ഇതാ എത്തി; മമ്മൂട്ടിക്കു പ്രിയപ്പെട്ട ആ ഗാനം

മമ്മൂട്ടി നായകനാകുന്ന 'ഒരു കുട്ടനാടൻ ബ്ലോഗി'ലെ പുതിയ ഗാനം എത്തി. 'മാനത്തെ മാരിവിൽ' എന്നു തുടങ്ങുന്ന ഗാനമാണ് എത്തിയത്. റഫീക്ക് അഹമ്മദിന്റെതാണു വരികൾ. നവാഗതനായ ശ്രീനാഥ് ശിവശങ്കരാണു സംഗീതം. വിജയ് യേശുദാസും മൃദുല വാര്യരും ചേർന്നാണു ഗാനം ആലപിച്ചിരിക്കുന്നത്. 

മനോഹരമായ പ്രണയഗാനമാണു 'മാനത്തെ മാരിവിൽ'. ഓണാഘോഷവും മലയാളത്തനിമയും ഗാനരംഗങ്ങൾക്കു മാറ്റുകൂട്ടുന്നു. മമ്മൂട്ടി, റായ് ലക്ഷ്മി, അനു സിത്താര, ഷംന കാസിം എന്നിവരാണ് ഗാനരംഗങ്ങളിൽ എത്തുന്നത്. 

അടുത്തകാലത്തൊന്നും മമ്മൂട്ടിയുടെ ഇത്രയും മനോഹരമായ ഒരു പ്രണയഗാനം എത്തിയിട്ടില്ലെന്നായിരുന്നു ചിത്രത്തിന്റെ സംഗീത സംവിധായകൻ ശ്രീനാഥ് ശിവശങ്കരന്റെ പ്രതികരണം. 'ഒരു കുട്ടനാടൻ ബ്ലോഗി'ൽ മമ്മൂട്ടിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഗാനം ഇതാണെന്നും ശ്രീനാഥ് പറഞ്ഞു. 

അഞ്ചുഗാനങ്ങളാണു ചിത്രത്തിലുള്ളത്. വിജയ് യേശുദാസ്, റിമി ടോമി, ഹരിചരൺ, സിയ ഉൽഹക്ക്, വിനീത് ശ്രീനിവാസൻ, ഉണ്ണി മുകുന്ദൻ, അഭിജിത്ത് കൊല്ലം, ശ്രീനാഥ് ശിവശങ്കരൻ, രഞ്ജിത്ത് ഉണ്ണി എന്നിവരാണു ഗാനം ആലപിച്ചിരിക്കുന്നത്. അടുത്തമാസം ചിത്രം തീയറ്ററുകളിലെത്തും.