ജാനകി പറഞ്ഞു: ഞാനല്ല, ഇപ്പോൾ നിങ്ങളാണ് ശരിക്കും എസ് ജാനകി

എസ് ജാനകിയുടെ അതേ സ്വരത്തിൽ ഗംഗമ്മ പാടുകയാണ്. 'സത്യം ശിവം സുന്ദരം'...കണ്ണടച്ചു കേട്ടാൽ യഥാർഥത്തിൽ ജാനകി പാടുകയാണെന്നു  കരുതും കേൾവിക്കാർ. പക്ഷെ, ജാനകിയില്ല. ഇതു ഗംഗമ്മ. എസ് ജാനകിയുടെ സ്വരമാധുരി ലഭിച്ച അനുഗ്രഹീത കലാകാരി. 

കർണാടകയിലെ കോപ്പലാണ് ഗംഗമ്മയുടെ നാട്. നാട്ടിലുണ്ടായ ഒരു പരിപാടിയിൽ ഇവർ പാടിയ പാട്ടു സമൂഹമാധ്യമങ്ങളിൽ വൈറലായി. സത്യം ശിവം സുന്ദരം എന്ന ഗാനമാണ് ഗംഗമ്മ പാടിയത്. ഗംഗമ്മയുടെ പാട്ടുകേട്ടവർ സിനിമയിൽ പാടാൻ ഇവർക്ക് അവസരം നൽകണമെന്നു ആവശ്യപ്പെട്ടു ഗാനം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു. തുടർന്ന് ഗംഗമ്മയ്ക്ക് സിനിമയിൽ പാടാനുള്ള അവസരവും ലഭിച്ചു.

പട്ടിണിക്കിടയിലും സംഗീതം കൈവിട്ടില്ല ഗംഗമ്മ. സ്വന്തം ജീവിതാനുഭവങ്ങളെ കുറിച്ചു ഗംഗമ്മ പറയുന്നത് ഇങ്ങനെ. 'ചെറുപ്പം മുതൽ എനിക്ക് സംഗീതത്തോടു വലിയ ഇഷ്ടമായിരുന്നു. പക്ഷെ, എന്റെ അമ്മയ്ക്ക് ഇഷ്ടമായിരുന്നില്ല. ഒരു ദിവസം അമ്മ എന്നെ അടിച്ചു. മൂന്നു ദിവസത്തേക്കു ഭക്ഷണം പോലും നൽകിയില്ല. ഇരുപതു വർഷമായി ഞാൻ പാടുന്നുണ്ട്. പക്ഷെ, അന്നൊന്നും എവിടെയും പരിഗണിക്കപ്പെട്ടിരുന്നില്ല. 'സത്യം ശിവം സുന്ദരം' എന്ന ഗാനം ഞാൻ പാടിയത് വൈറലായി. അന്നു മുതൽ ജനങ്ങൾ എന്റെ പാട്ടിനെ അംഗീകരിക്കാൻ തുടങ്ങി. ഹിന്ദി എനിക്ക് എഴുതാനോ വായിക്കാനോ അറിയില്ല. ആ വരികൾ കന്നടയിൽ എഴുതിയാണ് ഞാൻ പഠിച്ചതും പാടിയതും. 

കർണാടക സർക്കാർ രണ്ടു പുരസ്കാരങ്ങള്‍ എനിക്കു നൽകി. ഇപ്പോൾ എനിക്ക് സിനിമയിൽ പാടാന്‍ ഒരു അവസരവും ലഭിച്ചു. ഇതുവരെ സ്വന്തമായി ഒരു വീടില്ല. ആദ്യമായി ഓർക്കസ്ട്രയിൽ പാടിയപ്പോൾ എനിക്കു വലിയ സന്തോഷം തോന്നി. ഞാനല്ല, നിങ്ങളാണ് ഇപ്പോൾ യഥാർഥത്തിൽ എസ് ജാനകി എന്നായിരുന്നു എന്റെ പാട്ടുകേട്ട് ജാനകിയമ്മ എന്നോടു പറഞ്ഞത്'. 

ഇപ്പോൾ ഗംഗാമ്മ ഒരു ഗായികയായി ഉയരുകയാണ്. ഗംഗമ്മയെ തേടി കന്നഡ സിനിമയിൽ നിരവധി അവസരങ്ങളാണ് വരുന്നത്. സംഗീതം അഭ്യസിക്കാത്ത ഇവർ സിനിമയില്‍ പാടുന്നതിനായി ഇപ്പോൾ  സംഗീതവും അഭ്യസിക്കുന്നു. പത്മാവതി എന്ന സിനിമയിലാണ് ഗംഗമ്മ ഇനി പാടുക. ഏതായാലും ജാനകിയോളം തന്നെ ഗംഗമ്മയെ സ്വീകരിക്കുകയാണ് പാട്ടിനെ പ്രണയിക്കുന്നവർ.