ആലിംഗനം ചെയ്തു സുജാത; അമ്പരന്നു സദസ്സ്

വിധികർത്താക്കളെ അമ്പരപ്പിച്ചു  വേദിയില്‍  മത്സരാർഥിയുടെ മികച്ച പ്രകടനം. മഴവിൽ മനോരമയിലെ സംഗീത പരിപാടിയായ സൂപ്പർ ഫോറിലാണ് മത്സരാർഥിയായ വിഷ്ണു അതിശയിപ്പിക്കുന്ന പ്രകടനവുമായി എത്തിയത്. 'ഗര്‍ഷോം' എന്ന സിനിമയിലെ 'പറയാൻ മറന്ന പരിഭവങ്ങൾ' എന്ന ഗാനമായിരുന്നു വിഷ്ണു പാടിയത്. പാട്ടു കേട്ട ശേഷം വിധികർത്താവായ സുജാത സീറ്റിൽ നിന്നെഴുന്നേറ്റു വിഷ്ണുവിനെ ആലിംഗനം ചെയ്തു. 

വിഷ്ണുവിന്റെ ആലാപനത്തിൽ കാണികളും വിധികർത്താക്കളും അതിശയിച്ചു. ഇത്രയും മനോഹരമായി ഈ ഗാനം  കേട്ടിട്ടില്ലെന്നായിരുന്നു വിധികർത്താക്കളുടെ വിലയിരുത്തൽ. വിഷ്ണുവിന്റെ പാട്ടുകേട്ട ശേഷം സംഗീത സംവിധായകൻ ദീപക് ദേവ് എഴുന്നേറ്റുനിന്നു കയ്യടിച്ചു. ‘എന്താണു പറയേണ്ടതെന്നറിയില്ല. വെറുതെ രമേഷ് നാരായണന്റെ ഗാനം എടുത്തു വേദിയിൽ പാടാനാകില്ല. അതിൽ നൽകിയിരിക്കുന്ന എല്ലാ ഭാവങ്ങളും നൽകിയാണു വിഷ്ണു പാടിയത്’ - ദീപക് ദേവ് പറഞ്ഞു. 

വിഷ്ണു അസാധ്യമായി പാടി എന്നായിരുന്നു സംഗീത സംവിധായകൻ ശരത്തിന്റെ പ്രതികരണം. നാളത്തെ പാട്ടുകാരനാണ് വിഷ്ണു എന്നും ശരത്ത് പറഞ്ഞു. 

നൂറു ശതമാനം നീതി പുലർത്തിയാണ് ഈ ഗാനം വിഷ്ണു വേദിയിൽ അവതരിപ്പിച്ചതെന്നു ഷാൻ റഹ്മാനും പറഞ്ഞു. ഏതായാലും മുഴുവൻ മാർക്കും നേടിയാണ് മത്സരാർഥി വേദി വിട്ടത്. 

പി.ടി. കുഞ്ഞ മുഹമ്മദിന്റെ സംവിധാനത്തിൽ, മുരളി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച് 199 9ൽ പുറത്തിറങ്ങിയ ചിത്രമാണ് 'ഗർഷോം'. റഫീഖ് അഹമ്മദിന്റെ വരികൾക്കു രമേഷ് നാരായണനാണ് സംഗീതം. ഹരിഹരനാണ് ഗാനം ആലപിച്ചത്.