മമ്മൂക്ക പറയും, എടാ നിന്നെയൊന്നും പറഞ്ഞിട്ടു കാര്യമില്ല: മനോജ് കെ ജയൻ

ആസ്വാദകർ എന്നും കേൾക്കാൻ കൊതിക്കുന്ന ഗാനങ്ങൾ ആലപിച്ചു മലയാളിയുടെ പ്രിയതാരം മനോജ് കെ. ജയൻ. പാട്ടുപാടുക എന്നത് ഏതൊരു സാധാരണക്കാരന്റെയും സ്വപ്നമാണ്. എല്ലാവരും പാടട്ടെയെന്നും മനോജ് പറഞ്ഞു. മനോരമ ഓൺലൈന്റെ 'ഐ മീ മൈസെൽഫിൽ' ആയിരുന്നു മനോജ് കെ. ജയന്റെ പ്രതികരണം. 

മനോജ് കെ. ജയന്റെ വാക്കുകൾ ഇങ്ങനെ: 'സിനിമയിൽ അഭിനയിക്കുക എന്നത് എല്ലാവരുടെയും സ്വപ്നമാണ്. അതിലും നൂറിരട്ടി വലിയ സ്വപ്നമാണ് ഒരു പാട്ട് ഒരു വേദിയിൽ പാടുക എന്നത്. എല്ലാ നടൻമാരും അത്യാവശ്യം പാടുന്നവരാണ്. ഞാൻ ആകെ പാടിയിരിക്കുന്നത് രണ്ടു സിനിമയിലാണ്. മമ്മൂക്ക മൂന്നു സിനിമയിൽ പാടിയിട്ടുണ്ട്. പാട്ടിനോടുള്ള ഇഷ്ടമാണ്, ആഗ്രഹമാണ് അത്.  ചിലപ്പോൾ ചുമ്മാ ഞങ്ങളുടെ സെറ്റിൽ ഞാനും സിദ്ദിഖും എല്ലാം ഇരുന്നു പാടുമ്പോൾ മമ്മൂക്ക പറയും ."എടാ നിന്നെയൊന്നും പറഞ്ഞിട്ടു കാര്യമില്ല. ഇത്രയും കഴിവുകൾ നൽകിയിട്ടു അത് മര്യാദയ്ക്ക് കൊണ്ടു പൊയ്ക്കൂടെ മനുഷ്യനിവിടെ പാടാൻ കിടന്നു കൊതിക്കുകയാണ്. കഷ്ടം." മമ്മൂക്കയ്ക്കു പാട്ടുപാടാൻ അത്രയും ആഗ്രഹമാണ്. മമ്മൂക്കയുടെ കയ്യിലുള്ള കലക്‌ഷനൊക്കെ കണ്ടാൽ നമ്മൾ ഞെട്ടിപ്പോകും. അത്ര അധികം പാട്ടുകൾ ഉണ്ട്. എനിക്ക് അവസരം കിട്ടിയാൽ ഞാനും പാടും. ഞാൻ അതിനു വേണ്ടി ശ്രമിക്കാറില്ല. ഒരു സംഗീതജ്ഞന്റെ മകനായി പാടുമ്പോൾ ആളുകൾ ആ കണ്ണിൽ കാണുമല്ലോ. അതിനെ കൂടുതൽ സൂം ചെയ്യുമല്ലോ എന്നൊക്കെയുള്ള പേടികൊണ്ടാണ് ഞാൻ അധികം പാടാത്തത്. പക്ഷേ, എനിക്കും പാട്ടിൽ താത്പര്യമൊക്കെയുണ്ട്. നല്ല അവസരങ്ങൾ വന്നാൽ ഞാൻ പാടും.' 

‘അഭിനയിച്ച പാട്ടുകളിൽ, ഒരുപാടു സ്റ്റേജുകളിൽ പാടിയ ഗാനമാണ് കുടുംബസമേതത്തിലെ ‘നീലരാവിൽ ഇന്നു നിന്റെ’. 1992 ൽ ഇറങ്ങിയ സിനിമയായിരുന്നു അത്. ആ കാലഘട്ടത്തിലെ ഫങ്ഷനുകളിലും ഞാൻ ആ ഗാനം പാടിയിട്ടുണ്ട്’- മനോജ് പറഞ്ഞു

സലീൽ ദാ യുടെ ‘കാതിൽ തേൻമഴയായ്’ എന്നഗാനത്തിന്റെ കോംപോസിഷൻ വളരെ ബുദ്ധിമുട്ടാണെന്നു പറഞ്ഞ മനോജ്, ആ ഗാനത്തിന്റെ അനുപല്ലവി അതിമനോഹരമായി പാടുകയും ചെയ്തു. ജീവിതത്തിൽ ഏറ്റവും കൂടുതൽ ആരാധിച്ചിരുന്ന സലില്‍ ദായുടെ ഗാനത്തിൽ അഭിനയിക്കാൻ കഴിഞ്ഞതിൽ സന്തോഷം തോന്നുന്നതായും മനോജ് പറഞ്ഞു. തുടർന്ന് ‘കരയറിയില്ല’, ‘എന്തേ മുല്ലേ പൂക്കാത്തൂ’, ‘തിര നുരയും’, ‘അന്തിക്കടപ്പുറത്ത്’ എന്നീ ഗാനങ്ങളും മനോജ് കെ. ജയന്‍ പാടി. ‌അന്തിക്കടപ്പുറത്ത് എന്ന ഗാനം പാടാതെ ഇത് അവസാനിപ്പിക്കാനാകില്ലല്ലോ എന്നു പറഞ്ഞായിരുന്നു ഗാനം ആലപിച്ചത്. മുരളിയോടൊപ്പം ഒരിക്കലും മറക്കാനാകാത്ത ഒരു അനുഭവമാണ് ആ ഗാനമെന്നും മനോജ് കെ. ജയൻ പറഞ്ഞു.