Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

'എന്റെ ബാലൂ...നിന്റെ ഹൃദയം മുഴുവന്‍ അവളായിരുന്നു', കണ്ണീരായി ഈ സൗഹൃദം

ebalabhaskar-orma

'എന്റെ ബാലൂ.. നിന്നോട് എന്താ പറയുക.. പതിവുപോലെ നീ എന്നോട് എന്തോ കാര്യത്തിന് പിണങ്ങിയിരിക്കുവാണെന്ന് കരുതുന്നു...'' ബാലുവിനെക്കുറിച്ചുള്ള ഓർമകൾ പ്രിയപ്പെട്ടവരെ ഇപ്പോഴും നോവിപ്പിക്കുന്നുണ്ട്. ബാലഭാസ്കറിന്‍റെ ആദ്യ ബാന്‍ഡ് സോങ്ങിനൊപ്പും കണ്ണു നനയിക്കുന്ന കുറിപ്പാണ് സുഹൃത്തും കവിയുമായ ജോയ് തമലം ഫെയ്സ്ബുക്കില്‍  കുറിച്ചത്. ഈ പാട്ട് ചിത്രീകരിക്കുമ്പോള്‍ ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മി അവരുടെ ക്ലാസിന്റെ മുന്നിലുണ്ടായിരുന്നെന്നും പോസ്റ്റില്‍ പറയുന്നു.  പിണങ്ങിയിരിക്കുന്ന ബാലുവിനെ ഈ വിഡിയോയെക്കുറിച്ച് ഓര്‍മ്മിപ്പിക്കുന്ന തരത്തിലാണ് പോസ്റ്റ്.

ഫെയ്സ് ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം:

എന്റെ ബാലൂ.. നിന്നോട് എന്താ പറയുക.. പതിവുപോലെ നീ എന്നോട് എന്തോ കാര്യത്തിന് പിണങ്ങിയിരിക്കുവാണെന്ന് കരുതുന്നു..ഈ പാട്ട് ചിത്രീകരിക്കുമ്പൊ ലക്ഷ്മി അവളുടെ ക്ലാസിന്റെ മുന്നിലുണ്ടായിരുന്നത് നീ ഓർക്കുന്നുണ്ടോ, നിന്റെ ഹൃദയം മുഴുവൻ അവളായിരുന്നു .. നിന്റെ പുഞ്ചിരിയിൽ പ്രണയം നിറഞ്ഞിരുന്നു.. പിന്നെയും ഉണ്ട് പാട്ടിനുള്ളിലെ വിശേഷം..

എടാ നീ ഓർക്കുന്നുണ്ടോ നമ്മളീ പാട്ടിലൊളിപ്പിച്ച രണ്ട് പേരുകാരെ,നമ്മുടെ സ്വന്തം ഷറഫുദീൻ റാസിക്കും അവന്റെ പ്രിയപ്പെട്ട ഒലീനയും അവരുടെ പേരുകളാണ് നമ്മളെടെത്ത് ഫ്യൂഷനടിച്ചത്. അവരിപ്പൊ കല്യാണമൊക്കെ കഴിഞ്ഞ് സുഖമായിരിക്കുന്നു.ഷറഫന്ന് കോളജിലെ നല്ല ഡാൻസറായിരുന്നു. അവനെകൊണ്ട് പാട്ടിനിടയിൽ തനു ബാലക് ഡാൻസ് ചെയ്യിക്കുയും ചെയ്തിരുന്നു. ഇതുപോലെ എൻ നെഞ്ചിലെ എന്ന പാട്ടിനിടയിലും നമ്മളൊരു പേരൊളിപ്പിച്ചു, ഹസീന എന്നാണ് പേര്,നമ്മുടെ ഷാനൊപ്പം പഠിച്ചിരുന്ന പെൺകുട്ടിയുടെ ചേച്ചിയുടെ പേരാണ് , അവരുടെ കല്യാണക്കുറിയിൽ നിന്നാണ് ആ പേര് ഞാൻ അടിച്ച് മാറ്റി നിനക്ക് തന്നത്. ഷാൻ ഇപ്പൊ ഇഷാൻ ദേവായി തമിഴിലെ പെരിയ സംഗീത കാരനായി. പലപ്പൊഴും നീ ഒന്നും ഓർക്കാറില്ലല്ലോ.. ഈ പാട്ടുകളൊക്കെ നമ്മുടെ ജീവനായിരുന്നില്ലേ..

എന്നെ കൊണ്ട് പാട്ടെഴുതിക്കാൻ ഗാനമേള മത്സരത്തിന് തയ്യാറയതു പോലും നീ മറന്നിരിക്കും. പിണക്കം മാറുമ്പൊ നീ വിളിക്ക് .. അപ്പൊ നമുക്ക് ബാലലീലയിൽ നമ്മടെ ജാനിക്കൊപ്പം കൂടാം.. 

ലക്ഷ്മി നിനക്കായി കൊണ്ടു വരുന്ന ഫ്രൂട്ട് സലാഡിന്റെ നല്ലൊരു പങ്ക് ഞാൻ അകത്താക്കുകയും ചെയ്യും.. അപ്പൊ മറക്കല്ലേ പിണക്കം മാറുമ്പൊ വിളിക്ക്..നീ വിളിച്ചാൽ ഏത് നട്ടപ്പാതിരയ്ക്കും ഞാനെത്തും..