ആ പ്രണയഗാനവുമായി വീണ്ടും കുഞ്ചാക്കോ ബോബൻ; കയ്യടിച്ച് അമ്മ

'മുല്ലവള്ളിയും തേന്‍മാവും' എന്ന ചിത്രത്തിലെ 'താമര നൂലിനാൽ' എന്ന ഗാനരംഗം വേദിയിൽ അവതരിപ്പിച്ചു മലയാളിയുടെ പ്രിയതാരം കുഞ്ചാക്കോ ബോബൻ. വേദിയിലെ മകന്റെ പ്രകടനം കണ്ടു സദസ്സിലിരുന്നു കയ്യടിക്കുകയായിരുന്നു അമ്മ. മഴവിൽ മനോരമയുടെ നായിക നായകൻ ഷോയിലായിരുന്നു കുഞ്ചാക്കോ ബോബന്റെ പ്രകടനം. 

'മതിലുകൾ' എന്ന റൗണ്ടിൽ അവതാരകരുടെ ആവശ്യപ്രകാരമായിരുന്നു കുഞ്ചാക്കോ ബോബൻ ഗാനത്തിനു ചുവടുവച്ചത്. മത്സരാർഥിയായ മാളവികയും താരത്തിനൊപ്പം എത്തി. തുടർന്നു ഇരുവരും ചേർന്നു വേദിയിൽ അവിസ്മരണീയമായ പ്രകടനം കാഴ്ച വയ്ക്കുകയായിരുന്നു. പരിപാടി കാണാൻ എത്തിയ കുഞ്ചാക്കോ ബോബന്റെ അമ്മയും ഇരുവരെയും അഭിനന്ദിച്ചു. ആ ഗാനത്തിനു വേണ്ട എല്ലാ ഭാവങ്ങളും നൽകിയായിരുന്നു ഇരുവരുടെയും അഭിനയമെന്ന് സംവൃത സുനിൽ പറഞ്ഞു. 

കുഞ്ചാക്കോ ബോബൻ തന്നെ പ്രധാന വേഷത്തിലെത്തിയ ചിത്രമായിരുന്നു 'മുല്ലവള്ളിയും തേൻമാവും'. അന്നുമുതൽ ആസ്വാദക മനസ്സിൽ ഇടം പിടിച്ചതാണു ചിത്രത്തിലെ ഈ ഗാനം. മനോഹരമായ പ്രണയഗാനമായാണു 'താമര നൂലിനാൽ'  എത്തിയത്. ഗിരീഷ് പുത്തഞ്ചേരിയുടെ വരികൾക്ക് ഔസേപ്പച്ചനാണ് ഈണം പകർ‌ന്നിരിക്കുന്നത്. ജി. വേണുഗോപാലും ഗായത്രി അശോകനും ചേർന്നാണു ഗാനം ആലപിച്ചിരിക്കുന്നത്.