ഇത് യേശുദാസ് സ്വരമല്ല, അഭിജിത്ത് സ്വരം: മമ്മൂട്ടി

'ഒരു കുട്ടനാടൻ ബ്ലോഗ്' എന്ന മമ്മൂട്ടി ചിത്രത്തിന്റെ ഒാഡിയോ ലോഞ്ചിൽ മമ്മൂട്ടി ചേർത്ത് നിർത്തി അഭിനന്ദിച്ച സന്തോഷത്തിലാണ് ഗായകൻ കൊല്ലം അഭിജിത്ത്. യേശുദാസിന്റെ ശബ്ദത്തോട് സാമ്യമുണ്ടെന്ന പേരിൽ അവാർഡ് നഷ്ടമായ സംഭവവും മമ്മൂട്ടി വേദിയിൽ പറഞ്ഞു. അനുഗ്രഹീത ശബ്ദം സ്വന്തമായതിന്റെ പേരിൽ അവഗണന നേരിടേണ്ടി വന്ന ഗായകനാണ് അഭിജിത്തെന്നും ഇൗ ചിത്രത്തിൽ അദ്ദേഹം പാടിയ പാട്ട് മനോഹരമാണെന്നും മമ്മൂട്ടി കൂട്ടിച്ചേർത്തു.

മമ്മൂട്ടിയുടെ വാക്കുകളിങ്ങനെ. ' അഭിജിത്തിനെ കുറിച്ചു ഒരു വാക്കു പറയാതിരിക്കാനാകില്ല. ഇയാളെ പറ്റി വലിയ പരാതിയായിരുന്നു. കഴിഞ്ഞ പ്രാവശ്യം സ്റ്റേറ്റ് അവാർഡിനു പരിഗണിച്ചപ്പോൾ ഇയാൾക്കൊരു ദോഷം പറഞ്ഞത് യേശുദാസിന്റെ ശബ്ദമാണെന്നാണ്. ഞാൻ ലോകത്ത് ആദ്യാമായാണ് യേശുദാസിന്റെ ശബ്ദം ഒരു അയോഗ്യതയായി കേൾക്കുന്നത്. ഇവിടെ എന്നെ പോലുള്ള അറുബോറൻ ശബ്ദമുള്ള വരൊക്കെ യേശുദാസിന്റെ ശബ്ദത്തിൽ പാടാൻ ശ്രമിക്കുന്നവരാണ്. യേശുദാസിന്റെ ശബ്ദം സ്വയമായി ഉണ്ടെന്നു തോന്നിപ്പിക്കുന്ന അഭിജിത്ത് ഈ പാട്ടു പാടിയിട്ട് ഇവിടെ എവിടെയെങ്കിലും യേശുദാസിന്റെ ശബ്ദം നമ്മൾ കേട്ടോ? ഇല്ല. ഇതു പൂർണമായും അഭിജിത്തിന്റെ സ്വരമാണ്. ഞാൻ അഭിജിത്തിനോട് ആവശ്യപ്പെട്ടതും സ്വന്തം സ്വരത്തിൽ പാടാനാണ്'. 

കുട്ടനാടിന്റെ എല്ലാ മനോഹാരിതയും ഉൾപ്പെടുത്താൻ ഈ ഗാനങ്ങളിലൂടെ കഴിഞ്ഞു. പാട്ടുകളെ ഭംഗിയാക്കാൻ കുട്ടനാട്ടിലെ ജനങ്ങൾ നന്നായി സഹകരിച്ചു. അവരോടു നന്ദിയുണ്ടെന്നും മമ്മൂട്ടി കൂട്ടിച്ചേർത്തു. 

ചിത്രത്തിൽ അഞ്ചു ഗാനങ്ങളാണുള്ളത്. ഒരു ഗാനം ആലപിച്ചതു ചലച്ചിത്ര താരം ഉണ്ണി മുകുന്ദനാണ്. നവാഗതനായ ശ്രീനാഥ് ശിവശങ്കരനാണ് ചിത്രത്തിന്റെ സംഗീതം. വിനീത് ശ്രീനിവാസൻ, റിമി ടോമി എന്നിവരും ഗാനം ആലപിച്ചു.. ഓണത്തിനു 'ഒരു കുട്ടനാടൻ ബ്ലോഗ്' തീയറ്ററിലെത്തും.