Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പിന്നെ എന്തിനാണ് നീ ഞങ്ങൾക്കു പ്രതീക്ഷ തന്നത്? വേദനയോടെ വിധു

vidhu-balu

വയലിനിസ്റ്റ് ബാലഭാസ്കറിന്റെ അപ്രതീക്ഷിത വിയോഗത്തിന്‍റെ വേദനയിലാണ് കലാലോകം. ബാലുവിന്റെ സുഹൃത്തുക്കൾക്ക് ആ മരണം ഇപ്പോഴും ഉൾക്കൊള്ളാനായിട്ടില്ല. കലാരംഗത്തുള്ളവർക്ക് മാത്രമല്ല ബാലഭാസ്കറിനെ നെഞ്ചേറ്റിയ ഓരോ മലയാളിക്കും അത് അടങ്ങാത്ത വേദനയാകുന്നു. ഗായകനും ബാലഭാസ്കറിന്റെ സുഹൃത്തുമായ വിധു പ്രതാപിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് കണ്ണീരോടെയല്ലാതെ വായിക്കാൻ കഴിയില്ല.

'പിന്നെ എന്തിനായിരുന്നു നീ ഇന്നലെ ഞങ്ങൾക്ക് പ്രതീക്ഷ തന്നത്??? ഇങ്ങനെ പറ്റിക്കാമോടാ ഞങ്ങളെ?' എന്ന് ഫെയ്സ്ബുക്കില്‍ കുറിച്ചാണ് വിധു വേദന പങ്കുവച്ചത്. ബാലഭാസ്കര്‍ ചികിത്സയിലിരിക്കെ ആശുപത്രിയുമായി സദാസമയവും ബന്ധം പുലര്‍ത്തിയവരില്‍ ഒരാളാണ് വിധു. ബാലഭാസ്കർ ചികിത്സയിൽ കഴിയുന്ന സമയത്ത് ഓരോ വിവരങ്ങളും പങ്കുവച്ചിരുന്നത് വിധുവാണ്

ബാലഭാസ്കറിനെ ഇന്നലെ കയറി കണ്ടതിലുള്ള സന്തോഷം സ്റ്റീഫൻ ദേവസിയും പങ്കുവച്ചിരുന്നു. 20 മിനിറ്റോളം ബാലുവുമായി സംസാരിച്ചുവെന്നും തിരിച്ചു വരണമെന്ന ആഗ്രഹം പങ്കുവച്ചിരുന്നുവെന്നും സ്റ്റീഫൻ ഫെയ്സ്ബുക്കിലൂടെ പറഞ്ഞിരുന്നു. ഈ ആശ്വാസത്തിലായിരുന്നു വിധു പ്രതാപ് അടക്കമുള്ള ബാലുവിന്റെ സുഹൃത്തുക്കൾ. എന്നാൽ പുലർച്ചെ ഹൃദയാഘാതത്തോടെ ബാലഭാസ്കർ ലോകത്തോടു വിട പറഞ്ഞു.

ജീവിതത്തിലേക്ക് തിരിച്ചുവരുമെന്ന തോന്നലുയര്‍ത്തിയിട്ടായിരുന്നു ബാലഭാസ്കര്‍ അകാലത്തില്‍ വിടപറഞ്ഞത്.  കാറപകടത്തില്‍പെട്ട് സ്വകാര്യ ആശുപത്രിയില്‍ അതീവ ഗുരുതരാവസ്ഥയില്‍ കഴിഞ്ഞിരുന്ന ബാലഭാസ്കറിന്റ ആരോഗ്യ നില കഴിഞ്ഞദിവസം നേരിയ തോതില്‍ മെച്ചപ്പെട്ടിരുന്നു. എന്നാല്‍ പുലര്‍ച്ചെ ഒരു മണിയോടെയുണ്ടായ ഹൃദയസ്തംഭനം പ്രതീക്ഷകളും പ്രാര്‍ഥനകളും വിഫലമാക്കി.