ്റ്റഗ്രാമിലൂടെ ഷെയർ ചെയ്തു. എന്നാൽ, അതോടൊപ്പമിട്ട കമന്റിലാണ് ആരാധകരുടെ കണ്ണുടക്കിയത്. ഇംഗ്ലീഷിൽ Him... എന്നെഴുതി കണ്ണിൽ ഹൃദയമുള്ള ഇമോജിയും പ്രിയങ്ക പോസ്റ്റ് ചെയ്തിട്ടുണ്ട്.

ഇതൊരു വെറും വിഡിയോ ഷെയറിങ് അല്ലെന്നാണ് ആരാധകരുടെ നിരീക്ഷണം. ആ ക്യാപ്ഷനും കൂടെ കണ്ണിൽ ഹൃദയമുള്ള  ഇമോജിയും  അല്‍പം സ്പെഷ്യലാണെന്നാണ് ആരാധകരുടെ വിലയിരുത്തല്‍. കാരണം കുറച്ച് ദിവസങ്ങൾക്കു മുൻപ് നിക്കും ഇതുപോലുള്ള പ്രിയങ്കയുടെ  ഒരു ചിത്രം ഷെയർ ചെയ്തിരുന്നു. പ്രിയങ്ക ചോപ്ര ബാൽക്കണിയിലൂടെ നടക്കുന്ന ഒരു വിഡിയോ ആയിരുന്നു അത്.  കൂടെ Her എന്ന് ഇംഗ്ലീഷിലെഴുതി പ്രിയങ്ക പോസ്റ്റ് ചെയ്തതു പോലെ കണ്ണിൽ ഹൃദയമുള്ള ഇമോജിയും പോസ്റ്റ് ചെയ്തിരുന്നു. ഇതിന്റെ തുടർച്ചയാണ് പ്രിയങ്കയുടെ പ്രതികരണമെന്നാണ് ആരാധകർ പറയുന്നത്. 

കുറച്ച് ദിവസങ്ങൾക്കു മുൻപ് ബ്രസീലിലെ വില്ല മിക്സ് ഫെസ്റ്റിനെത്തിയ നിക്കും പ്രിയങ്കയും പരസ്പരം കൈപിടിച്ചാണ് എയർപോർട്ടിൽ നിന്നും പുറത്തിറങ്ങിയത്. മാത്രമല്ല ഇരുവരും ഒരുമിച്ച് വിവിധ പരിപാടികളിൽ പങ്കെടുക്കുകയും ചെയ്തു. ഇരുവരുടെയും പ്രണയം  സംബന്ധിച്ച് നിരവധി കഥകളുണ്ടെങ്കിലും പ്രിയങ്ക ചോപ്രയും നിക് ജോനാസും ഇതുവരെ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല‌